play-sharp-fill
യുകെയെ വിറപ്പിച്ച് കൊറോണ വൈറസ് : ബുധനാഴ്ച മാത്രം മരിച്ചത് 34 പേർ : ലണ്ടൻ നഗരം അടച്ച് പൂട്ടി സീൽ ചെയ്യാൻ നിർദ്ദേശിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൻ

യുകെയെ വിറപ്പിച്ച് കൊറോണ വൈറസ് : ബുധനാഴ്ച മാത്രം മരിച്ചത് 34 പേർ : ലണ്ടൻ നഗരം അടച്ച് പൂട്ടി സീൽ ചെയ്യാൻ നിർദ്ദേശിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൻ

സ്വന്തം ലേഖകൻ

ലണ്ടൻ: യുകെയിൽ മരണം വിതച്ച് കൊറോണ. പേടിപ്പെടുത്തുന്ന കണക്കുകളാണ് ഒരോ ദിവസവും പുറത്തു വരുന്നത്. കോവിഡ് 19 ബാധിച്ച് ഇന്നലെ മാത്രം യുകെയിൽ 34 പേർ മരിച്ചതോടെ ദുരന്തത്തിന്റെ ഭീകരത തിരിച്ചറിഞ്ഞിരിക്കുകയാണ് ബ്രിട്ടൻ. ആകെ 104 പേരാണ് ഇതുവരെ യുകെയിൽ കൊറോണ ബാധിച്ച് മരിച്ചത്. രാജ്യത്ത് ഒറ്റയടിക്ക് ഉയർന്നത് 1000ത്തിൽ അധികം രോഗികളാണ്. കാര്യങ്ങൾ കൈവിട്ട് പോകുമെന്ന് തിരിച്ചറിഞ്ഞതോടെ ലണ്ടൻ നഗരം അടച്ച് പൂട്ടി സീൽ ചെയ്യാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൻ നിർദേശിച്ചു. ആൾക്കൂട്ടത്തെ തടയാൻ 20,000 പട്ടാളക്കാർ തെരുവിൽ ഇറങ്ങിയിട്ടുമുണ്ട്.


 

കൊറോണയെ നേരിടുന്നതിനായി വിന്യസിച്ചിരിക്കുന്ന 20,000 സൈനികർ ബ്രിട്ടനിലെ തെരുവുകളിലും ഹോസ്പിറ്റലുകളിലും മറ്റ് പ്രധാനപ്പെട്ട് സൈറ്റുകളിലും നിലകൊണ്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതായിരിക്കും. വിദേശത്തെ പ്രോഗ്രാമുകളിൽ ഏർപ്പെട്ടിരിക്കുന്ന ബ്രിട്ടീഷ് സൈനികരെ വൻതോതിൽ ബ്രിട്ടനിലേക്ക് കൊണ്ടു വരാനും പുതിയ കോവിഡ് സപ്പോർട്ട് ഫോഴ്‌സായി ഉപയോഗിക്കുകയും ചെയ്യും. കൊറോണ സംബന്ധിച്ച് സർക്കാർ നിർദ്ദേശം അവഗണിക്കുന്നവർ സമൂഹത്തിലെ മറ്റുള്ളവരെ കൂടി അപകടത്തിലാക്കുന്നുവെന്ന മുന്നറിയിപ്പ് ഇന്നലെ രാത്രി ബോറിസ് ആവർത്തിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

കൊറോണ വൈറസുമായി ബന്ധപ്പെട്ട് ദിവസം 25,000 പേരെ പരിശോധിക്കുമെന്നാണ് റിപ്പോർട്ട്. കണക്കെടുക്കാനാവാത്ത വിധം മരണവും രോഗവും പടർന്ന് ഇംഗ്ലണ്ട് കടുത്ത പ്രതിസന്ധിയിലാണെത്തിയിരിക്കുന്നത്.ഔദ്യോഗിക കണക്കുകൾ പ്രകാരം 2626 പേർക്കാണ് രാജ്യത്ത് രോഗം ബാധിച്ചതെന്ന് പറയുമ്പോഴും യഥാർത്ഥ രോഗികളുടെ എണ്ണം ഇതിലും എത്രയോ അധികമാണെന്നാണ് കരുതുന്നത്. 24 മണിക്കൂറിനിടെയാണ് പ്രതിദിനം മരണനിരക്ക് ഇരട്ടിയായി 33ൽ എത്തിയിരിക്കുന്നത്.ലണ്ടനിലെ തിരക്കേറിയ തെരുവുകളാണ് രോഗം പടരുന്നതിന്റെ പ്രധാന ഉറവിടങ്ങളെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് തലസ്ഥാനം അടച്ച് പൂട്ടി സീൽ ചെയ്യാൻ ബോറിസ് തീരുമാനിക്കുന്നത്.

