play-sharp-fill
തിരുവനന്തപുരം  കാരക്കോണത്ത് മീനില്‍ പുഴു; ആരോഗ്യ വകുപ്പിന്റെ പരിശോധനയില്‍ പിടിച്ചെടുത്തത് 800 കിലോ പഴകിയ മത്സ്യം

തിരുവനന്തപുരം കാരക്കോണത്ത് മീനില്‍ പുഴു; ആരോഗ്യ വകുപ്പിന്റെ പരിശോധനയില്‍ പിടിച്ചെടുത്തത് 800 കിലോ പഴകിയ മത്സ്യം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരുവനന്തപുരം കാരക്കോണത്ത് പുഴുവിനെ കണ്ടെത്തിയെന്ന നാട്ടുകാരുടെ പരാതിയില്‍ നടത്തിയ പരിശോധനയില്‍ 800 കിലോ പഴകിയ മത്സ്യം കണ്ടെത്തി.


പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഒരു മാസത്തോളം പഴക്കമുള്ള മത്സ്യമാണ് പിടിച്ചെടുത്തത്. മീനില്‍ രാസവസ്തുക്കള്‍ കലര്‍ത്തിയിരുന്നെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നടത്തിയ പരിശോധനയില്‍ കേരളത്തിലുടനീളം നിന്ന് 7000 കിലോയോളം പഴകിയ മത്സ്യമാണ് പിടിച്ചെടുത്തത്. കൂടാതെ പഴകിയ മീന്‍ വിറ്റ 150 കടകളും ഭക്ഷ്യ സുരക്ഷാ വകുപ്പ് പൂട്ടിയിരുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് പാലക്കാട് നിന്ന് 1800 കിലോ വരുന്ന പഴകിയ മത്സ്യം കണ്ടെത്തിയിരുന്നു.
അതേസമയം, ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ നഗരത്തില്‍ കോര്‍പ്പറേഷന്‍ ഹെല്‍ത്ത് സ്‌ക്വാഡും ഭക്ഷ്യസുരക്ഷാ വകുപ്പും നടത്തിയ പരിശോധനയില്‍ അഞ്ച് ഹോട്ടലുകളും രണ്ട് ഹോസ്റ്റലുകളും പൂട്ടിച്ചു.

ഹെല്‍ത്ത് വിഭാഗം നടത്തിയ പരിശോധനയില്‍ നാല് ഹോട്ടലുകളും രണ്ട് ഹോസ്റ്റലുമാണ് പൂട്ടിയത്. വിഴിഞ്ഞം അലാവുദീന്‍ റസ്റ്റോറന്റ്, നന്ദന്‍കോട് ഇറാനി റസ്റ്റോറന്റ്, പൊട്ടക്കുഴി മൂണ്‍സിറ്റി തലശേരി ദം ബിരിയാണി, നന്ദന്‍കോട് ഗീതാഞ്ജലി ടിഫിന്‍ സെന്റര്‍ എന്നിവിടങ്ങളില്‍ കോര്‍‌പ്പറേഷന്‍ നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ അടുക്കള കണ്ടെത്തുകയും ഇവിടെ നിന്ന് പഴകിയ ഭക്ഷണം പിടികൂടുകയും ചെയ്തിരുന്നു.

ഭക്ഷ്യസുരക്ഷാ വകുപ്പ് 11 ഹോട്ടലുകളില്‍ പരിശോധന നടത്തുകയും മൂന്ന് ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കുകയും മൂന്നെണ്ണത്തില്‍ നിന്ന് പിഴയീടാക്കുകയും ചെയ്‌തു.