ധമനികളെയും മഹാധമനിയെയും ബാധിക്കുന്ന രോഗങ്ങൾ ഏതൊക്കെ​? അ‌റിയാം അപൂർവ്വമായി കാണുന്ന ധമനി രോഗങ്ങളെക്കുറിച്ചും പ്രതിരോധ മാർഗങ്ങളെക്കുറിച്ചും

ധമനികളെയും മഹാധമനിയെയും ബാധിക്കുന്ന രോഗങ്ങൾ ഏതൊക്കെ​? അ‌റിയാം അപൂർവ്വമായി കാണുന്ന ധമനി രോഗങ്ങളെക്കുറിച്ചും പ്രതിരോധ മാർഗങ്ങളെക്കുറിച്ചും

Spread the love

ഡോ. എം ഉണ്ണികൃഷ്ണൻ
സീനിയർ വാസ്കുലർ സർജൻ
എസ് യു ടി ഹോസ്പിറ്റൽ
പട്ടം
തിരുവനന്തപുരം

എല്ലാ വർഷവും ഓഗസ്റ്റ് 6 ലോക വാസ്‌കുലർ ദിനമായി ആചരിക്കുന്നു. നമ്മിൽ അനാരോഗ്യത്തിലേക്ക് നയിക്കുന്ന വൈവിധ്യമാർന്ന കാരണങ്ങളിൽ, സാംക്രമികമല്ലാത്തതും സാംക്രമികവുമായ രോഗങ്ങൾ, കാൻസർ, അപകടങ്ങൾ എന്നിവയാണ് മുൻനിരയിലുള്ളത്.

‘ജീവിതശൈലി രോഗങ്ങൾ’ എന്നും അറിയപ്പെടുന്ന സാംക്രമികേതര രോഗങ്ങളാണ്. ജീവിതശൈലി രോഗങ്ങളുടെ അപകട ഘടകങ്ങൾ – പുരുഷന്മാരിൽ 60 വയസ്സിനു ശേഷം, പുകവലി, പ്രമേഹം, അമിതവണ്ണം, ഉയർന്ന കൊളസ്ട്രോളിന്റെ അളവ്, ഉയർന്ന രക്തസമ്മർദ്ദം, ശാരീരിക നിഷ്‌ക്രിയത്വം എന്നിവയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നമ്മുടെ രക്തചംക്രമണ (Blood Circulation) വ്യവസ്ഥയുടെ മൂന്ന് ഘടകങ്ങളാണ് – ഹൃദയം, രക്തം, അവ വഹിക്കുന്ന രക്തക്കുഴലുകളുടെ വളരെ വിപുലമായ ഒരു ശൃംഖല (ധമനികൾ – ശുദ്ധമായ രക്തം വഹിക്കുന്നവ, സിരകൾ – അശുദ്ധ രക്തം വഹിക്കുന്നവ) എന്നിവ. രക്തക്കുഴലുകളുടെ രോഗനിർണ്ണയം, ചികിത്സ, പ്രതിരോധ മാർഗ്ഗങ്ങൾ, ഗവേഷണ പ്രവർത്തനങ്ങൾ, രക്തക്കുഴലുകളുടെ രോഗങ്ങളെക്കുറിച്ചുള്ള പഠനം എന്നിവയുമായി ബന്ധപ്പെട്ടതാണ് വാസ്‌കുലർ & എൻഡോവാസ്‌കുലർ സർജറി.

രക്തക്കുഴലുകളെയും ഞരമ്പുകളുടെയും ബാധിക്കുന്ന പ്രതികൂല അവസ്ഥകളാണ് 95% ത്തിലധികം രോഗങ്ങൾക്ക് കാരണമാകുന്നത്.രക്തക്കുഴലിൽ കൊഴുപ്പടിഞ്ഞ് അവ ചുരുങ്ങുന്ന അവസ്ഥയാണ് Atherosclerosis, ഇത് പ്രധാനമായും ബാധിക്കുന്നത് അയോർട്ടയെയാണ് (അയോർട്ട / മഹാധമനി- ശുദ്ധരക്തവും ധമനികളുടെ ശാഖകളും വഹിക്കുന്ന ഏറ്റവും വലിയ രക്തക്കുഴൽ).

അയോർട്ടയെ സാധാരണയായി ബാധിക്കുന്ന രോഗങ്ങൾ അന്യൂറിസവും (ധമനി വീക്കം), ധമനികളിൽ കൊഴുപ്പടിഞ്ഞ് ഉള്ളിലേയ്ക്ക് ചുരുങ്ങുന്നതുമാണ്. അന്യൂറിസം എന്ന രോഗാവസ്ഥ കൃത്യ സമയത്ത് ചികിത്സിച്ചില്ലെങ്കിൽ രക്തധമനിയുടെ ഭിത്തി വലുപ്പം കൂടി അവ തകരുകയും മരണത്തിനു കാരണമാവുകയും ചെയ്യും.

