വധശിക്ഷയ്ക്ക് നിയമപരമായ സാധുതയുണ്ട്; ചരിത്രപരമായ വിധി പുറപ്പെടുവിച്ച് സുപ്രീംകോടതി
സ്വന്തം ലേഖകൻ
ന്യൂഡൽഹി: വധശിക്ഷയ്ക്ക് നിയമപരമായ സാധുതയുണ്ടെന്ന് സുപ്രീംകോടതിയുടെ ചരിത്രപരമായ വിധി. വധശിക്ഷയുടെ നിയമസാധുത പരിശോധിച്ച മൂന്നംഗബെഞ്ചിൽ രണ്ടുപേർ അനുകൂലിച്ചതോടെയാണ് കോടതി വിധി പ്രസ്താവിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം വധശിക്ഷ നിലനിർത്തണമോയെന്ന കാര്യത്തിൽ വാദങ്ങളും ചർച്ചകളും നടക്കുന്നതിനിടെയാണ് കോടതിയുടെ ചരിത്രപരമായ വിധി. ജസ്റ്റിസുമാരായ കുര്യൻ ജോസഫ്, ദീപക് ഗുപ്ത, ഹേമന്ത് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് വധക്ഷശിക്ഷ നിലനിൽക്കുമോയെന്ന കാര്യം പരിശോധിച്ചത്. ഇതിൽ ജസ്റ്റിസ് കുര്യൻ ജോസഫ് വധശിക്ഷ ആവശ്യമില്ലെന്ന് അഭിപ്രായപ്പെട്ടു.
വധശിക്ഷ നൽകുന്നത് കൊണ്ട് സമൂഹത്തിൽ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ കുറവു വരുന്നില്ലെന്ന നിയമകമ്മീഷന്റെ 262 -ാംറിപ്പോർട്ട് ചൂണ്ടിക്കാണിച്ചാണ് ബെഞ്ചിലെ മുതിർന്ന അംഗമായ ജസ്റ്റിസ് കുര്യൻ ജോസഫ് ഇതിനെ എതിർത്തത്. പൊതുജനാഭിപ്രായവും പൊതുതാൽപര്യവും അന്വേഷണ ഏജൻസികളിൽ ചെലുത്തുന്ന സ്വാധീനം കോടതി വിചാരണകളിൽ പ്രതിഫലനം സൃഷ്ടിക്കുമെന്നും അങ്ങനെയാണ് പല സന്ദർഭങ്ങളിലും വധശിക്ഷ നൽകാനിടയാകുന്നതെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് ചൂണ്ടിക്കാട്ടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വധശിക്ഷയുടെ കാര്യത്തിൽ തിരുത്തലുകളുടെ ആവശ്യമില്ലെന്ന് മൂന്നംഗബെഞ്ചിനെ പ്രതിനിധീകരിച്ച് ജസ്റ്റിസ് ദീപക് ഗുപ്ത പ്രസ്താവിച്ചു. അപൂർവം കേസുകളിൽ വധശിക്ഷ ഒഴിവാക്കാവുന്നതല്ലെന്നും ദീപക് ഗുപ്ത അഭിപ്രായപ്പെട്ടു.
2011 ൽ മൂന്നു പേരെ കൊലപ്പെടുത്തിയ കേസിൽ ഛന്നുലാൽ വർമയ്ക്ക് നൽകിയ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു കൊണ്ടുള്ള വിധിയെഴുതിയതിനൊപ്പമാണ് വധശിക്ഷയ്ക്ക് നിയമസാധുതയുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്.