സംസ്ഥാനത്ത് ഉഷ്ണതരംഗം: 12 ജില്ലകളില്‍ യെലോ അലര്‍ട്ട്
തിരുവനന്തപുരം: ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് ഉഷ്ണ തരംഗ സാഹചര്യം നിലനിൽക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ താപനില ഉയരാൻ സാധ്യത കൂടുതൽ. മെയ് 7, 8 തീയതികളിൽ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോരമേഖലകളിൽ ഒഴികെ 7, 8 തീയതികളിൽ ചൂടും ഈർപ്പവും ഉള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക. ശരീരത്തിൽ നേരിട്ട് വെയിൽ ഏൽക്കുന്ന എല്ലാ തരം പുറം ജോലികളും കായിക വിനോദങ്ങളും മറ്റു പ്രവർത്തനങ്ങളും പൂർണമായും നിർത്തിവെക്കുക. ധാരാളമായി വെള്ളം കുടിക്കുക. നിർജലീകരണം ഉണ്ടാക്കുന്ന മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ, ചായ, കാപ്പി എന്നിവ പകൽ സമയത്ത് പൂർണമായും ഒഴിവാക്കുക. വീട്ടിലും ഓഫീസിലും തൊഴിലിടത്തിലും വായു സഞ്ചാരം ഉറപ്പാക്കുക. എല്ലാവിധ പൊതു പരിപാടികളും വൈകുന്നേരങ്ങളിലേക്ക് മാറ്റി വയ്ക്കുക. പൊതുജനങ്ങൾ സ്വയം നിയന്ത്രണം ഏർപ്പെടുത്തി പരമാവധി പുറത്തിറങ്ങാതെ സുരക്ഷിതമായി ഇരിക്കുക ഇവയൊക്കെയാണ് പ്രധാന ജാഗ്രത നിർദ്ദേശങ്ങൾ.