അതുപോലെ തന്നെ രക്തക്കുഴലിൽ കൊഴുപ്പടിഞ്ഞ് അവ ചുരുങ്ങുന്ന അവസ്ഥ വേണ്ട രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ അവയവങ്ങളിലേക്കുള്ള ശുദ്ധമായ രക്ത പ്രവഹനം കുറയുകയും അതുവഴി അവയവങ്ങളുടെ പ്രവർത്തനശേഷിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.

കാലിലെ സിരകളിൽ രക്തം കട്ടപിടിക്കുകയും അവ ഹൃദയത്തിലേക്കും ശ്വാസകോശത്തിലേക്കുമെത്തി തടസ്സം സൃഷ്ടിക്കുന്ന അവസ്ഥയാണ് വീനസ് ത്രോംബോ എംബോളിക് രോഗം (Venous Thromboembolic Disease) . ചുരുക്കിപ്പറഞ്ഞാൽ ഒരു മനുഷ്യന്റെ ആരോഗ്യാവസ്ഥ അവരുടെ ധമനികളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു.

 

സാധാരണയായി ധമനികളെയും മഹാധമനിയെയും ബാധിക്കുന്ന രോഗങ്ങൾ

A. ധമനികളിലെ അപര്യാപ്തത കാലുകളെ ബാധിക്കുന്നത് എങ്ങനെ (Artery insufficiency to legs)

1. പെട്ടെന്നുള്ള ധമനികളുടെ തടസ്സം (Sudden Blockage of arteries)

ഹൃദയം / അയോർട്ടയിൽ നിന്നുള്ള പദാർത്ഥമോ രക്തകട്ടയോ കാരണം കാലുളിലെ ധമനികളിൽ തടസ്സമുണ്ടായാൽ, രോഗിക്ക് പെട്ടെന്ന് കഠിനമായ വേദന ഉണ്ടാകുകയും മുമ്പത്തെപ്പോലെ നടക്കാൻ കഴിയാതെ വരികയും ചെയ്യും. ആർട്ടീരിയൽ എംബോളിസം എന്ന ഈ അവസ്ഥയിൽ എത്തുകയാണെങ്കിൽ ഇതിനു കാരണമായ രക്തക്കട്ട നീക്കം ചെയ്യുന്നതിനും അവയവങ്ങളുടെ പെർഫ്യൂഷൻ പുനഃസ്ഥാപിക്കുന്നതിനുമുള്ള ശസ്ത്രക്രിയ ചെയ്യേണ്ടതായി വരുന്നു. ധമനികളുടെ തടസ്സം സാധാരണയായി 6-8 മണിക്കൂറോളം നീണ്ടുനിൽക്കാം. അതിനാൽ, ആ ഭാഗത്തെ ടിഷ്യൂവിന് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ, എത്രയും വേഗം ശസ്ത്രക്രിയ നടത്തണം. എന്നിരുന്നാലും, 48 മണിക്കൂറിനു ശേഷമാണ് ചികിത്സ തേടുന്നതെങ്കിൽ, അടിയന്തരമായി മരുന്നുകൾ മുഖേന രക്തം കട്ടപിടിച്ചത് അലിയിച്ചുകളയേണ്ടതുണ്ട്. യഥാർത്ഥ ഹൃദയസംബന്ധമായ പ്രശ്നത്തെ ചികിത്സിക്കാൻ ആന്റി-കോയാഗുലേഷൻ മരുന്നുകൾ തുടരേണ്ടതുണ്ട്. പ്രായമായ ഒരു രോഗിയിൽ, കൊളസ്‌ട്രോൾ അടിഞ്ഞുകൂടുന്ന സ്ഥലത്ത് രക്തം കട്ടപിടിക്കുന്നത് തീവ്ര പരിചരണത്തിൽ പരിഗണിക്കേണ്ടതാണ്.

2. പെരിഫറൽ ആർട്ടറി രോഗം (Peripheral Artery Disease)

കാലുകളുടെ ധമനികളിൽ കൊളസ്ട്രോൾ/കൊഴുപ്പ് അടിഞ്ഞു കൂടുമ്പോൾ കാലുകളിലേക്കുള്ള രക്തപ്രവാഹം ക്രമേണ കുറയുന്നു, ഇതുമൂലം നടക്കുമ്പോൾ രോഗിയുടെ തുടയുടെ പേശികളിൽ വേദന അനുഭവപ്പെടാം.

