ട്രക്കിംങിനിടെ തുരുതുരാ അപകടം: ഒടുവിൽ സഹികെട്ട നാട്ടുകാർ അതു ചെയ്തു; സ്പീഡ് കുറച്ച് വണ്ടി ഓടിച്ചില്ലെങ്കിൽ അടിച്ച് കരണം പൊട്ടിക്കുമെന്ന് നാട്ടുകാർ

ട്രക്കിംങിനിടെ തുരുതുരാ അപകടം: ഒടുവിൽ സഹികെട്ട നാട്ടുകാർ അതു ചെയ്തു; സ്പീഡ് കുറച്ച് വണ്ടി ഓടിച്ചില്ലെങ്കിൽ അടിച്ച് കരണം പൊട്ടിക്കുമെന്ന് നാട്ടുകാർ

സ്വന്തം ലേഖകൻ
മുണ്ടക്കയം: അടിയ്ക്കടി വണ്ടി അപകടം ഉണ്ടാകുന്ന റോഡിലെ നാട്ടുകാർ എന്ത് ചെയ്യണമെന്നതിനുള്ള കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് ഉളുപ്പുണിയിലെ നാട്ടുകാർ.
ഓഫ് റോഡ് വഴി കയറിയെത്തുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ മര്യാദയ്ക്ക് വണ്ടിയോടിച്ചില്ലെങ്കിൽ അടിച്ച് കരണം പുകച്ചു കളയുമെന്ന മറുപടിയാണ് നാട്ടുകാർ ഇപ്പോൾ നൽകുന്നത്.
പറഞ്ഞാൽ പറഞ്ഞ പോലെ ചെയ്യുക മാത്രമല്ല, ഇത് എഴുതി ഫ്‌ളക്‌സായി റോഡിൽ തൂക്കിയിരിക്കുകയാണ് നാട്ടുകാർ.
‘സ്പീഡ് കുറച്ച് വണ്ടി ഓടിച്ചില്ലെങ്കിൽ അടിച്ച് കരണം പൊട്ടിയ്ക്കും!. ഉളുപ്പുണ്ണിയിൽ ട്രെക്കിംങ് ജീപ്പ് അപകടങ്ങൾ തുടർക്കഥയായതോടെയാണ് നാട്ടുകാർ ഇത്തരമൊരു ബോർഡുമായി രംഗത്തെത്തിയത്.
വിനോദ സഞ്ചാരികളുടെ ജീവന് യാതൊരു സുരക്ഷയുമില്ല. മരണപ്പാച്ചിൽ നടത്തുന്ന ജീപ്പ് സർവ്വീസുകളെ നിയന്ത്രിക്കാൻ നിയമപാലകർക്ക് കഴിയാത്ത സാഹചര്യം അപകടങ്ങളുടെ എണ്ണം വർധിപ്പിക്കുന്നു.
വാഗമൺ-ഉളുപ്പുണ്ണി, വണ്ടിപ്പെരിയാർ-സത്രം റൂട്ടിലാണ് സഞ്ചാരികളുമായി ട്രെക്കിങ് ജീപ്പുകൾ ചീറിപ്പായുന്ന കാഴ്ച. കൊടും വളവ്, പാറക്കെട്ടുകൾ, കുത്തനെയുള്ള ഇറക്കം, ഉയരത്തിലുള്ള മലനിരകൾ ഇത്തരത്തിൽ അപകട സാധ്യത നിറഞ്ഞ റോഡുകളിലൂടെ മത്സരയോട്ടം നടക്കുമ്പോൾ പോലീസ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കാഴ്ചക്കാരായി മാറി നിൽക്കുന്നുവെന്നാണ് ആരോപണം.
അമിത വേഗത കാരണം നാട്ടുകാരും പൊറുതി മുട്ടിയിരിക്കുകയാണ്. വേഗം കുറച്ച് ഓടിച്ചില്ലെങ്കിൽ അടികൊടുക്കുമെന്ന് എഴുതേണ്ട സ്ഥിതിവരെയായി. ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ ഭാരവാഹികളും പരാതികൾ പലതും കണ്ടില്ലെന്ന് നടിക്കുന്നതായുള്ള ആരോപണവും ശക്തം. മൂന്നു മാസത്തിനിടെ വാഗമൺ- ഉളുപ്പുണ്ണി റൂട്ടിൽ ഒട്ടേറെ അപകടങ്ങൾ നടന്നു.