
കോഴിക്കോട്: വടകരയില്‍ പട്ടാപ്പകല്‍ ക്ഷേത്രത്തില്‍ കവർച്ച. ചെമ്മരത്തൂരിലെ ക്ഷേത്രത്തിലാണ് മോഷണം നടന്നത്. പകല്‍ സമയത്ത് ക്ഷേത്രത്തിനുള്ളില്‍ ആരുമില്ലാത്ത നേരം നോക്കിയെത്തിയ മോഷ്ടാവ് ഭണ്ഡാരം കുത്തിത്തുറന്ന് പണം കവരുകയായിരുന്നു.
മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കോഴിക്കോട് വടകര ചെമ്മരത്തൂർ മേക്കോത്ത് പരദേവത ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ക്ഷേത്രവളപ്പില്‍ അതിക്രമിച്ചു കയറിയ മോഷ്ടാവ് അകത്തുണ്ടായിരുന്ന ഭണ്ഡാരം കുത്തിത്തുറന്നു. ഭണ്ഡാരത്തിന്റെ പൂട്ട് തകർത്ത് ഉള്ളിലുണ്ടായിരുന്ന പണം മുഴുവൻ കവർന്നാണ് പ്രതി രക്ഷപ്പെട്ടത്.
എന്നാല്‍ ക്ഷേത്രത്തിന് സമീപത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളാണ് മോഷ്ടാവിന് വിനയായത്. മോഷണത്തിന്റെ പൂർണമായ ദൃശ്യങ്ങള്‍ ക്യാമറയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഒരാള്‍ മാത്രമാണ് കൃത്യത്തിന് പിന്നിലെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തില്‍ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ വടകര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇത് രണ്ടാം തവണയാണ് ഈ ക്ഷേത്രത്തില്‍ കവർച്ച നടക്കുന്നത്.