കാലക്രമേണ ധമനികളിലെ തടസ്സം കൂടുന്നതനുസരിച്ച്, കുറച്ച് ദൂരം നടക്കുമ്പോൾ തന്നെ കാലുകൾക്ക് അസഹ്യമായ വേദന അനുഭവപ്പെടുകയും ചെയ്യും.

ഈ ഘട്ടത്തിൽ വേണ്ട വിധം ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ, വിശ്രമവേളയിൽ പോലും രോഗിക്ക് കാലുകളിൽ വേദന അനുഭവപ്പെടാം. ഈ ഘട്ടത്തിൽ അടിയന്തര വൈദ്യസഹായം നൽകിയില്ലെങ്കിൽ ഇതു ബാധിച്ച അവയവം നഷ്ടപ്പെടാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.

രോഗത്തിന്റെ മുൻകാല വിശദാംശം, ശാരീരിക പരിശോധന, ഡ്യൂപ്ലെക്‌സ് വിലയിരുത്തൽ (Duplex Evaluation) എന്നിവ കൈകാലുകളുടെ രക്തചംക്രമണത്തിന്റെ അവസ്ഥ അറിയാൻ സഹായിക്കുന്നു.

രോഗം ഗുരുതരാവസ്ഥയിലാണെങ്കിൽ, ധമനികളിലെ തടസ്സം മനസ്സിലാക്കുന്നതിനായി സിടി ആൻജിയോഗ്രാം ചെയ്യേണ്ടതുണ്ട്. പ്രാഥമിക ചികിത്സ മെഡിക്കൽ മാനേജ്‌മെന്റാണ്, കൂടുതൽ ഗുരുതരമായ സാഹചര്യങ്ങളിൽ കീ-ഹോൾ സർജറി (ബലൂൺ ആൻജിയോപ്ലാസ്റ്റി / സ്റ്റെന്റിംഗ്) അനിവാര്യമാണ്.

അത് സാദ്ധ്യമല്ലെങ്കിലോ പരാജയപ്പെടുകയോ ചെയ്താൽ കൃത്രിമ ഗ്രാഫ്റ്റ് ഉപയോഗിച്ച് ബൈപാസ് സർജറി ആവശ്യമായി വരും.രോഗത്തിന്റെ ആദ്യഘട്ടങ്ങളിൽ, നടക്കുമ്പോൾ രോഗിയുടെ തുടയുടെ പേശികളിൽ വേദന അനുഭവപ്പെടാം.

ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും നടക്കാനുള്ള ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനും കീ-ഹോൾ ശസ്ത്രക്രിയ അനുയോജ്യമാണ്. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയാണെങ്കിൽ ഓപ്പൺ സർജറി ചെയ്യേണ്ടതായി വരും. ‘കാലുകളുടെ ആരോഗ്യം ജീവിത നിലവാരത്തെ തീരുമാനിച്ചേക്കാം’ എന്ന് പറയുന്നത് തീർത്തും ശരിയാണ്.

B. കരോറ്റിഡ് ധമനികളിലെ രോഗങ്ങൾ / സ്‌ട്രോക്ക് (Carotid Artery Diseases / Stroke)

തലച്ചോറിന്റെ വിവിധ ഭാഗങ്ങളിലുള്ള ധമനികളിൽ രക്തം പെട്ടെന്ന് നിലയ്ക്കുകയോ, തലച്ചോറിനുള്ളിലെ രക്തസ്രാവം മൂലമോ ഉണ്ടാകുന്ന രോഗാവസ്ഥയാണ് സ്‌ട്രോക്ക്. സംസാര ശേഷിയെ ബാധിച്ചോ അല്ലാതെയോ, ശരീരത്തിന്റെ ഒരു വശം തളർന്നു പോകുന്ന അവസ്ഥയാണിത്. പല കാരണങ്ങൾ മൂലവും ഈ ഒരവസ്ഥ ഉണ്ടാകാം, എന്നിരുന്നാലും മസ്തിഷ്‌ക ധമനികളിൽ കൊളസ്‌ട്രോൾ/കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് പ്രധാന കാരണം.

