
കോട്ടയം: ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി വി .എൻ . വാസവൻ ഇന്നലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഇടവേള നൽകി കോട്ടയം മെഡിക്കൽ കോളജിലും പൊലീസ് പരേഡ് ഗ്രൗണ്ടിലുമായിരുന്നു.
കോട്ടയം കുമരകം സ്വദേശി അരുണിന്റെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ്ക്ക് വേണ്ടിയുള്ള നെട്ടൊട്ടത്തിലായിരുന്നു സ്ഥാനാർത്ഥി.
കുമരകം ഗ്രാമം ഒന്നിച്ച് ഒരേ മനസോടെ നിന്ന അരുണിന്റെ ഹൃദയശസ്ത്രക്രിയയായിരുന്നു ഇന്നലെ.
1997ലാണ് റുമാറ്റിക് ഹാർട്ട് ഡിസീസ് എന്ന ഹൃദയത്തിന്റെ വാൽവുകളെ തകരാറിലാക്കുന്ന അസുഖം കണ്ടുപിടിക്കുന്നത്. 2006ൽ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഹൃദയത്തിന്റെ മൈട്രൽ വാൽവ് റിപ്പയർ എന്ന ശസ്ത്രക്രിയ ചെയ്യേണ്ടിവന്നു. 2012ൽ വീണ്ടും നടത്തിയ ശസ്ത്രക്രിയയിലൂടെ മൈട്രൽ വാൽവ് മാറ്റി കൃത്രിമ വാൽവ് വയ്ക്കുകയും ചെയ്തു രണ്ട് ഹൃദയ ശസ്ത്രക്രിയകൾക്ക് ശേഷവും ഹൃദയത്തിന്റെ ഭിത്തിയുടെ വലുപ്പം കൂടുകയും ആരോഗ്യ നില അതീവ ഗുരുതരമാവുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ മാത്രമേ ഇത് പരിഹരിക്കാൻ സാധിക്കുകയുള്ളൂ എന്ന് ഡോക്ടർമാർ പറഞ്ഞു. ഇതിന് പണമാണ് തടസ്സമായിരുന്നത്.
തുടർന്ന് നാട് ഒന്നടങ്കം വി.എൻ. വാസവന്റെ നേതൃത്വത്തിൽ അരുണിനായി ഒന്നിച്ചു .
ശസ്ത്രക്രിയക്ക് വേണ്ടിയുള്ള പണം എല്ലാവരും ചേർന്ന് കണ്ടെത്തുകയായിരുന്നു . 50000 രൂപ നൽകി മന്ത്രി വി.എൻ വാസവൻ തന്നെയാണ് ഫണ്ട് കളക്ഷന് തുടക്കമിട്ടത്. ആ പരിശ്രമത്തിൽ 14 ലക്ഷത്തോളം രൂപയാണ് നാട് സമാഹരിച്ചത്.
വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി കൃഷ്ണലാലിന്റെ ഹൃദയമാണ് കുമരകം കുന്നത്തുകളത്തിൽ അരുൺ ഷാജിക്കായി എത്തിയത്. അവയവദാനത്തിന് മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ കുടുംബം തയാറായപ്പോൾ അത് അരുണിന് അനുഗ്രഹമായി മാറി. കിംസ് ആശുപത്രിയിൽ നിന്ന് ഈ വിവരം മെഡിക്കൽ കൊളജ് ആശുപതിയിൽ അറിയിച്ചപ്പോൾ അരുണിന് വേണ്ടി ഇക്കാര്യങ്ങൾ അന്വേഷിച്ചിരുന്ന മന്ത്രിയെയും അവർ വിവരം അറിയിച്ചു.
അതിനെ തുടർന്ന് എല്ലാ തിരക്കുകളും മാറ്റി സ്ഥാനാർത്ഥി അരുണിന്റെ കുടുംബത്തിന് ഒപ്പമായി. എം.സി. റോഡിൽ ഗതാഗത കുരുക്ക ഒഴിവാക്കാൻ സംവിധാനങ്ങൾ ഒരുക്കിയും രോഗിയുടെ ബന്ധുക്കൾക്ക് ആശ്വാസം നൽകിയും ആദ്ദേഹം ഒപ്പം നിന്നു. കേരള സർക്കാരിന്റെ എയർ ആംബുലൻസ് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ ലാൻഡ് ചെയ്ത നിമിഷം മുതൽ അവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് റോഡ് മാർഗ്ഗം എത്തിക്കാൻ വേണ്ട സംവിധാനം ഒരുക്കുന്നതിനും മുൻ പന്തിയിൽ ഉണ്ടായിരുന്നു.
വി എൻ. വാസവൻ ഫേസ് ബുക്കിലൂടെ അഭ്യർത്ഥിച്ചതിനെ തുടർന്ന് പൊലീസും പൊതുജനങ്ങളും എം.സി റോഡിൽ വഴിയൊരുക്കിയിരുന്നു.അതുകൊണ്ട് ഡോക്ടർമാർ നിശ്ചയിച്ച രീതിയിൽ സമയബന്ധിതമായി ആശുപത്രിയിൽ ഹൃദയവുമായി എത്തിച്ചേരാനായി. ഡോക്ടർ ജയകുമാറിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ ആരംഭിച്ചശേഷമാണ് അദ്ദേഹം അവിടെ നിന്ന് മടങ്ങിയത്.







