
ഒരുപക്ഷേ ഇതായിരിക്കാം കേരളത്തിലെ ഏറ്റവും അച്ചടക്കമുള്ള കള്ളുഷാപ്പ്…എത്രയോ മദ്യപർ ഇടിവാങ്ങിയ മുറിയിലിരുന്ന് കള്ള് കുടിക്കണോ?നേരെ നെടുങ്കണ്ടം കമ്പംമേടിന് വിട്ടോളൂ;അവിടുത്തെ പഴയ പോലീസ് സ്റ്റേഷൻ കെട്ടിടം ഇപ്പോൾ കള്ളുഷാപ്പാണ്.രണ്ടര പതിറ്റാണ്ടോളം പോലീസ് സ്റ്റേഷനായിരുന്ന കെട്ടിടത്തിൽ ഇരുന്ന് കള്ളടിക്കാം,ഓർമ്മകൾക്ക് ഒരു സല്യൂട്ടും നൽകി…
വേറിട്ട അനുഭവങ്ങൾ നാം മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണല്ലോ?ന്യൂജെൻ ഭാഷയിൽ പറഞ്ഞാൽ വേറെ വൈബിലിരുന്നു വേണം കഴിക്കാനും കുടിക്കാനുമൊക്കെ.അതിന് പറ്റിയൊരു സ്ഥലമുണ്ട്, കേരളാ-തമിഴ്‌നാട് അതിര്‍ത്തിയിലെ കമ്പംമേട് കള്ളുഷാപ്പ്…
ഈ കള്ളുഷാപ്പിലിരുന്നു കാതോര്‍ത്താല്‍ കുപ്പികളുടെ കലപിലയ്‌ക്കു മീതേ ബൂട്ടുകളുടെ ഝടപട ശബ്‌ദം കേള്‍ക്കാം.കാര്യമെന്താണെന്നല്ലേ,ഏതാണ്ട് രണ്ടരപ്പതിറ്റാണ്ടോളം പോലീസ് സ്‌റ്റേഷനായിരുന്ന കെട്ടിടത്തിലാണിപ്പോള്‍ കള്ളുഷാപ്പ് പ്രവര്‍ത്തിക്കുന്നത്.അതിനാൽ തന്നെ പൂസാകാനെത്തുന്നവരില്‍ പ്രദേശവാസികളായ ചിലര്‍ക്കെങ്കിലും പഴയൊരു ലോക്കപ്പ് മുറി ഓര്‍മവന്നേക്കാം.
പഴയ ലോക്കപ്പ് മുറിയിലിപ്പോള്‍ രണ്ട് ഡസ്‌ക്കും ഇരിപ്പിടങ്ങളുമാണുള്ളത്. 1980-ല്‍ ടി.കെ. രാമകൃഷ്‌ണന്‍ ആഭ്യന്തരമന്ത്രിയായിരിക്കേയാണു കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ പോലീസ് സ്‌റ്റേഷന്‍ അനുവദിച്ചത്. ഒരു എസ്.ഐയും നാല് “നിക്കര്‍” പോലീസുകാരുമാണ് അന്നുണ്ടായിരുന്നതെന്നു കുടിയന്‍മാരിലെ പഴമക്കാര്‍ ഓര്‍ക്കുന്നു.
പ്രദേശത്ത് കല്‍ക്കുമ്മായം തേച്ച്, ഓടുമേഞ്ഞ ഏകകെട്ടിടമായിരുന്നു ഇത്. കമ്പം-കമ്പംമേട്-പുളിയന്മല റോഡും കാളവണ്ടി കടന്നുപോകുന്ന മണ്‍പാതയും. പോലീസ് ജീപ്പൊക്കെ വന്നതു വര്‍ഷങ്ങള്‍ക്കുശേഷമാണ്. വാടകക്കെട്ടിടത്തില്‍നിന്നു പോലീസ് സ്വന്തം കെട്ടിടത്തിലേക്കു മാറിയതോടെ പഴയ സ്‌റ്റേഷനു മുന്നിലെ ബോര്‍ഡ് കള്ളുഷാപ്പിന്റേതായി. പോലീസ് സ്‌റ്റേഷന്റെ ഓര്‍മകള്‍ തങ്ങിനില്‍ക്കുന്നതിനാലാവാം, അച്ചടക്കമാണ് ഈ ഷാപ്പിന്റെ മുഖമുദ്ര.അത് കൊണ്ട് നിസ്സംശയം പറയാം…മനസ്സമാധാനത്തോടെ ഇത്തിരി കള്ള് കുടിക്കണമെങ്കിൽ നേരെ വിട്ടോളൂ…കമ്പംമേട് കള്ളുഷാപ്പിലേക്ക്…
Whatsapp Group 1 | Whatsapp Group 2 |Telegram Group