ഈ സാഹചര്യത്തിൽ, രോഗിയെ ഡ്യൂപ്ലെക്‌സ് സ്‌കാൻ ഉപയോഗിച്ച് വിലയിരുത്തുകയും അതിനുശേഷം സിടി ആൻജിയോഗ്രാം ഉപയോഗിച്ച് ഇതിനു കാരണമായ രക്തസ്രാവം ഏതു ഭാഗത്താണെന്ന് മനസ്സിലാക്കുകയും ചെയ്യാം. രോഗലക്ഷണം പ്രകടമായി പരമാവധി 3-4 ആഴ്ചയ്ക്കുള്ളിൽ തന്നെ ചികിത്സ തേടേണ്ടതാണ്. ധമനികളിൽ ഉണ്ടാകുന്ന തടസ്സം നീക്കം ചെയ്യുകയോ (Carotid Endarterectomy) അല്ലെങ്കിൽ കരോട്ടിഡ് ആർട്ടറി സ്റ്റെന്റിംഗ് ചെയ്‌തോ ചികിത്സ ഉറപ്പാക്കേണ്ടതാണ്.

C. ആമാശയ ധമനികളിലെ വീക്കം (Abdominal Aortic Aneurysm)

ആമാശയത്തിലെ മഹാധമനി 2 സെന്റിമീറ്ററോ അതിൽ കുറവോ വ്യാസമുള്ളതാണെങ്കിൽ, 60 വയസ്സിന് മുകളിലുള്ളവർക്ക് അവയിൽ വീക്കം സംഭവിക്കാം, ഈ അവസ്ഥയാണ് അനൂറിസം (Aneurysm). കൃത്യ സമയത്ത് ചികിത്സ തേടിയില്ലെങ്കിൽ കാലക്രമേണ, വീക്കം കൂടുകയും അത് പോട്ടിപോകാനും സാദ്ധ്യതയുണ്ട്. വീക്കത്തിന്റെ അളവ് പരമാവധി 5.5 സെന്റീമീറ്റർ ആയാണ് കണക്കാക്കുന്നത്.

പുകവലി, ശ്വാസകോശ രോഗങ്ങൾ, രക്തസമ്മർദ്ദം എന്നിവ വീക്കം ഉണ്ടാകുന്നതിന്റെ വേഗത വർദ്ധിപ്പിക്കുന്നു. ക്ലിനിക്കൽ പരിശോധനയും അൾട്രാസൗണ്ട് സ്‌കാനിംഗും രോഗനിർണ്ണയത്തിനു സഹായിക്കുന്നു. സിടി അയോർട്ടോഗ്രാം എന്ന രോഗ നിർണ്ണയ രീതിയിലൂടെ (CT Aortogram) അനൂറിസം, അതിന്റെ വലുപ്പം, വ്യാപ്തി, എന്നിവ സ്ഥിരീകരിക്കുന്നു. ഓപ്പൺ സർജറിയാണ് ആദ്യ ഘട്ടങ്ങളിലെ ചികിത്സാ രീതി. രോഗികളുടെ പൊതുവായ/ഹൃദയ സംബന്ധമായ അവസ്ഥ അനുകൂലമല്ലെങ്കിൽ എൻഡോവാസ്‌കുലർ സർജറി ചെയ്യേണ്ടതായി വരും.

അപൂർവ്വമായി കാണുന്ന ധമനി രോഗങ്ങൾ

A. അയോർട്ടിക് ആർച്ചിനുണ്ടാകുന്ന വീക്കം (Aortic Arch Aneurysm)

അനൂറിസം 6 സെന്റിമീറ്ററോളം വലിപ്പമായാൽ ചികിത്സ തേടേണ്ടത് അനിവാര്യമാണ്. ഇവയിൽ സമ്മർദ്ദം കൂടുകയും തകരാർ സംഭവിക്കുകയുമാണെങ്കിൽ ഉടനടി ചികിത്സ തുടങ്ങേണ്ടതുണ്ട്. ചുരുക്കി പറഞ്ഞാൽ ധമനികളിലെ വീക്കം ആകസ്മികമായി കണ്ടുപിടിക്കപ്പെടുന്നു (പ്രത്യേക ലക്ഷണങ്ങളൊന്നും പ്രകടമാകാറില്ല). എന്നാൽ അയോർട്ടിക് ആർച്ചിനുണ്ടാകുന്ന വീക്കം ലക്ഷണങ്ങളോടു കൂടി (നെഞ്ചിലെ അസ്വസ്ഥത, ശബ്ദത്തിലുണ്ടാകുന്ന വ്യതിയാനം) പ്രകടമാകുന്നു.

സിടി ആൻജിയോഗ്രാം ഇമേജിംഗ് ഉപയോഗിച്ച് രക്തകട്ടയുടെ വലുപ്പം, വ്യാപ്തി, സാന്നിധ്യം എന്നിവ മനസ്സിലാക്കാൻ സാധിക്കും. വലിയ വ്യാസമുള്ള പ്രോസ്‌തെറ്റിക് ഗ്രാഫ്റ്റ് ഉപയോഗിക്കുന്നത് ഓപ്പൺ ശസ്ത്രക്രിയ ചികിത്സയ്ക്ക് ഫലപ്രദമാണ്.

