രണ്ടു ലക്ഷം രൂപയുടെ ബൈക്കുമായി ബംഗളൂരുവിലേയ്ക്കു കടന്നു; വിദ്യാർത്ഥി മോഷ്ടാക്കൾ പൊലീസ് പിടിയിലായി

രണ്ടു ലക്ഷം രൂപയുടെ ബൈക്കുമായി ബംഗളൂരുവിലേയ്ക്കു കടന്നു; വിദ്യാർത്ഥി മോഷ്ടാക്കൾ പൊലീസ് പിടിയിലായി

Spread the love

ക്രൈം ഡെസ്‌ക്

കോട്ടയം: രണ്ടു ലക്ഷം രൂപ വിലയുള്ള ആഡംബര ബൈക്ക് മോഷ്ടിച്ച്, ഒ.എൽ.എക്‌സിൽ വിൽക്കാനിട്ട മറ്റൊരു ബൈക്കിന്റെ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് വിദ്യാർത്ഥി മോഷണ സംഘം പിടിയിൽ. കോളേജിൽ പെൺകുട്ടികളുടെ മുന്നിൽ ചെത്തിനടക്കുന്നതിനു വേണ്ടിയാണ് സെക്കൻഡ് ഹാൻഡ് ഷോറൂമിൽ നിന്നും ബൈക്ക് മോഷ്ടിച്ചതെന്നു വിദ്യാർത്ഥികൾ പൊലീസിനോടു സമ്മതിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബംഗളൂരു സി.ജോൺസ് കോളേജ് ബി.എച്ച്.എം വിദ്യാർത്ഥി തിരുവല്ല വള്ളംകുളം കയ്യാലയ്ക്കകത്ത് എബി മാത്യു (19), ബികോം വിദ്യാർത്ഥി ചങ്ങനാശേരി കുരിശുമ്മൂട് ശങ്കുവിരിയ്ക്കൽ അജു തോമസ് (20) എന്നിവരെ കോടതിയിൽ ഹാജരാക്കി. ചങ്ങനാശേരിയിലെ യൂസ്ഡ് കാർ ഷോറൂമിൽ നിന്നും ടെസ്റ്റ് ഡ്രൈവിനെന്ന പേരിൽ വാങ്ങിയ കെ.ടി.എം കമ്പനിയുടെ ഡ്യൂക്ക് ബൈക്കാണ് യുവാക്കൾ മോഷ്ടിച്ചു കടത്തിയത്.
കഴിഞ്ഞ 11 ന് ചങ്ങനാശേരി എസി.കനാൽ റോഡിലെ മെൽവിൻ യൂസ്ഡ് കാർ ഷോറൂമിലാണ് മോഷണം നടന്നത്. ടെസ്റ്റ് ഡ്രൈവിനു എ.സി കനാൽ ഓടിച്ചു പോയ ബൈക്ക് പെട്ടന്ന് സമീപത്തെ ഇടവഴിയിലേയ്ക്കു കയറി പോയി. ഈ ബൈക്കിനു സെക്കൻഡ് ഹാൻഡ് വിലയായി 1.80 ലക്ഷം രൂപയും യുവാവ് പറഞ്ഞിരുന്നു. തുടർന്നു ഷോറൂം ഉടമ വിനോദ് ചങ്ങനാശേരി സി.ഐ സി.കെ വിനോദിനു പരാതി നൽകി. തുടർന്നു എസ്.ഐ ഷെമീർ ഖാന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ യുവാവ് ബൈക്കിൽ തിരുവല്ല ഭാഗത്തേയ്ക്കു പോകുന്നതായി കണ്ടെത്തി. സംഭവം നടന്ന സമയത്ത് മറ്റൊരു യുവാവ് ഒരു കുപ്പി പെട്രോളും, ഹെൽമറ്റുമായി എ.സി കനാൽ റോഡിലൂടെ ഫോൺ ചെയ്തു കൊണ്ട് നടക്കുന്നത് കണ്ടെത്തി. സംഭവ സമയത്തെ ഫോൺ കോൾ വിശദാംശങ്ങൾ ശേഖരിച്ച് പൊലീസ് നടത്തിയ അന്വേഷണം കുരിശുമൂട്ട് സ്വദേശി അജുവിൽ എത്തി.
കഴിഞ്ഞ ദിവസം വൈകിട്ട് ഊട്ടിയിൽ നിന്നു വീട്ടിലെത്തിയ അജുവിനെ എസ്.ഐ ഷെമീർഖാന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. ഇയാളെ ചോദ്യം ചെയ്തതോടെയാണ് ബൈക്ക് ബംഗളൂരുവിൽ ഉണ്ടെന്ന് കണ്ടെത്തിയത്. തുടർന്നു ആന്റീ ഗുണ്ടാ സ്‌ക്വാഡ് എ.എസ്.ഐ കെ.കെ റെജി, സിവിൽ പൊലീസ് ഓഫിസർമാരായ ആന്റണി സെബാസ്റ്റ്യൻ, പ്രതീഷ് രാജ്, അരുൺ, പ്രദീപ് ലാൽ, മണികണ്ഠൻ, രജനീഷ്, പ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ ബംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലെ ആദിത്യ അപ്പാർട്ടമെന്റിൽ എത്തി എബി മാത്യുവിനെ പിടികൂടി. ഇവിടെ പോർച്ചിൽ വച്ചിരുന്ന ബൈക്കും കസ്റ്റഡിയിൽ എടുത്തു. പ്രതികളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കി. എന്നാൽ, സംഭവത്തിൽ പരാതിയില്ലെന്നും സ്ഥാപന ഉടമ കോടതിയെ അറിയിച്ചതോടെ, പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു.

650 കിലോമീറ്റർ
ബൈക്കോടിച്ച് പൊലീസ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബംഗളൂരുവിൽ നിന്നു ചങ്ങനാശേരി വരെ 650 കിലോമീറ്ററിലേറെ ദൂരം ബൈക്കോടിച്ച് ചങ്ങനാശേരി പൊലീസ്. പ്രതികളെ തപ്പി കാറിലാണ് പൊലീസ് സംഘം ബംഗളൂരുവിലേയ്ക്കു പോയത്. ഇവിടെ വച്ച് ബൈക്ക് പിടിച്ചെടുത്തെങ്കിലും തിരികെ എങ്ങിനെ കൊണ്ടു വരുമെന്നതായിരുന്നു പ്രശ്നം. ഒടുവിൽ പൊലീസുകാർ ബൈക്ക് മാറിമാറി ഓടിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്നു സംഘാംഗങ്ങൾ ഓരോരുത്തരായി ബൈക്കോടിച്ചു. മറ്റുള്ളവർ പ്രതിയുമായി കാറിൽ പിൻതുടരുകയും ചെയ്തു.