
“തുടരും” എന്ന ചിത്രത്തിലെ ശക്തനായ വില്ലനെ അവതരിപ്പിച്ച പ്രകാശ് വർമ്മ ആദ്യ ചിത്രത്തിലൂടെ പേരെടുത്തു: സുന്ദരനായ വില്ലൻ , തകർപ്പൻ അഭിനയം എന്നൊക്കെയാണ് പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്.
കൊച്ചി: തുടരും’ എന്ന സിനിമ
കണ്ടിറങ്ങുന്നവരെല്ലാം ആദ്യം അന്വേഷിക്കുക ജോർജ് മാത്തനായെത്തി ഗംഭീര പെർഫോമൻസ് കാഴ്ച വച്ച നടൻ ആരാണ് എന്നാവും.
സുന്ദരമായ മുഖത്തോടെയും പുഞ്ചിരിയോടെയുമെത്തി പിന്നീടങ്ങോട്ട് കൊടൂരവില്ലനായി തകർത്താടുകയായിരുന്നു ജോർജ് മാത്തൻ എന്ന കഥാപാത്രം.
ചിത്രത്തിലെ ഗംഭീര കാസ്റ്റുകളില്‍ ഒന്നും ജോർജ് മാത്തൻ തന്നെ. പ്രകാശ് വർമ്മയാണ് ജോർജ് മാത്തൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പ്രകാശ് വർമ്മയുടെ ആദ്യ സിനിമയാണ് തുടരും എന്നതാണ് മറ്റൊരു കൗതുകകരമായ കാര്യം. ‘ഇത്രനാളും എവിടെയായിരുന്നു മുത്തേ? എന്തേ വരാൻ വൈകി?’ എന്നൊക്കെയാണ് ആരാധകരുടെ ചോദ്യം. അതേസമയം, എൻ എഫ് വർഗീസുമായും രഞ്ജി പണിക്കരായുമൊക്കെ പ്രകാശ് വർമ്മയെ ഉപമിക്കുന്നവരും ഏറെയാണ്. എന്തായാലും ഒരൊറ്റ ദിവസം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ് പ്രകാശ് വർമ്മ.
ട്രെയിലറില്‍ പോലും മുഖം കാണിക്കാതെ അതീവ സർപ്രൈസായിട്ടാണ് സംവിധായകൻ തരുണ്‍ മൂർത്തി ആ കഥാപാത്രത്തെ വെളിപ്പെടുത്തിയത്.
ആദ്യചിത്രത്തില്‍ തന്നെ, മോഹൻലാലിനോട് ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനം കാഴ്ച വച്ച പ്രകാശ് വർമ്മ പക്ഷെ നിസ്സാരക്കാരനല്ല, മലയാളികള്‍ക്ക് അത്ര അപരിചിതനുമല്ല. പരസ്യമേഖലയിലെ പുലിയാണ് കക്ഷി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വോഡഫോണിന്റെ സൂപ്പര്‍ ഹിറ്റായി മാറിയ സൂസൂ പരസ്യം, നന്‍പകല്‍ നേരത്ത് മയക്കത്തിന് പ്രചോദനമായ ഗ്രീന്‍ പ്ലൈയുടെ പരസ്യം, ഷാരൂഖ് ഖാന്റെ പ്രശസ്തമായ ദുബായ് ടൂറിസം പരസ്യം എന്നിങ്ങനെ പ്രശസ്തമായ നിരവധി പരസ്യങ്ങളുടെ പിന്നില്‍ പ്രവർത്തിച്ചത് പ്രകാശ് വർമ്മയാണ്. ബാംഗ്ലൂർ ആസ്ഥാനമായുള്ള നിര്‍വാണ ഫിലിംസിന്റെ തലവനെന്ന രീതിയില്‍ പരസ്യലോകത്തിന് ഏറെ സുപരിചിതനാണ് പ്രകാശ് വര്‍മ.
ആലപ്പുഴ സ്വദേശിയായ പ്രകാശ് വർമ്മ 2001 മുതല്‍ പരസ്യരംഗത്ത് സജീവമാണ്. ലോഹിതദാസ്, വിജി തമ്പി എന്നിവർക്കൊപ്പം സംവിധാന സഹായിയായും പ്രകാശ് പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് വി കെ പ്രകാശിന്റെ പരസ്യചിത്രങ്ങളിലൂടെയാണ് പരസ്യമേഖലയിലേക്ക് കടക്കുന്നത്.