
38 പന്തിൽ ഏഴ് സിക്സറുകൾ ആറ് ഫോറുകൾ, അടിച്ചുകയറി ബട്‌ലർ ; അമേരിക്കയെ 10 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട് ലോകകപ്പ് സെമിയിൽ
സ്വന്തം ലേഖകൻ
കെൻസിങ്ടൺ: ടി 20 ലോകകപ്പ് സൂപ്പർ എട്ടിലെ നിർണായക മത്സരത്തിൽ അമേരിക്കയെ 10 വിക്കറ്റിന് തകർത്ത് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് സെമിയിൽ പ്രവേശിച്ചു. ഈ ടൂർണമെന്റിൽ സെമിയിൽ കയറുന്ന ആദ്യ ടീമാണ് ഇംഗ്ലണ്ട്. ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ട ഇംഗ്ലണ്ടിന് വിജയം അനിവാര്യമായിരുന്നു.
അവസരത്തിനൊത്തുയർന്ന ബൗളർമാരും ക്യാപ്റ്റൻ ജോസ് ബട്ട്ലറുമാണ് വിജയം എളുപ്പമാക്കിയത്. 38 പന്തിൽ ഏഴ് സിക്സറുകളുടെയും ആറ് ഫോറുകളുടെയും അകമ്പടിയോടെ ബട്ട്ലർ 83 റൺസെടുത്ത് പുറത്താകാതെ നിന്നു. ഫിൽ സാൾട്ട് 21 പന്തിൽ 25 റൺസെടുത്ത് പുറത്താകാതെ നിന്നു. വെറും 9.4 ഓവറിൽ യുഎസ് ഉയർത്തിയ 115 റൺസ് ഇംഗ്ലണ്ട് മറി കടന്നു. യുഎസ് സ്പിന്നർ ഹർമീത് സിങ്ങിനെ ജോസ് ബട്ട്ലർ തുടർച്ചയായി അഞ്ച് സിക്സറുകൾ പറത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത യുഎസിനെ 2.5 ഓവറിൽ 10 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് പിഴുത ക്രിസ് ജോർദാനാണ് തകർത്തത്. ഹാട്രിക് വിക്കറ്റ് നേട്ടമുൾപ്പെടെയാണ് ജോർദാന്റെ പ്രകടനം. ആദിൽ റാഷിദ്, സാം കുറൻ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. റീസ് ടോപ്ലെയും ലിവിങ്സ്റ്റണും ഓരോ വിക്കറ്റ് നേടി. 30 റൺസെടുത്ത നിതീഷ് കുമാർ, 29 റൺസെടുത്ത കൊറി ആൻഡേഴ്സൺ, 21 റൺസെടുത്ത ഹർമീത് സിങ് എന്നിവർ മാത്രമാണ് അമേരിക്കൻ ബാറ്റിങ് നിരയിൽ തിളങ്ങിയത്.