വട്ടിയൂർക്കാവിലും മറ്റും കരയോഗങ്ങൾ വിളിച്ചു കൂട്ടുന്നു ; തിരഞ്ഞെടുപ്പിൽ ശബരിമല തന്നെ പ്രയോഗിക്കാനൊരുങ്ങി എൻഎസ്എസ്

വട്ടിയൂർക്കാവിലും മറ്റും കരയോഗങ്ങൾ വിളിച്ചു കൂട്ടുന്നു ; തിരഞ്ഞെടുപ്പിൽ ശബരിമല തന്നെ പ്രയോഗിക്കാനൊരുങ്ങി എൻഎസ്എസ്

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ സീറ്റുകളിൽ ഉപതിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചരണത്തിന് ഇനി അഞ്ച് ദിവസം ശേഷിക്കെ,അവസാന ലാപ്പിൽ കളം നിറയ്ക്കുന്നത് ശബരിമലയെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങൾ. അതിനിടെ, ശബരിമല യുവതീപ്രവേശനവിധിക്കെതിരായ പുന:പരിശോധനാ ഹർജികളിൽ സുപ്രീംകോടതിയുടെ അന്തിമതീർപ്പ് എപ്പോൾ വേണമെങ്കിലുമെത്താമെന്ന സൂചനയും ശക്തമാണ്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അടുത്ത മാസം വിരമിക്കുന്ന സാഹചര്യത്തിലാണിത്. യുവതീപ്രവേശനം വിലക്കി 1955ലും 56ലുമിറക്കിയ വിജ്ഞാപനങ്ങളുടെ പകർപ്പ് സുപ്രീംകോടതി കഴിഞ്ഞ ദിവസം ചോദിച്ചു വാങ്ങിയതായും റിപ്പോർട്ടുകളുണ്ട്.

ശബരിമല വിഷയമെടുത്തിട്ട് ഇടതുമുന്നണിക്കും ബി.ജെ.പിക്കുമെതിരെ യു.ഡി.എഫ് ആക്രമണം കനപ്പിക്കുന്നു. പാലാ ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ പൂർവ്വാധികം ശക്തിയോടെയാണ് ഈ ആയുധ പ്രയോഗം. ഇതേ നിലപാടുള്ള എൻ.എസ്.എസ് നേതൃത്വം ആക്രമണത്തിന് മൂർച്ച കൂട്ടുന്നു. വട്ടിയൂർക്കാവിലും മറ്റും കരയോഗങ്ങൾ വിളിച്ചുചേർത്ത് പരസ്യമായി അവർ യു.ഡി.എഫിന് അനുകൂലമായ ശരിദൂര സിദ്ധാന്തം വിശദീകരിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം മഞ്ചേശ്വരത്ത് വിശ്വാസി പ്രശ്നത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ രൂക്ഷവിമർശനമുയർത്തി മുഖ്യമന്ത്രി രംഗത്തെത്തിയത്. വിശ്വാസികൾക്കൊപ്പം നിലകൊള്ളുന്ന സർക്കാരാണിതെന്ന് വട്ടിയൂർക്കാവിലും പ്രചരണയോഗങ്ങളിൽ അദ്ദേഹം സമർത്ഥിച്ചു. ശബരിമല വികസനത്തിനായി ഇടതുസർക്കാർ ഇതുവരെയും മുൻ യു.ഡി.എഫ് സർക്കാർ മൂന്നര വർഷം കൊണ്ടും ചെലവിട്ട കണക്കുകളെ താരതമ്യം ചെയ്തായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. 1200 കോടിയിലധികം രൂപ തന്റെ സർക്കാർ ചെലവിട്ടപ്പോൾ ഇരുന്നൂറ് കോടിയിൽപ്പരം മാത്രമേ മുൻസർക്കാർ ചെലവിട്ടുള്ളൂവെന്ന് മുഖ്യമന്ത്രി വാദിച്ചു.

എൻ.എസ്.എസ് ആസ്ഥാനമിരിക്കുന്ന സ്ഥലം പതിച്ചു നൽകിയതുൾപ്പെടെ പലതും ചെയ്തുകൊടുത്തത് മുൻകാല ഇടതുസർക്കാരുകളായിരുന്നിട്ടും ഇപ്പോഴത്തെ നേതൃത്വം അനാവശ്യ ആരോപണങ്ങളുയർത്തുകയാണെന്ന് സി.പി.എം കേന്ദ്രങ്ങൾ പറയുന്നു. എൻ.എസ്.എസ് നേതൃത്വമാകട്ടെ, ഇടതുമുന്നണിക്കെതിരായ വിമർശനം ഇന്നലെയും കടുപ്പിച്ചു.

ശബരിമല വിഷയം ചർച്ചയാക്കാനുദ്ദേശിക്കുന്നില്ലെന്ന് ബി.ജെ.പി നേതാക്കൾ ഇന്നലെ ആവർത്തിച്ചെങ്കിലും അവരും കറങ്ങിയെത്തുന്നത് ശബരിമലയിലാണ്. ആചാരസംരക്ഷണത്തിന് നിയമനിർമ്മാണം നടത്താതെ കേന്ദ്രസർക്കാരും ബി.ജെ.പി നേതൃത്വവും വഞ്ചിച്ചെന്ന് യു.ഡി.എഫ് ആരോപിക്കുമ്പോൾ, കോടതിവിധി വന്ന ശേഷം നിയമനിർമ്മാണത്തിലേക്ക് നീങ്ങുമെന്ന് മറുപടി പറയാൻ ബി.ജെ.പി നേതൃത്വവും നിർബന്ധിതരാവുന്നു. ശബരിമലയിൽ കേന്ദ്രീകരിച്ച് നീങ്ങാൻ യു.ഡി.എഫ് തന്ത്രങ്ങളൊരുക്കുമ്ബോൾ, ,കേരളത്തിന്റെ വികസന നേട്ടങ്ങളും സർക്കാരിന്റെ അഴിമതിവിരുദ്ധ നിലപാടുകളും ഉയർത്തിക്കാട്ടി അവസാനഘട്ട പ്രചരണം കൊഴുപ്പിക്കാനാണ് ഇടതുമുന്നണിയുടെ ശ്രമം.