 

 

കൊറോണ ബാധിച്ച് തലസ്ഥാനത്ത് മാത്രം ചികിത്സിക്കപ്പെടുന്നത് 953 പേരാണ്. അതായത് യുകെയിലാകമാനമുള്ള രോഗികളുടെ മൂന്നിലൊന്നിലധികവും ലണ്ടനിലാണെന്ന് ചുരുക്കം. ഇത്തരത്തിൽ രോഗം അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തിൽ കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ സ്വീകരിക്കേണ്ടി വരുമെന്നാണ് ബോറിസ് സൂചന നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഏവരും വീടുകളിലിരുന്ന് ജോലി ചെയ്യുന്നതും എല്ലാ സാമൂഹിക കൂട്ടായ്മകളും ഒഴിവാക്കുന്നതും പബുകളും സിനിമാതിയേറ്ററുകളും റസ്റ്റോറന്റുകളും വരെ അടച്ച് പൂട്ടുകയും ചെയ്യേണ്ടി വരുമെന്നുമാണ് ബോറിസ് പറയുന്നത്.

 

സാമൂഹികമായ ഇടപെടലുകൾ പരമാവധി ഒഴിവാക്കണമെന്ന ഔദ്യോഗിക നിർദ്ദേശം നിരവധി ലണ്ടൻകാർ ലംഘിക്കുന്നുവെന്നും തൽഫലമായാണ് തലസ്ഥാനത്ത് കോവിഡ് 19 വളരെ വേഗത്തിൽ പടർന്ന് രൂക്ഷമായിരിക്കുന്നതെന്നുമുള്ളതിന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. രോഗം ലോകമാകമാനം ദുരന്തം വിതച്ച് കൊണ്ടിരിക്കുന്നതിന്റെ പ്രത്യേകിച്ച് ചൈനയിലും ഇറ്റലിയിലും മരണതാണ്ഡവമാടിയതിന്റെ ചൂടാറാത്ത അനുഭവങ്ങൾ കൺമുമ്ബിലുള്ളപ്പോഴും ലണ്ടനിൽ നിരവധി പേർ പബുകളിലും ക്ലബുകളിലും റസ്റ്റോറന്റുകളിലും ഒത്ത് കൂടി വളരെ നേരം അടുത്തിടപഴകിയതാണ് ഇത്തരത്തിൽ കൊറോണ തലസ്ഥാനത്ത് മഹാവ്യാധിയായിത്തീർന്നിരിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്.ഇതിന് പുറമെ നിർദ്ദേശങ്ങളെ അവഗണിച്ച് നിരവധി പേർ പൊതു ഗതാഗത സംവിധാനത്തിൽ ജോലിക്കായി പോകുന്നതും രോഗം പടരുന്നതിന് കാരണമായിത്തീർന്നിട്ടുണ്ട്.

 

 

കൊറോണ മരണങ്ങൾ അനിയന്ത്രിതമാകുന്ന സാഹചര്യത്തിൽ വെസ്റ്റ്മിൻസ്റ്റർ മോർച്ചറിയുടെ കപ്പാസിറ്റി ഇരട്ടിയാക്കുന്നതായിരിക്കും. യുകെയിൽ കൊറോണ ടെസ്റ്റ് ചെയ്യുന്നതിനുള്ള കപ്പാസിറ്റി ഇരട്ടിയാക്കിതോടെ നിലവിൽ പ്രതിദിനം 25,000 ടെസ്റ്റുകൾ നടത്താനാവും. ഇത്തരത്തിൽ രോഗം പടരുന്ന സാഹചര്യത്തിൽ സ്‌കോട്ട്‌ലൻഡിലും വെയിൽസിലും ചെയ്തത് പോലെ ഇംഗ്ലണ്ടിലെ സ്‌കൂളുകളും അടച്ച് പൂട്ടുന്നതിനുള്ള സമ്മർദം ബോറിസിന്റെ മേൽ ശക്തമായിട്ടുമുണ്ട്.

 

കൊറോണ കാരണമുണ്ടായിട്ടുള്ള സാമ്ബത്തികപ്രതിസന്ധിയിൽ നിന്നും കരകയറാൻ അനുവദിച്ചിരിക്കുന്ന അടിയന്തിര ഫണ്ടായ 350 ബില്യൺ പൗണ്ട് അപര്യാപ്തമാണെന്ന് ഇന്നലെ രാജ്യത്തെ ബിസിനസുകൾ ചാൻസലർ ഋഷി സുനകിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിൽ 2182 കൊറോണ കേസുകളും സ്‌കോട്ട്‌ലൻഡിൽ 227കേസുകളും വെയിൽസിൽ 149 കേസുകളും നോർത്തേൺ അയർലണ്ടിൽ 68 കേസുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വെസ്റ്റ് മിൻസ്റ്റർ മോർച്ചറിയിൽ നിലവിൽ 102 മൃതദേഹങ്ങൾ സൂക്ഷിക്കുന്നതിനുള്ള സ്ഥലമാണുള്ളത്.