
ചരിത്രത്തെ നിർമ്മിക്കാൻ പാടില്ലെന്ന കാർക്കശ്യത്തിന്റെ മറു പേരാണ് എം.ജി.എസ്, പഠനത്തിലും ഗവേഷണത്തിലും തന്റേതായ വഴി വെട്ടിത്തുറന്ന് ചരിത്ര പഠനത്തിന്റെ ഗതി മാറ്റി, ഒരിക്കലും അവസാനിക്കാത്ത ചരിത്രമാകുന്നു; എം.ജി.എസ് നാരായണന്റെ മരണത്തിൽ അനുസ്മരണവുമായി വിഡി സതീശൻ
തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തെ സത്യസന്ധമായും യാഥാർത്ഥ്യ ബോധത്തോടെയും നിർവചിച്ച മഹാ പ്രതിഭയാണ് എം.ജി.എസ് നാരായണനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുസ്മരിച്ചു. പഠനത്തിലും ഗവേഷണത്തിലും തന്റേതായ വഴി വെട്ടിത്തുറന്ന് ചരിത്ര പഠനത്തിന്റെ ഗതി മാറ്റിയ വ്യക്തിത്വം.
രാജ്യം കണ്ട ഏറ്റവും മികച്ചതും ആധികാരികതയുള്ളതുമായ ഗവേഷകരിൽ ഒരാളായിരുന്നു അദ്ദേഹമെന്നും പ്രതിപക്ഷ നേതാവ് അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു.”രാഷ്ട്രീയ താത്പര്യത്തിന് അനുസരിച്ച് ചരിത്രത്തെ നിർമ്മിക്കാൻ പാടില്ലെന്ന കാർക്കശ്യത്തിന്റെ മറു പേരാണ് എം.ജി.എസ്. ചരിത്രത്തെ വളച്ചൊടിക്കുകയോ വ്യാജ നിർമിതികൾ നടത്തുകയോ ചെയ്യുന്ന ആർക്കെതിരേയും എം.ജി.എസ് ശബ്ദിച്ചു. അവരോട് കലഹിച്ചു .
അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞു. സ്ഥാനമാനങ്ങൾക്കായി എവിടെയും നിശബ്ദത പാലിച്ചില്ല. പല ഘട്ടങ്ങളിലും ഇഎംഎസിനെ പോലും എതിർത്തു. മൗലികമായ രചനകളും, ആർക്കും തള്ളികളയാനാകാത്ത ആധികാരികമായ കണ്ടെത്തലുകളും ശാസ്ത്രീയവും സത്യസന്ധവുമായ നിലപാടുകളും നിലപാടുകളിലെ കൃത്യതയും എം.ജി.എസിനെ രാജ്യത്തെ ഏറ്റവും തലയെടുപ്പുള്ള ചരിത്ര ഗവേഷകരിൽ ഒരാളാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലമുറകളെ പഠിപ്പിച്ച അധ്യാപകൻ. ഒരിക്കലും അവസാനിക്കാത്ത ചരിത്രമാകുന്നു എം.ജി.എസ് നാരായണൻ. തനിക്ക് ഗുരുവായിരുന്നു എം.ജി.എസ് നാരയണനെന്നും വി.ഡി സതീശൻ അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു. വ്യക്തിപരമായ അടുപ്പത്തിനൊപ്പം ഏത് സംശയത്തിനും മറുപടിയുമായി ഫോണിന്റെ മറുതലയ്ക്കൽ ഉണ്ടായിരുന്ന എം.ജി.എസിന്റെ വിയോഗം വല്ലാതെ വേദനിപ്പിക്കുന്നുവെന്നും കുടുംബത്തിന്റെയും സുഹൃത്തുക്കളുടേയും ദുഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.