Spread the love

തൃശൂർ: തൃശൂര്‍ വടക്കേക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ കേസില്‍ മാതാപിതാക്കളെയും പ്രതിപ്പട്ടികയില്‍ ഉള്‍പെടുത്താനുള്ള നീക്കവുമായി പൊലീസ്. അന്വേഷണം പുരോഗമിക്കുന്നുവെന്ന് പറയുന്നുവെങ്കിലും പ്രതികൾക്കുള്ള ഉന്നത- രാഷ്ട്രീയ ബന്ധങ്ങൾ അറസ്റ്റ് വൈകിപ്പിക്കുന്നുവെന്നാണ് സൂചന.

video
play-sharp-fill

തന്റെ മാതാപിതാക്കളുടെ അറിവോടെയാണ് പീഡനം എന്നാണ് കുട്ടിയുടെ മൊഴി. ഇത് ഞെട്ടിപ്പിക്കുന്നതാണ്. കേസിൽ ഇനി രണ്ടുപേരെ കൂടി കിട്ടാനുണ്ട്. സംഘത്തിൽ കൂടുതൽ പേർ ഉള്ളതായി പൊലീസ് സംശയിക്കുന്നു. കാപ്പിരിക്കാട് സ്വദേശി ഷാഫി (26) ആണ് അറസ്റ്റിലായത്. ഇയാളെ റിമാൻഡ് ചെയ്തു.

പാപ്പാളി സ്വദേശി ബാദുഷയും മറ്റൊരാളും ആണ് ഒളിവിൽ കഴിയുന്നത്. ഒളിവിലുള്ള രണ്ടാമത്തെയാൾ ആരാണെന്നു പൊലീസിനു കൃത്യമായി കണ്ടെത്താനായിട്ടില്ല. വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന കുട്ടിയാണ് കഴിഞ്ഞ മേയിൽ ട്യൂഷൻ സെന്ററിലും കഴിഞ്ഞ ആഴ്ച വീട്ടിലും പീഡനത്തിനിരയായത്. എതിർത്തപ്പോൾ കെട്ടിയിട്ടാണ് പീഡിപ്പിച്ചത്. ഇക്കാര്യം പെൺകുട്ടി തന്നെ പൊലീസിനോടു പറഞ്ഞിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയുടെ പിതാവ് കഞ്ചാവ് വിൽപനക്കാരനാണ്. ഇയാളെ പലവട്ടം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭാര്യയും കഞ്ചാവ് വിൽപന നടത്തുന്നുണ്ട്. ഇവരിൽ നിന്നു സ്ഥിരം കഞ്ചാവ് വാങ്ങുന്നവരാണ് പ്രതികൾ എന്നാണു സൂചന. പീഡന വിവരം അമ്മയെ അറിയിച്ചെങ്കിലും കാര്യമാക്കിയില്ലത്രെ. മാത്രമല്ല ആരോടും പറയരുതെന്ന് പറഞ്ഞ് കുട്ടിയെ വിലക്കിയതായും വിവരമുണ്ട്. പീഡനത്തിനുള്ള അവസരം മാതാപിതാക്കൾ ഒരുക്കിയിരുന്നതായും പെൺകുട്ടിയുടെ മൊഴിയിലുണ്ട്.

പീഡനം നടന്നതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. കുട്ടി ക്ലാസിൽ വരാഞ്ഞതിന്റെ കാരണം ഫോണിൽ തിരക്കിയ അദ്ധ്യാപികയാണ് ഞെട്ടിക്കുന്ന പീഡന വിവരം പുറത്തറിയാൻ വഴി തുറന്നത്. ഓഗസ്റ്റിൽ കുട്ടി തുടർച്ചയായി ഏതാനും ദിവസം ക്ലാസ് മുടക്കിയിരുന്നു. വിളിച്ച് അന്വേഷിച്ചപ്പോൾ കുട്ടിയുടെ മറുപടികളിൽ സംശയം തോന്നിയ അദ്ധ്യാപിക സ്‌കൂളിൽ വിളിച്ചു വരുത്തി കൗൺസലിങ്ങിനു നിർദ്ദേശിക്കുകയായിരുന്നു.

ഈ കൗൺസിലിങ്ങിലാണ് സംഘം ചേർന്ന് പീഡിപ്പിച്ചത് സംബന്ധിച്ച വിവരങ്ങൾ കുട്ടി വെളിപ്പെടുത്തിയത്. മേയിലും ഓഗസ്റ്റിലും പീഡനത്തിന് ഇരയായിട്ടുണ്ട് എന്നാണ് സൂചന. ചൈൽഡ് ലൈൻ പരാതി നൽകിയതിനെ തുടർന്നാണ് വടക്കേകാട് പൊലീസ് കേസെടുത്തത്.

വീടിന്റെ പിൻവാതിൽ കുറ്റിയിടാറില്ലെന്ന് അറിയുന്ന പ്രതികൾ ഇതുവഴി അകത്തു കയറി പെൺകുട്ടിയെ മുറിയിലടച്ച് കൂട്ട മാനഭംഗത്തിനിരയാക്കുകയായിരുന്നു. എതിർത്തപ്പോൾ കൈകൾ കെട്ടിയിട്ടു. കുട്ടിയുടെ ശരീരത്തിൽ പരുക്കുകൾ ഉണ്ടായിരുന്നു. കുട്ടി അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നതായും അദ്ധ്യാപകർ പറയുന്നു. ട്യൂഷൻ സെന്ററിൽ മെയ്‌ മാസത്തിലാണ് ആദ്യ പീഡനം നടന്നത്. സംഭവത്തിനു ശേഷം പ്രതികൾ ഇവിടെ നിന്നു വരുന്നത് മറ്റു വിദ്യാർത്ഥികൾ കണ്ടതായും മൊഴിയിലുണ്ട്.