വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം; ഗാന്ധിജിയുടെ ഓർമ്മകൾ അലയടിച്ച് ഇണ്ടംതുരുത്തിമന

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം; ഗാന്ധിജിയുടെ ഓർമ്മകൾ അലയടിച്ച് ഇണ്ടംതുരുത്തിമന

Spread the love

സ്വന്തം ലേഖകൻ

വൈക്കം: കേരള നവോത്ഥാന പ്രക്ഷോഭത്തിൻ്റെ ചരിത്ര സ്മാരകങ്ങളിൽ പ്രധാന ഏടാണ് വൈക്കം ക്ഷേത്രത്തിന് സമീപമുള്ള ഇണ്ടംതുരുത്തിമന.വൈക്കം സത്യഗ്രഹ സമരത്തിന്‍റെ ശതാബ്ദി ആഘോഷത്തിന് കേളികൊട്ടുയരുമ്പോള്‍ സത്യഗ്രഹസമര ചരിത്രത്തിന്‍റെ ഭാഗമായ ഇണ്ടംതുരുത്തിമനയിലും സ്മരണകള്‍ ഇരമ്പുന്നു.

വൈക്കം സത്യഗ്രഹ സമരത്തിന് ആവേശം പകരാനെത്തിയ മഹാത്മജി വൈക്കം മഹാദേവ ക്ഷേത്രത്തിന്‍റെ ഊരാഴ്മ അവകാശമുണ്ടായിരുന്ന ഇണ്ടംതുരുത്തിമനയിലെത്തി കാരണവരായിരുന്ന നീലകണ്ഠന്‍ നമ്പൂതിരിയുമായി ചര്‍ച്ച നടത്തിയതോടെയാണ് ഇണ്ടംതുരുത്തിമന സത്യഗ്രഹ സമരചരിത്രത്തില്‍ ജ്വലിക്കുന്ന ഏടായി മാറിയത്. അധഃസ്ഥിതര്‍ക്ക് വൈക്കം മഹാദേവ ക്ഷേത്രത്തിന്‍റെ നാലു നടകളിലെ നിരത്തുകളിലൂടെ നടക്കാനുള്ള അവകാശത്തിനു വേണ്ടിയായിരുന്നു സത്യഗ്രഹസമരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1925 മാര്‍ച്ച്‌ ഒന്‍പതിനാണ് വൈക്കം ജെട്ടിയില്‍ മഹാത്മാഗാന്ധി ബോട്ട് ഇറങ്ങുന്നത്. അന്നത്തെ വൈക്കത്തെ നാടുവാഴിയായിരുന്ന ഇണ്ടംതുരുത്തി മനയിലെ നീലകണ്ഠന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് സത്യഗ്രഹത്തെ എതിര്‍ത്തിരുന്നത്. അക്കാലത്ത് വൈക്കം ക്ഷേത്രത്തിന്‍റെ ഊരാണ്‍മ ഈ മനയ്ക്കായിരുന്നതിനാല്‍ നമ്പൂതിരി കല്‍പിക്കുന്നതെന്തും വേദവാക്യമായിരുന്നു.

സവര്‍ണരുടെ നെടുനായകത്വം നീലകണ്ഠന്‍ നമ്പൂതിരിക്കാണെന്ന് മനസിലാക്കിയ ഗാന്ധിജി കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അദ്ദേഹത്തെ കാണണമെന്നു തീരുമാനിച്ചു. തുടര്‍ന്ന് മാര്‍ച്ച്‌ 10ന് ഗാന്ധിജി പരിവാരസമേതം മനയില്‍ എത്തി. സി രാജഗോപാലാചാരി, മഹാദേവ ദേശായി, രാമദാസ് ഗാന്ധി, ടി ആർ കൃഷ്ണസ്വാമി അയ്യര്‍, ദിവാന്‍ പേഷ്‌കാര്‍ എം വി സുബ്രഹ്മണ്യ അയ്യര്‍, ദേവസ്വം അസി. കമ്മീഷണര്‍ പി വിശ്വനാഥ അയ്യര്‍, തഹസില്‍ദാര്‍ സുബ്രഹ്മണ്യ അയ്യര്‍ എന്നിവര്‍ ഗാന്ധിജിയെ അനുഗമിച്ചു.

ഗാന്ധിജി വൈശ്യസമുദായത്തില്‍പെട്ട ആളായിരുന്നതിനാല്‍ മനയ്ക്കുള്ളില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല. പകരം പ്രത്യേകം നിര്‍മിച്ച പൂമുഖത്ത് ഇരുത്തിയാണ് സംഭാഷണം നടത്തിയത്. സംസ്‌കൃത പണ്ഡിതനും താര്‍ക്കികനുമായിരുന്ന നീലകണ്ഠന്‍ നമ്പൂതിരി ദീര്‍ഘനേരം ഗാന്ധിജിയുമായി സംവാദത്തില്‍ ഏര്‍പ്പെട്ടു. അതുകൊണ്ടൊന്നും സത്യഗ്രഹികളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിലും നമ്പൂതിയുടെ മനസില്‍ പരിവര്‍ത്തനം ഉണ്ടാക്കാന്‍ ആ സന്ദര്‍ശനം ഉപകരിച്ചു.

ഗാന്ധിജി മടങ്ങിയ ഉടനെ അവിടെ ശുദ്ധികലശം നടത്താന്‍ ഇണ്ടംതുരുത്തിയിലെ കാരണവര്‍ മറന്നില്ല. 1925 നവംബര്‍ 23ന് സത്യഗ്രഹം പിന്‍വലിച്ചു. സമരം വിജയം കണ്ടു.

പിന്നീട് ഭൂപരിഷ്‌കരണം മൂലം സമ്പത്ത് നഷ്ടപ്പെടലും ഉള്‍പ്പോരുകളുമൊക്കെ മനയെ പിടിച്ചുലച്ചു. മന വില്‍ക്കേണ്ട സാഹചര്യം വന്നു. വൈക്കത്തെ കമ്യൂണിസ്റ്റ് നേതാവായ സി കെ വിശ്വനാഥന്‍ വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയനുവേണ്ടി മന വില പറഞ്ഞുറപ്പിച്ചു.

അയിത്തോച്ചാടനവും ക്ഷേത്രപ്രവേശന വിളംബരവുമായി ബന്ധപ്പെട്ട സമവായ ചര്‍ച്ചകള്‍ക്കായി എത്തിയ മഹാത്മാഗാന്ധിയെ അകത്ത് പ്രവേശിപ്പിക്കാത്ത ഇണ്ടംതുരുത്തിമന ഇപ്പോള്‍ എഐടിയുസിയുടെ ചെത്തുതൊഴിലാളി യൂണിയൻ ഓഫീസായി മാറി എന്നത് കാലത്തിന്‍റെ കാവ്യനീതിയാകാം.