എന്നിരുന്നാലും, കീ-ഹോൾ ശസ്ത്രക്രിയയിലൂടെ സ്റ്റെന്റ് ഗ്രാഫ്റ്റ് (എൻഡോവാസ്‌കുലർ) ചെയ്യുന്നതിലൂടെയും ചികിത്സ സാദ്ധ്യമാണ്. നൂതന ചികിത്സാ രീതിയായ Hybrid Aortic Arch ആണ് മുമ്പ് പറഞ്ഞ രണ്ട് ചികിത്സാ രീതികളെക്കാളും മികവ് പുലർത്തുന്നത്.

B. അയോർട്ടിക് ഡിസെക്ഷൻ (Aortic Dissection)

അയോർട്ടിക് ഡിസെക്ഷൻ എന്നത് അയോർട്ടയുടെ ആന്തരിക ഭിത്തിയിലെ ഒരു വിള്ളലിനെ സൂചിപ്പിക്കുന്നു. അതിലൂടെ രക്തം അയോർട്ടിക് ഭിത്തിയിലേക്ക് ഒഴുകുന്നതിന്റെ ഫലമായി ഇൻട്രാ-മ്യൂറൽ ഹെമറ്റോമ (Intramural Hematoma) എന്ന അവസ്ഥയുണ്ടാകുന്നു. അയോർട്ടയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിലുള്ള വിള്ളൽ സംഭവിക്കാം (Stanford A and Stanford B).

ഉയർന്ന രക്തസമ്മർദ്ദം ഈ അവസ്ഥ സങ്കീർണ്ണമാക്കാൻ കാരണമാകുന്നു. സ്റ്റാൻഫോർഡ് എ ഡിസെക്ഷൻ എന്ന അവസ്ഥയാണെങ്കിൽ ഉടനടി ശസ്ത്രക്രിയ ആവശ്യമായി വരും.

സ്റ്റാൻഫോർഡ് ബി ആണെങ്കിൽ ICU ക്രമീകരണത്തിൽ മരുന്നുകൾ ഉപയോഗിച്ച് ഭേദപ്പെടുത്താവുന്നതാണ്. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതാണ് ചികിത്സയുടെ പ്രധാന ഘടകം. കൃത്യസമയത്ത് ചികിത്സ തേടിയില്ലാന്നുണ്ടെങ്കിൽ ജീവൻ രക്ഷിക്കുന്നതിനായി എൻഡോവാസ്‌കുലർ സ്റ്റെന്റ് ഗ്രാഫ്റ്റ് നടപടിക്രമം നടത്തേണ്ടതായി വരും.

പ്രതിരോധ മാർഗ്ഗങ്ങൾ

ഭക്ഷണ നിയന്ത്രണവും മിതമായ വ്യായാമവും അപകടസാദ്ധ്യതാ ഘടകങ്ങളെ പ്രതിരോധിക്കാൻ ഒരു പരിധി വരെ സഹായിക്കുന്നു. പുകയിലയുടെയും മദ്യത്തിന്റെയും ഉപയോഗം നിർത്തുക. ദിവസവും ഒരു കിലോമീറ്റർ നടക്കുന്നത് അല്ലെങ്കിൽ ആഴ്ചയിൽ 5 ദിവസം, 15 മിനിറ്റ് ട്രെഡ്മിൽ വ്യായാമം ശാരീരിക ക്ഷമത നിലനിർത്തുന്നതിന് ഗുണകരമാണ്.

എന്നിരുന്നാലും രക്തക്കുഴലുകളുടെ രോഗങ്ങൾ ഉണ്ടാകുകയാണെങ്കിൽ, 60 വയസ്സിനു മുകളിലുള്ള പുരുഷന്മാരിൽ അപകടസാദ്ധ്യതാ ഘടകങ്ങളുടെ നിയന്ത്രണം വഴി അതിന്റെ തീവ്രത കുറയ്ക്കാൻ സാധിക്കുന്നു.

ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ടത് കൃത്യ സമയത്ത് ചികിത്സ തേടുക എന്നതാണ്. രോഗത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഡോക്ടറുടെ സഹായം തേടുകയാണെങ്കിൽ പൂർണ്ണമായും ഭേദമാക്കാൻ സാധിക്കുന്നവയാണ് ഒട്ടുമിക്ക വാസ്‌കുലർ രോഗങ്ങളും.