അതിഥി തൊഴിലാളി ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ സിനിമാതാരം; വിനോദ് ഇതുവരെ അഭിനയിച്ചത് പതിനഞ്ചോളം സിനിമകളില്‍

അതിഥി തൊഴിലാളി ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ സിനിമാതാരം; വിനോദ് ഇതുവരെ അഭിനയിച്ചത് പതിനഞ്ചോളം സിനിമകളില്‍

Spread the love

സ്വന്തം ലേഖകൻ

തൃശൂര്‍: ടിക്കറ്റ് ചോദിച്ചതിന്റെ പ്രകോപനത്തില്‍ അതിഥി തൊഴിലാളി ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വിനോദ് സിനിമകളിലും സജീവമായിരുന്നു. പതിനഞ്ചോളം സിനിമകളിലാണ് വിനോദ് അഭിനയിച്ചത്. ആഷിഖ് അബുവിന്റെ ഗ്യാങ്സ്റ്ററിലൂടെയാണു സിനിമയിലെത്തിയത്. ആഷിക് അബുവിന്റെ സുഹൃത്തും സഹപാഠിയും ആയിരുന്നു.

മിസറ്റര്‍ ഫ്രോഡ്, പെരുച്ചാഴി, എന്നും എപ്പോഴും, പുലിമുരുകന്‍, ഒപ്പം, ഹൗ ഓള്‍ഡ് ആര്‍ യൂ?, മംഗ്ലീഷ്, വിക്രമാദിത്യന്‍, കസിന്‍സ്, വില്ലാളിവീരന്‍, വിശ്വാസം അതല്ലേ എല്ലാം, അച്ഛാ ദിന്‍, ലവ് 24×7, രാജമ്മ @ യാഹൂ, നല്ല നിലാവുള്ള രാത്രി എന്നീ ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം – പട്ന എക്സ്പ്രസ് വൈകിട്ട് 6.45ന് തൃശൂർ സ്റ്റേഷൻ വിട്ട് അധികം കഴിയും മുൻപ് മുളങ്കുന്നത്തുകാവ് സ്റ്റേഷനു സമീപത്താണു വിനോദിനെ തള്ളിയിട്ടത്. തൊട്ടടുത്ത ട്രാക്കിലേക്കു വീണ ഇദ്ദേഹത്തിന്റെ ദേഹത്തു കൂടി മറ്റൊരു ട്രെയിൻ കയറിയതിനെത്തുടർന്നാണു മരണം എന്നാണു നിഗമനം.

എസ് 11 കോച്ചിൽ ടിക്കറ്റ് പരിശോധനയ്‌ക്കെത്തിയ വിനോദും രജനികാന്തയും തമ്മിൽ തർക്കം ഉണ്ടായി. ടിക്കറ്റ് ഇല്ലാത്ത രജനികാന്തയോടു പാലക്കാട് എത്തുമ്പോൾ ഇറങ്ങണമെന്നു വിനോദ് നിർദേശിച്ചു. ഇതിനുശേഷം ഇദ്ദേഹം വാതിലിനു സമീപമെത്തി വെള്ളം കുടിക്കുമ്പോൾ പ്രതി തള്ളിയിടുകയായിരുന്നുവെന്നാണു മറ്റു യാത്രക്കാർ നൽകുന്ന വിവരം.

തിരുവനന്തപുരം സ്വദേശിയായ വിനോദ് മഞ്ഞുമ്മൽ പള്ളിക്കു സമീപം പുതിയ വീട്ടിൽ താമസം തുടങ്ങിയത് കഴിഞ്ഞ 27ന് ആണ്. അമ്മ ലളിതയോടൊപ്പമായിരുന്നു താമസം. ഗൃഹപ്രവേശത്തിനു സഹപ്രവർത്തകരെയെല്ലാം ക്ഷണിച്ചിരുന്നു.

മുൻപ് ഡീസൽ ലോക്കോ ഷെഡിലാണ് വിനോദ് ജോലി ചെയ്തിരുന്നത്. എസ്ആർഎംയു യൂണിയന്റെ സജീവ പ്രവർത്തകനായ വിനോദ് റെയിൽവേ ജീവനക്കാരനായിരുന്ന പിതാവ് വേണുഗോപാലൻ നായർ 2002ൽ മരിച്ചതോടെയാണു സർവീസിൽ പ്രവേശിക്കുന്നത്.