
അൺലോക്ക് നാലാംഘട്ടത്തിലും സ്‌കൂളുകളും കോളജുകളും തുറക്കാൻ സാധ്യതയില്ല ; മെട്രോ സർവീസുകൾ പുനരാരംഭിച്ചേക്കും : നിർദ്ദേശങ്ങൾ ഇങ്ങനെ
സ്വന്തം ലേഖകൻ
ന്യൂഡൽഹി: രാജ്യത്തെ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരുന്ന ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ച് അൺലോക്ക് 3 അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്.
നാലാംഘട്ട അൺലോക്കിൽ എതൊക്കെ മേഖകളിലായിരിക്കും ഇളവുകൾ അനുവദിക്കുക എന്ന് സംബന്ധിച്ചുള്ള ചർച്ചകൾ ആരംഭിച്ച് കഴിഞ്ഞു. സെപ്റ്റംബർ ഒന്നുമുതൽ അൺലോക്ക് 4ന്റെ ഭാഗമായി മെട്രോ റെയിൽ സർവീസുകൾ ആരംഭിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
എന്നാൽ വരുന്ന ഘട്ടത്തിലും സ്‌കൂളുകൾ അടഞ്ഞ് കിടക്കാനാണ് സാധ്യത.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതൽ ഇളവുകൾ കേന്ദ്രം അൺലോക്ക് നാലാംഘട്ടത്തിൽ അനുവദിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ രാജ്യത്തെ മെട്രോ റെയിൽ സർവീസുകൾ അടഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് അഞ്ച് മാസങ്ങളായി.
അൺലോക്ക് നാലിന്റെ ഭാഗമായി തുറന്ന് പ്രവർത്തിക്കാൻ സാധ്യതയുള്ളവയിൽ മെട്രോ റെയിൽ സർവീസുകളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചനകൾ.
കർശന നിയന്ത്രണങ്ങളോടെയാകും മെട്രോ സർവീസുകൾ ആരംഭിക്കുക. മെട്രോ കാർഡുകൾ വഴി മാത്രം ടിക്കറ്റിംഗ് സംവിധാനം ഒരുക്കും. സമ്പർക്കം കുറഞ്ഞരീതിയിലാകും പ്രവേശനം.
എന്നാൽ മെട്രോ സർവീസിന്റെ ഓരോ സ്റ്റേഷനിലും ട്രെയിനിന്റെ സ്റ്റോപ്പുകളുടെ സമയം, സ്റ്റേഷനുകളിൽ ആൾക്കൂട്ടം സാമൂഹികാകലത്തിനനുസരിച്ച് നിയന്ത്രിക്കുക, ട്രെയിനിനുള്ളിൽ എയർ കണ്ടീഷനിംഗ് സംവിധാനത്തിലും മാറ്റങ്ങൾ ഉണ്ടാകും.
അൺലോക്ക് നാലാംഘട്ടത്തിലും രാജ്യത്തെ സ്‌കൂളുകളും കോളേജുകളും അടഞ്ഞ് കിടക്കാനാണ് സാധ്യതയെന്ന് റിപ്പോർട്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറക്കുന്നത് സംബന്ധിച്ച് ഒരു പദ്ധതിയും കേന്ദ്രത്തിനില്ല, അതേസമയം,ഐ.ഐ.ടി, ഐ.ഐ.എം തുടങ്ങിയ പ്രൊഫഷണൽ കോഴ്‌സുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നു.
അതേസമയം നാലാംഘട്ടത്തിലും ബാറുകൾ തുറന്ന് പ്രവർത്തിക്കാൻ സാധ്യതയില്ല. എന്നാൽ മദ്യം കൗണ്ടർ വഴി വിൽക്കാൻ അനുമതി ലഭിച്ചേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ജൂലൈ 29നാണ് മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് അവസാനത്തെ ഉത്തരവ് ഇറങ്ങിയിരുന്നത്.