“കണ്ണാടിയില്‍ എന്റെ മാറിടങ്ങള്‍ കാണുന്നുണ്ടായിരുന്നു, അയാള്‍ അവിടേക്കുതന്നെ നോക്കിയിരുന്നു”; ഊബര്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ പരാതിയുമായി മാധ്യമപ്രവര്‍ത്തക; ഊബര്‍ ആപ്പ് സമയത്ത് പ്രവര്‍ത്തിച്ചില്ലെന്നും വെളിപ്പെടുത്തൽ; സംഭവത്തില്‍ ഇടപെട്ട് വനിത കമ്മിഷനും
സ്വന്തം ലേഖക
ന്യൂഡല്‍ഹി: ഊബര്‍ ഓട്ടോയില്‍ യാത്ര ചെയ്യുന്നതിനിടെ ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന് മാധ്യമപ്രവര്‍ത്തകയുടെ പരാതി.
സംഭവം വിശദീകരിച്ച് മാധ്യമപ്രവര്‍ത്തക പങ്കുവച്ച ട്വീറ്റ് ശ്രദ്ധനേടിയതിന് പിന്നാലെ ഡല്‍ഹി വനിത കമ്മിഷന്‍ സംഭവത്തില്‍ ഇടപെട്ടു. പരാതിയില്‍ ഡല്‍ഹി പൊലീസും കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിനോദ് കുമാര്‍ എന്നയാള്‍ക്കെതിരെയാണ് പരാതി. ഓട്ടോഡ്രൈവറുടെ ഫോട്ടോയും വിഡിയോയും സഹിതമാണ് മാധ്യമപ്രവര്‍ത്തകയുടെ ട്വീറ്റ്.
“മാളവ്യ നഗറിലെ സുഹൃത്തിനെ കാണാനായി എന്‍എഫ്‌സിയില്‍ നിന്നാണ് ഞാന്‍ ഊബര്‍ ആപ്പ് വഴി ബുക്ക് ചെയ്‌ത ഓട്ടോയില്‍ കയറിയത്. ഓട്ടോയിലിരുന്ന് ഞാന്‍ പാട്ട് കേള്‍ക്കുകയായിരുന്നു അതുകൊണ്ട് എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം കണ്ടില്ല. ഇടയ്ക്ക് ശ്രദ്ധിച്ചപ്പോള്‍ ഡ്രൈവര്‍ ഓട്ടോയുടെ ഇടതുവശത്തെ കണ്ണാടിയിലൂടെ എന്നെ നോക്കുന്നത് കണ്ടു.
കണ്ണാടിയില്‍ എന്റെ മാറിടങ്ങള്‍ കാണുന്നുണ്ടായിരുന്നു. അയാള്‍ അവിടേക്കുതന്നെ നോക്കിയിരിക്കുന്നത് എന്നെ അസ്വസ്ഥപ്പെടുത്തി. സീറ്റിന്റെ മറുവശത്തേക്ക് മാറിയിരുന്നപ്പോള്‍ വലത് വശത്തെ കണ്ണാടിയിലൂടെ അയാള്‍ നോക്കുകയായിരുന്നു. പിന്നെ കണ്ണാടിയില്‍ എന്നെ കാണാത്തവിധം ഞാന്‍ നീങ്ങിയിരുന്നു. പക്ഷെ എന്നിട്ടും അയാള്‍ പിന്മാറിയില്ല.
അപ്പോള്‍ ഊബര്‍ ആപ്പില്‍ കണ്ട നമ്പറില്‍ ബന്ധപ്പെടാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷെ ആപ്പിലെ തകരാറുകാരണം കമ്പനിയുമായി ബന്ധപ്പെടാന്‍ സാധിച്ചില്ല. അതുകൊണ്ട് രാത്രി ഇക്കാര്യം വിവരിച്ച് ട്വീറ്റ് കുറിച്ചു. അത് വൈറലായപ്പോള്‍ ഡല്‍ഹി വനിത കമ്മിഷന്‍ ഇടപെട്ടു.
കമ്മിഷനില്‍ ഞാന്‍ പരാതിയും നല്‍കി. അതുകഴിഞ്ഞാണ് ഞാന്‍ പൊലീസ് പരാതി രജിസ്റ്റര്‍ ചെയ്‌തത്. എഫ്‌ഐആര്‍ ഫയല്‍ ചെയ്യുമെന്നും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാകണമെന്നും ഡല്‍ഹി പൊലീസ് അറിയിച്ചിട്ടുണ്ട്.
സംഭവം നടന്നത് പകല്‍ സമയത്തായതിനാല്‍ എനിക്ക് നേരിടാന്‍ കഴിഞ്ഞു. രാത്രിയിലാണ് ഇത് നടന്നതെങ്കിലോ? ആ സമയത്ത് ഊബര്‍ ആപ്പ് പ്രവര്‍ത്തിച്ചില്ല. ശരിയായ സംവിധാനം ഉണ്ടാകേണ്ടതാണ്. അവര്‍ എന്നെ തിരിച്ച് ബന്ധപ്പെടണമായിരുന്നു. ഞാന്‍ പ്രതികരിച്ചതിന് ശേഷമാണ് കമ്പനി എന്നെ ബന്ധപ്പെട്ടത്”, സംഭവം വിശദീകരിച്ച് മാധ്യമപ്രവര്‍ത്തക കുറിച്ച ട്വീറ്റ്.