കേന്ദ്ര ബജറ്റ് കാര്‍ഷിക പൊതുവിതരണ ഗ്രാമീണമേഖലയെ തകര്‍ക്കുന്ന നിലപാടില്‍ ഊന്നല്‍ കൊടുക്കുന്നത്: ഡോ.എന്‍.ജയരാജ്

കേന്ദ്ര ബജറ്റ് കാര്‍ഷിക പൊതുവിതരണ ഗ്രാമീണമേഖലയെ തകര്‍ക്കുന്ന നിലപാടില്‍ ഊന്നല്‍ കൊടുക്കുന്നത്: ഡോ.എന്‍.ജയരാജ്

സ്വന്തം ലേഖകൻ

കോട്ടയം: കേന്ദ്ര സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ബജറ്റ് കാര്‍ഷിക പൊതുവിതരണ ഗ്രാമീണമേഖലയെ തകര്‍ക്കുന്ന നിലപാടില്‍ ഊന്നല്‍ കൊടുക്കുന്നതാണെന്ന് ഗവ.ചീഫ് വിപ്പ് ഡോ എന്‍.ജയരാജ്.

കൃഷിക്കും കാര്‍ഷിക മേഖലയ്ക്കും കര്‍ഷക ക്ഷേമത്തിനും വേണ്ടി നീക്കിവച്ചിരുന്നതില്‍ 718 കോടി രൂപയുടെ കുറവാണ് ഈ ബജറ്റിലൂടെ ഉണ്ടായിരിക്കുന്നത്. വിള ഇന്‍ഷുറന്‍സിന് കഴിഞ്ഞ വര്‍ഷം 15989 കോടി രൂപ അനുവദിച്ചിടത്ത് ഈ ബജറ്റില്‍ 15500 കോടി രൂപ മാത്രമാണ് അനുവദിച്ചത്. 489 കോടി രൂപയുടെ കുറവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിപണിയിലെ ഇടപെടലിന് വേണ്ടി കഴിഞ്ഞ വര്‍ഷം 3595 കോടി രൂപ ഉണ്ടായിരുന്നത് 1500 കോടിയായി വെട്ടിച്ചുരുക്കിയിരിക്കുന്നു. 2095 കോടി രൂപയുടെ കുറവ്. ഇത് കര്‍ഷകരെ വളരെയേറെ ദോഷകരമായി ബാധിക്കുന്ന നടപടിയാണ്.

കാര്‍ഷിക വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും 2347 കോടി രൂപയാണ് മാറ്റി വച്ചിരുന്ന സ്ഥാനത്ത് അത് 1995 കോടി രൂപയായി കുറഞ്ഞു. 352 കോടിയുടെ കുറവ്. ഏറ്റവും പ്രധാനപ്പെട്ട വിഷയം വളം സബ്‌സിഡിക്കായി കഴിഞ്ഞ ബജറ്റില്‍ 140122 കോടി രുപ നീക്കി വച്ച സ്ഥാനത്ത് 105022 കോടി രൂപയായി കുറച്ചിരിക്കുന്നു. 34900 കോടി രൂപയുടെ കുറവ്. വളത്തിന്റെ വര്‍ദ്ധിച്ച വില കര്‍ഷകന് താങ്ങാനാകുന്നതിനും അപ്പുറത്തേക്ക് പോകുമെന്ന കാര്യം ഉറപ്പായി.

കാര്‍ഷിക ഉത്പന്നങ്ങളുടെ വിലസ്ഥിരതയ്ക്ക് വേണ്ടി 2250 കോടി രൂപ ആയിരുന്നത് 1500 കോടി രൂപയായി കുറച്ചു. 750 കോടി രൂപയുടെ കുറവ്. 2021-22 കാലയളവില്‍ ഈ രംഗത്ത് വകയിരുത്തിയിരുന്നത് 11135 കോടി രൂപ എന്ന സ്ഥാനത്തുനിന്നാണ് ഈ അവസ്ഥിയിലെത്തിയത്. വിലസ്ഥിരത ഉറപ്പാക്കുന്നതില്‍ നിന്ന് ക്രമാനുഗതമായി കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ടുപോകുന്നതിന്റെ ലക്ഷണമാണ് നാം കാണുന്നത്. ഇത് കാര്‍ഷികമേഖലയില്‍ നിന്ന് കര്‍ഷകര്‍ കൂടുതലായി വിട്ടുപോകുന്നതിന് കാരണമാകും.

പൊതുവിതരണ സംവിധാനം പൂര്‍ണമായും തകര്‍ക്കുന്ന നിലപാട് ആണ് ഈ വര്‍ഷത്തെ ബജറ്റില്‍ കാണാന്‍ കഴിയുന്നത്. ഭക്ഷ്യപൊതുവിതരണത്തിന് 2021-22ല്‍ 299354 കോടി രൂപ നീക്കി വച്ച സ്ഥാനത്ത് 207291 കോടി രൂപ മാത്രമാണ് വകയിരുത്തിയിരിക്കുന്നത്. 92063 കോടി രൂപയുടെ കുറവ്. ഇതുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട 11 കേന്ദ്ര സ്‌കീമുകള്‍ നിര്‍ത്തലാക്കുന്ന നിര്‍ദേശവും വന്നു കഴിഞ്ഞു.

