
യു.ഡി.എഫിൽ നിന്നുള്ള പുറത്താക്കൽ: പൊട്ടിത്തെറിച്ച് ജോസ് കെ.മാണി : പുറത്താക്കിയത് കെ.എം മാണിയെ
സ്വന്തം ലേഖകൻ
കോട്ടയം: ഐക്യജനാധിപത്യ മുന്നണിയെ കെട്ടിപ്പടുത്ത കെ.എം മാണി സാറിനെയാണ് യു.ഡി.എഫ് പുറത്താക്കിയിരിക്കുന്നതെന്ന് കേരളാ കോണ്‍ഗ്രസ്സ്(എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. നീണ്ട 38 വര്‍ഷം എല്ലാ പ്രതിസന്ധിയിലും യു.ഡി.എഫിനെ കാത്തുസംരക്ഷിച്ച മാണിസാറിന്റെ രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞ ഈ തീരുമാനം രാഷ്ട്രീയ അനീതിയാണ്.
ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിനുമപ്പുറം ഇതൊരു രാഷ്ട്രീയ നിതീയുടെ പ്രശ്‌നമാണ്. ധാരണ പാലിച്ചില്ല എന്ന ന്യായം പറഞ്ഞാണ് ഈ പുറത്താക്കല്‍. രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ പരസ്പര സമ്മതത്തോടെയുണ്ടാകുന്നതാണ് ധാരണ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരമൊരു ധാരണ ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് ഞങ്ങള്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. ഇല്ലാത്ത ഒരു ധാരണ ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണ് ഈവിടെ നടന്നത്.
ധാരണകള്‍ ലംഘിക്കുന്നവര്‍ക്ക് യു.ഡി.എഫില്‍ തുടരാന്‍ അര്‍ഹതയില്ല എങ്കില്‍ പി.ജെ ജോസഫിനെ ഒരായിരം തവണ യു.ഡി.എഫില്‍ നിന്നും പുറത്താക്കേണ്ടതാണ്.
പാലാ തെരെഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പുറകില്‍ നിന്ന് കുത്തിയ ജോസഫ് വിഭാഗം നേതാക്കന്മാരുടെ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും അക്കമിട്ട് പറഞ്ഞ് ഞങ്ങള്‍ യു.ഡി.എഫിന് പരാതി നല്‍കിയിരുന്നു. തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല.
പാലാ തെരെഞ്ഞെടുപ്പ് സംബന്ധിച്ച് പി.ജെ ജോസഫ് ഇപ്പോഴും പെരും നുണ ആവര്‍ത്തിക്കുകയാണ്. സിലക്ടീവ് ജസ്റ്റിസ് ഈസ് ഇൻ ജസ്റ്റിന് എന്ന് പറയാറുണ്ട്. തങ്ങളുടെ സൗകര്യം അനുസരിച്ച് മാത്രം ധാരണകളെയും കരാറുകളെയും ഓര്‍ത്തെടുക്കുകയും മറ്റുള്ളത് മറക്കുകയും ചെയ്യുന്ന സിലക്ടീവ് ഡിമൻഷ്യ ആണ് ചിലര്‍ക്ക്.
ഈ തീരുമാനം രാഷ്ട്രീയ അനീതിയാണ്. ഒരു കാര്യം വ്യക്തമായി പറയാം കെ.എം മാണി സാര്‍ പടുത്തുയര്‍ത്തിയ കേരള കോണ്‍ഗ്രസ്സിന്റെ ആത്മാഭിമാനത്തെ ആരുടേയും മുന്നില്‍ അടിയറവ് വെക്കില്ല.