തീവണ്ടിയിൽ യുവതിയെ ആക്രമിച്ച സംഭവം: പ്രധാന പ്രതിയുടെ സഹായികളായ മൂന്നു പേർ പിടിയിൽ; പിടിയിലായവർ ഒളിവിൽ കഴിയാനും സ്വർണം വിൽക്കാനും സഹായിച്ചവർ; ഇനി ഒരാൾ കൂടി പിടിയിലാകാനുണ്ടെന്നു പൊലീസ്
തേർഡ് ഐ ബ്യൂറോ
എറണാകുളം: ട്രെയിനിൽ യുവതിയെ ആക്രമിക്കുകയും കവർച്ച നടത്തുകയും ചെയ്ത കേസിലെ പ്രധാന പ്രതിയുടെ കൂട്ടാളികളായ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി ബാബുക്കുട്ടനെ രക്ഷപെടാനും, മോഷണ മുതൽ വിൽക്കാനും സഹായിച്ച പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മുഖ്യപ്രതി ബാബുക്കുട്ടന്റെ സഹായികളായ വർക്കല പനനിൽക്കുംവിള വീട്ടിൽ പ്രദീപ് (അപ്പി – 37) , ഒലിപ്പ് വിള വീട്ടിൽ മുത്തു (20) പിതാവ് സുരേഷ് (49) എന്നിവരെയാണ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ 28 നായിരുന്നു കേസിനാസ്പദമായ സംഭവം. മുളന്തുരുത്തിയിൽ വച്ചാണ് യുവതിയെ ബാബുക്കുട്ടൻ ഓടുന്ന ട്രെയിനിനുള്ളിൽ വച്ച് ആക്രമിച്ച് സ്വർണവും പണവും കവർന്നത്. തുടർന്നു ഇയാൾ ട്രെയിനുള്ളിൽ നിന്നും ചാടി രക്ഷപെടുകയും ചെയ്തിരുന്നു.
ഇവിടെ നിന്നും രക്ഷപെട്ട പ്രതിയായ ബാബുക്കുട്ടൻ വർക്കലയിലാണ് എത്തിയത്. വർക്കലയിലെ ചെമ്മരുതിയിൽ ബാബുക്കുട്ടൻ ഒളിച്ച് താമസിക്കുന്ന വീട്ടിൽ ഇതിനുള്ള സൗകര്യം ഒരുക്കിയത് ഇപ്പോൾ പിടിയിലായ പ്രതികളായിരുന്നു. ഇവരാണ് വർക്കലയിലെ ജുവലറിയിൽ സ്വർണം വിറ്റത്. ഈ ജുവലറിയിൽ നിന്നും വിറ്റ സ്വർണം കണ്ടെത്തി.
കേസിൽ പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. റെയിൽവേ എസ്.പി എസ്.രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എറണാകുളം ഡിവൈ.എസ്.പി കെ.എസ് പ്രശാന്ത്, ഇൻസ്‌പെക്ടർ ക്രിസ്പിൻ സാം, എസ്.ഐ അഭിലാഷ്, സ്‌പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ കോട്ടയം എസ്.ഐ അരുൺ നാരായൺ, എസ്.ഐ കുര്യൻ, എ.എസ്.ഐമാരായ സിജോ രവീന്ദ്രൻ, സുരേഷ് കുമാർ, മുരളി എന്നിവരാണ് ഉണ്ടായിരുന്നത്.