സേഫ്റ്റി ബാഗും ഹുക്കുമായി വനംവകുപ്പ് നിയമങ്ങള്‍ പാലിച്ച് വാവ സുരേഷ്; നിയമം പാലിച്ചുള്ള വാവയുടെ ആദ്യ പാമ്പുപിടിത്തം പത്തനംതിട്ട കോന്നിയിൽ
പത്തനംതിട്ട: വനംവകുപ്പ് നിയമങ്ങള്‍ പാലിച്ച് പാമ്പ് പിടിച്ച് വാവ സുരേഷ്. കോന്നിയിലാണ് നിയമം പാലിച്ചുള്ള വാവയുടെ ആദ്യ പാമ്പുപിടിത്തം നടന്നത്. കോന്നിയിൽ ജനവാസ മേഖലയിൽ എത്തിയ രാജവെമ്പാലയെ പിടിക്കാനാണ് വാവ സുരേഷ് എത്തിയത്.
പക്ഷേ, ഇത്തവണ വാവയുടെ പാമ്പ് പിടുത്തത്തിൽ അൽപം വ്യത്യാസമുണ്ടായിരുന്നു. സേഫ്റ്റി ബാഗും, ഹുക്കും ഒക്കെയായിട്ടായിരുന്നു വാവയുടെ പമ്പ് പിടിത്തം. വനംവകുപ്പ് നിയമങ്ങൾ പാലിച്ച് വാവ സുരേഷിന്റെ ആദ്യത്തെ പാമ്പ് പിടുത്തം കൂടിയായി ഇത്.
പത്തനംതിട്ട കോന്നി മണ്ണീറയിലാണ് കഴിഞ്ഞ ദിവസം രാജവെമ്പാല എത്തിയത്. തുടർന്ന് നാട്ടുകാർ വനംവകുപ്പ് സ്‌ട്രൈക്കിങ് ഫോഴ്‌സിനെയും വാവ സുരേഷിനേയും വിവരം അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നതിന് മുമ്പ് തന്നെ വാവ സുരേഷ് എത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ വകുപ്പിന്റെ അനുമതിയില്ലാത്തതിനാല്‍ വനപാലകര്‍ക്കായി അദ്ദേഹം കാത്തുനിന്നു. പിന്നാലെ വനപാലകരും എത്തി. വനംവകുപ്പിന്റെ ഉപകരണങ്ങള്‍ ഉപയോഗിച്ച് സെക്ഷന്‍ഫോറസ്റ്റ് ഓഫീസര്‍ ബിനീഷിനൊപ്പം ചേർന്നാണ് വാവ പാമ്പിനെ പിടിച്ചത്.സാധാരണ വെറും കൈയോടെ മറ്റ് സുരക്ഷ മാര്‍ഗങ്ങള്‍ ഒന്നും ഇല്ലാതെയായിരുന്നു വാവ സുരേഷ് പാമ്പിനെ പിടിക്കാറുള്ളത്.
എത്ര ഉഗ്രവിഷമുള്ള പാമ്പാണെങ്കിലും ഇതായിരുന്നു വാവ അവലംബിച്ചിരുന്ന രീതി. ഇത്തരത്തില്‍ പിടിക്കുമ്പോള്‍ നിരവധി തവണ പാമ്പ് കടിയേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പാമ്പുകളെ പിടിക്കാനുള്ള ലൈസന്‍സ് ഇല്ലെന്നു ചൂണ്ടിക്കാട്ടി വാവ സുരേഷിനെതിരെ വനം വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിരുന്നു. ലൈസന്‍സ് ഇല്ലാതെ പാമ്പു പിടിക്കുന്നതു വന്യജീവി സംരക്ഷണ നിയമപ്രകാരം 3 മുതല്‍ 7 വര്‍ഷം വരെ തടവും പിഴയുമുളള കുറ്റമാണ്.