Spread the love

സംസ്ഥാനത്ത് ഇന്ന് ട്രോളിംഗ് നിരോധനം ആരംഭിച്ചു. കേരള തീരത്ത് കരയില്‍ നിന്നും കടലിലേക്ക് 12 നോട്ടിക്കല്‍ മൈല്‍ ദൂരം മത്സ്യബന്ധനം പാടില്ല. 52 ദിവസങ്ങളിലായി നടപ്പിലാക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 വരെ നീളും. പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങളെ നിയന്ത്രണം ബാധിക്കില്ല. ട്രോളിങ്ങിന്റെ ഭാഗമായി നീണ്ടകര പാലത്തിന്റെ പടിഞ്ഞാറുഭാഗം, തങ്കശ്ശേരി, അഴീക്കല്‍ ഹാര്‍ബറുകള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ യന്ത്രമത്സ്യബന്ധന ബോട്ടുകളുടെ സഞ്ചാരവും നങ്കൂരമിടലും പൂര്‍ണ്ണമായി നിരോധിക്കും. ഇന്‍ബോര്‍ഡ് എഞ്ചിന്‍ ബോട്ടുകള്‍ ഒഴികെയുള്ള മറ്റെല്ലാ പരമ്പരാഗത ബോട്ടുകള്‍ക്കും നീണ്ടകര ഫിഷിംഗ് ഹാര്‍ബര്‍ വഴി പ്രവര്‍ത്തനാനുമതി ഉണ്ടായിരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

video
play-sharp-fill

അഷ്ടമുടിക്കായലിന്റെ കിഴക്കന്‍ തീരങ്ങളിലും കായല്‍മുഖങ്ങളിലുമുള്ള സ്വകാര്യജെട്ടികളിലും വോര്‍ഫുകളിലും യന്ത്ര ബോട്ടുകള്‍ക്ക് ലാന്‍ഡിംഗ് സൗകര്യം നല്‍കരുതെന്നാണ് നിര്‍ദേശം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സ്യബന്ധന ബോട്ടുകളോടും നിരോധനം ആരംഭിക്കുന്നതിന് മുമ്പ് കൊല്ലം തീരം വിട്ടുപോകാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിരോധനം ലംഘിച്ച് ട്രോളറുകള്‍ കടലില്‍ പോകുന്നത് തടയാന്‍ നീണ്ടകര, ശക്തികുളങ്ങര, ആലപ്പാട്, അഴീക്കല്‍ മേഖലകളിലെ എല്ലാ മറൈന്‍ ഇന്ധന പമ്പുകളും അര്‍ധരാത്രി മുതല്‍ ജൂലൈ 28 വരെ അടച്ചിടും. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ കടുത്ത നടപടി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വലിയ ബോട്ടുകള്‍ ഒതുക്കി, ഹാര്‍ബര്‍ പൂട്ടും. 52 ദിവസങ്ങളിലായി നടപ്പിലാക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 ന് അവസാനിക്കും.

അതേസമയം കാലവര്‍ഷമമെത്തിയതോടെ മോശം കാലാവസ്ഥയും മുന്നറിയിപ്പും കണക്കിലെടുത്ത് കഴിഞ്ഞ ദിവസങ്ങളില്‍ കടലില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. ട്രോളിങ് നിരോധനം കൂടി വരുന്നതോടെ വറുതിയിലാകും ജീവിതമെന്ന ആശങ്കയാണ് മത്സ്യത്തൊഴിലാളികള്‍ പങ്കുവെയ്ക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group