
ഡൽഹി: റിപ്പബ്ലിക് ദിനത്തില്‍ സർക്കാർ സ്കൂളിലെ വിദ്യാർത്ഥികള്‍ക്ക് നേരിടേണ്ടി വന്നത് കടുത്ത അവഗണന.റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നല്കിയ പ്രത്യേക ഉച്ചഭക്ഷണം കുട്ടികള്‍ക്ക് വിളമ്പിയത് കീറിയ നോട്ടുപുസ്തകത്തിന്റെ പേപ്പറുകളിലായിരുന്നു. മധ്യപ്രദേശിലെ മൈഹാർ ജില്ലയിലുള്ള ഭട്ഗവാൻ ഗ്രാമത്തിലെ സ്കൂളിലെ കുട്ടികള്‍ക്കാണ് ഈ ദുർഗതി ഉണ്ടായത്.
. ഇത് വലിയ വിവാദത്തിന് വഴിവച്ചിരിക്കുകയാണ്.
സർക്കാർ നിർദ്ദേശപ്രകാരം പുരിയും ഹല്‍വയുമാണ് വിതരണം ചെയ്തത്. നിലത്തിരുന്ന കുട്ടികള്‍ക്ക് പ്ലേറ്റുകള്‍ക്ക് പകരം മഷി പുരണ്ടതും അഴുക്കുപിടിച്ചതുമായ പേപ്പർ കഷണങ്ങളിലാണ് ഭക്ഷണം നല്‍കിയത്. പേപ്പറില്‍ ഉപയോഗിക്കുന്ന മഷിയിലെ ഈയം പോലുള്ള മാരക രാസവസ്തുക്കള്‍ ചൂടുഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്നത് കുട്ടികളുടെ ആരോഗ്യത്തിന് വലിയ ഭീഷണിയാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നല്കുന്നു.
സ്കൂളില്‍ പ്ലേറ്റുകള്‍ വാങ്ങാനായി ഫണ്ട് അനുവദിച്ചിരുന്നിട്ടും കുട്ടികള്‍ക്ക് പേപ്പറില്‍ ഭക്ഷണം നല്‍കിയത് അഴിമതിയുടെ സൂചനയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംഭവം വിവാദമായതോടെ സ്കൂള്‍ സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ബ്ലോക്ക് റിസോഴ്സ് കോർഡിനേറ്ററോട് (BRC) മുതിർന്ന ഉദ്യോഗസ്ഥനായ വിഷ്ണു ത്രിപാഠി നിർദ്ദേശിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സംഭവം മധ്യപ്രദേശിലെ ഉച്ചഭക്ഷണ പദ്ധതിയിലെ ഗുരുതരമായ വീഴ്ചകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ 88,281 സ്കൂളുകളില്‍ 21,966 എണ്ണവും ഉച്ചഭക്ഷണ വിവരങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടില്ല. മധ്യപ്രദേശില്‍ ഇപ്പോള്‍ 55 ജില്ലകളുണ്ടെങ്കിലും, ഔദ്യോഗിക രേഖകളില്‍ ഇപ്പോഴും 52 ജില്ലകള്‍ മാത്രമേയുള്ളൂ. ഈ ക്രമക്കേട് നടന്ന മൈഹാർ ജില്ല പോലും ഔദ്യോഗിക പട്ടികയില്‍ ഇടംപിടിച്ചിട്ടില്ല.
കഴിഞ്ഞ വർഷം ഷിയോപൂർ ജില്ലയിലും സമാനമായ രീതിയില്‍ കുട്ടികള്‍ക്ക് പേപ്പറില്‍ ഭക്ഷണം നല്കിയ സംഭവം വാർത്തയായിരുന്നു. ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം ഉയർത്തുമെന്ന ഭരണകൂടത്തിന്റെ വാഗ്ദാനങ്ങള്‍ വെറും പാഴ്വാക്കായി മാറുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണേണ്ടി വരുന്നത്.







