‘വൽസൻ തില്ലങ്കേരിക്ക് മൈക്ക് നൽകിയത് പ്രതിഷേധക്കാരെ തണുപ്പിക്കാൻ’ ; മുഖ്യമന്ത്രി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ശബരിമലയിൽ ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി പൊലീസ് മൈക്കുപയോഗിച്ച വിഷയത്തിൽ പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിഷേധക്കാരെ തണുപ്പിക്കാൻ വേണ്ടിയാണ് വത്സൻ തില്ലങ്കേരിക്ക് മൈക്ക് നൽകിയതെന്ന് പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. 52 വയസ്സുള്ള സ്ത്രീ ദർശനത്തിന് വന്നപ്പോൾ പ്രതിഷേധം ശക്തമായി. ഇതോടെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണ് അവരിലൊരാൾക്ക് പൊലീസ് മൈക്ക് നൽകിയത്.
സന്നിധാനത്ത് പൊലീസ് നടപടി ഒഴിവാക്കി പ്രതിഷേധക്കാരെ തണുപ്പിക്കാൻ ഉദ്ദേശിച്ചായിരുന്നു നടപടിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോൺഗ്രസ് അംഗം അനിൽ അക്കര നൽകിയ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നടതുറന്നപ്പോൾ തൃശൂർ സ്വദേശിനി ലളിത എന്ന 52 കാരി ദർശനത്തിനെത്തിയിരുന്നു. മകന്റെ കുഞ്ഞിന്റെ ചോറൂണിനായാണ് ഇവർ സന്നിധാനത്തെത്തിയത്. എന്നാൽ ഇവർക്ക് 50 വയസ്സിൽ താഴെയാണ് പ്രായമെന്ന് ആരോപിച്ചായിരുന്നു ബഹളം ഉണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group