കേന്ദ്ര ക്ഷേമ പദ്ധതികളില്‍ കോര്‍ ഓഫ് ദി കോര്‍ എന്ന് കരുതുന്നതില്‍ ഒന്നാണ് തൊഴിലുറപ്പ് പദ്ധതി ഉള്‍പ്പെടുന്ന 6 പദ്ധതികള്‍. അവയ്ക്ക് ആകെ 2021-22 കാലഘട്ടത്തില്‍ 121152 കോടി രൂപ വകയിരുത്തിരുന്നത് 2022-23 ബജറ്റില്‍ 99214 കോടി രൂപയായി കുറഞ്ഞു. 21938 കോടിയുടെ കുറവ്. ഇതില്‍ തൊഴിലുറപ്പ് പദ്ധതിക്ക് മാത്രം മുന്‍പുണ്ടായിരുന്ന 98000 കോടിയില്‍ നിന്ന് നിന്ന് കുറച്ച് 73000 ആക്കി. 25000 കോടി രൂപയുടെ കുറവ്.

തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെടും, കാര്‍ഷികമേഖലയില്‍ വലിയ പ്രതിസന്ധി ഉണ്ടാകും. ദാരിദ്ര്യ ലഘൂകരണത്തിന് ഏറെ സഹായിച്ചിരുന്ന പദ്ധതിക്ക് ക്ഷീണം തട്ടുന്നതോടെ സാധാരണ ജനങ്ങളുടെ അവസ്ഥ ദയനീയമാകും. നാളെകളില്‍ കാര്‍ഷികമേഖലയിലും, ഗ്രാമീണ തൊഴില്‍ മേഖലയിലും ഗുരുതരമായി പ്രത്യാഘാതമുണ്ടാകും. വലിയ തോതില്‍ തൊഴില്‍ നഷ്ടപ്പെടും. ബജറ്റ് ആകെ പരിശോധിച്ചാല്‍ കേരള സംസ്ഥാനത്തിന്റെ ദീര്‍ഘകാലമായ ആവശ്യങ്ങള്‍ പലതും പരിഗണിച്ചില്ലായെന്ന് കാണാം.

കോവിഡ് സാഹചര്യത്തില്‍ ജി എസ് ടി കോമ്പന്‍സേഷന്‍ കാലാവധി അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടണമെന്നത് പരിഗണിച്ചില്ല. സംസ്ഥാനങ്ങളുടെ കടമെടുക്കല്‍ ശേഷി നാലില്‍ നിന്ന് 3.5 ലേക്ക് മാറിയതിലൂടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസം നേരിടും. കെ റെയില്‍, മറ്റ് വലിയ പദ്ധതികള്‍ എന്നിവയെപ്പറ്റി പരാമര്‍ശം പോലുമില്ലാത്തത് ഖേദകരമാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്ന ശീലം ഈ ബജറ്റിലൂടെയും നടപ്പാക്കിയിരിക്കുന്നു. പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ദ്ധനവിന് കാരണമാകുന്ന നിര്‍ദേശങ്ങളും കൂടുതലായി ഉള്‍പ്പെടുത്തിയിരിക്കുന്നു.

സഹകരണ മേഖലയെ വരുമാന നികുതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയത് കേരളം പോലെ വിപുലമായ സഹകരണ സ്ഥാപനങ്ങളുള്ള സംസ്ഥാനത്തെ സാരമായി ബാധിക്കും. വലിയ തോതില്‍ ലാഭമുണ്ടാക്കുന്ന വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്ന് നികുതി കൂടുതലായി പിരിക്കുന്നതിന് യാതൊരു നിര്‍ദേശവും പുതുതായി ഏര്‍പ്പെടുത്തിയിട്ടില്ല. ബജറ്റ് ആകമാനം പരിശോധിച്ചാല്‍ കോര്‍പ്പറേറ്റ് ബജറ്റ് എന്നുവിളിക്കാവുന്ന തരത്തിലേക്ക് മാറിയെന്നതാണ് പ്രധാനപ്പെട്ട സംഗതി. കോര്‍പ്പറേറ്റുകള്‍ക്ക് പരമാവധി സഹായം നല്‍കുകയും രാജ്യത്തിന്റെ നട്ടെല്ലായ കാര്‍ഷിക പൊതുവിതരണ ഗ്രാമീണമേഖലയെ തകര്‍ക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് ശക്തമായ പ്രതിഷേധം അര്‍ഹിക്കുന്നു.