ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകം: എസ്ഐ ദീപക്കിനെതിരെ മജിസ്ട്രേറ്റിന്റെ മൊഴി

ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകം: എസ്ഐ ദീപക്കിനെതിരെ മജിസ്ട്രേറ്റിന്റെ മൊഴി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: വരാപ്പുഴ കസ്റ്റഡിക്കൊലക്കേസിൽ എസ്ഐയ്ക്കെതിരെ വരാപ്പുഴ മുൻ മജിസ്ട്രേറ്റിന്റെ മൊഴി. പ്രതികളെ ക്രൂരമായി മർദ്ദിക്കുന്ന പതിവ് എസ്ഐ ദീപക്കിനുണ്ടെന്നാണ് മുൻ മജിസ്ട്രേറ്റ് എം സ്മിത ഹൈക്കോടതി രജിസ്ട്രാർക്ക് മൊഴി നൽകിയിരിയ്ക്കുന്നത്. പ്രതികളെ ഹാജരാക്കാതിരുന്നതിനാലാണ് റിമാൻഡ് ചെയ്യാതിരുന്നതെന്നും മജിസ്ട്രേറ്റിന്റെ മൊഴിയിൽ പറയുന്നു. വരാപ്പുഴ കസ്റ്റഡി കൊലക്കേസിൽ എസ്ഐ ദീപക്കിനെതിരെ നിർണായക മൊഴിയാണ് മുൻ മജിസ്ട്രേറ്റ് എം സ്മിത നൽകിയിരിയ്ക്കുന്നത്. പ്രതികളെ മർദിക്കുന്നത് എസ്ഐ ദീപക്കിന്റെ സ്ഥിരം ഏർപ്പാടാണ്. മുമ്പും പലതവണ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രതികളെ മർദ്ദിക്കരുതെന്ന് താൻ താക്കീത് നൽകിയിരുന്നു. സുപ്രിം കോടതി, ഹൈക്കോടതി മാർഗനിർദ്ദേശങ്ങളെ എസ്ഐ അവഗണിച്ചു. ശ്രീജിത്തിനെ ഹാജരാക്കാതെ റിമാൻഡ് ചെയ്യാനാവില്ലെന്ന് അന്ന് പൊലീസിനെ അറിയിച്ചിരുന്നു എന്നും മുൻ മജിസ്ട്രേറ്റ് ഹൈക്കോടതി രജിസ്ട്രാർ വിജിലൻസിന് മൊഴി നൽകിയിട്ടുണ്ട്. ശ്രീജിത്ത് ഉൾപ്പെടെയുള്ള പ്രതികളെ റിമാൻഡ് ചെയ്തില്ല എന്നാരോപിച്ച് എസ്ഐ മജിസ്ട്രേറ്റിനെതിരെ എസ്പിയ്ക്ക് പരാതി നൽകിയിരുന്നു. ഈ പരാതി ഹൈക്കോടതി പരിഗണിയ്ക്കുന്ന സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസിന്റെ നിർദ്ദേശ പ്രകാരം രജിസ്ട്രാർ മജിസ്ട്രേറ്റിന്റെ മൊഴി രേഖപ്പെടുത്തിയത്. ഈ കേസിലെ പരാതിയെ തുടർന്ന് മജിസ്ട്രേറ്റിനെ ചെറായിലേയ്ക്ക് സ്ഥലം മാറ്റിയിരുന്നു.