
തിരുവനന്തപുരം നഗരത്തിൽ അമ്മയും മകളും നടത്തുന്ന കടയിൽ മദ്യപസംഘത്തിന്റെ അതിക്രമം,; ചോദ്യം ചെയ്ത യുവാവിന് നേരെയും മർദ്ദനം; ആറു പേർ കസ്റ്റഡിയിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നഗരത്തിൽ മദ്യലഹരിയിൽ പത്തംഗ സംഘം സ്ത്രീകൾ നടത്തുന്ന കടയ്ക്കും വലിയശാലയിലെ വീടിനും നേരെ അതിക്രമം നടത്തി.
ഇന്നലെ രാത്രിയിലാണ് നെയ്യാറ്റിൻകര ഊരുട്ടുകാല സ്വദേശികൾ ആക്രമണം നടത്തിയത്. സംഘത്തിലെ ആറുപേരെ തമ്പാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ ഒപ്പമുണ്ടായിരുന്ന ആറ് പേർ ഒളിവിലാണ്. പിടിയിലായ എല്ലാവരും മദ്യലഹരിയിലാണെന്ന് പൊലീസ് പറഞ്ഞു.
തമ്പാനൂർ അരിസ്റ്റോ ജംഗ്ഷനിൽ അമ്മയും മകളും നടത്തുന്ന ചിപ്സ് കടയിലാണ് ആദ്യ ആക്രമണമുണ്ടായത്. കടയിൽ ചായ കുടിക്കാനെത്തിയ സമീപത്തെ ട്രാവൽ ഏജൻസി മാനേജറായ മനോജിനെ സംഘം ക്രൂരമായി മർദിച്ചു. എറണാകുളം സ്വദേശിയായ അമ്മയും മകളുമാണ് ചിപ്സ് കട നടത്തുന്നത്. സമീപത്തെ ഹോട്ടലിൽ ബർത്ത് ഡേ പാർട്ടിക്കെത്തിയതാണ് സംഘമെന്നാണ് വിവരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടയിൽ കയറിയ രണ്ടുപേർ കൗണ്ടറിലിരുന്ന മകളോട് മോശമായ കമന്റ് പറഞ്ഞപ്പോൾ അമ്മ ഇടപെട്ടു വിലക്കി. ഇതിനിടെ പുറത്തു നിൽക്കുകയായിരുന്ന സംഘത്തിലെ മറ്റുള്ളവർ കടയ്ക്കുള്ളിലേക്കു കയറി. ഇവർ അമ്മയെയും മകളെയും കളിയാക്കാൻ ശ്രമിച്ചു. യുവാക്കളെ വിലക്കിയതോടെ ഇവർ ദേഷ്യപ്പെട്ടു പുറത്തുപോയി.
ഇതിനിടെയാണ് മനോജ് ഇവിടെ ചായകുടിക്കാനെത്തിയത്. ഇതോടെ യുവാവിനു നേരെ തിരിഞ്ഞ സംഘം യുവാവിനെ ബൈക്കിടിച്ചു വീഴ്ത്താൻ ശ്രമിച്ചു. ഇയാളെ പുറത്തേക്കിറക്കി റോഡിൽവച്ച് സംഘം ചേർന്ന് മർദ്ദിച്ച് അവശനാക്കുകയായിരുന്നു. ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.