മഠത്തില്‍ വരവിനിടെ പഞ്ചവാദ്യക്കാരുടെമേല്‍ മരം വീണു; രണ്ട് പേർ മരിച്ചു ; മൂന്ന് പേരുടെ നില അതീവ ഗുരുതരം; മരക്കൊമ്പ് ഒടിഞ്ഞു വീണപ്പോൾ ആന ഭയന്നോടിയത് പരിഭ്രാന്തി പരത്തി; ജനങ്ങളെ നിയന്ത്രിച്ചിരുന്നതിനാല്‍ ഒഴിവായത് മഹാദുരന്തം
സ്വന്തം ലേഖകൻ
തൃശൂര്‍: തൃശൂര്‍ പൂരത്തിലെ മഠത്തില്‍ വരവിനിടെ മരം വീണ് രണ്ടുപേര്‍ മരിച്ചു. തിരുവമ്പാടി ദേവസ്വം അംഗം നടത്തറ സ്വദേശി രമേശന്‍, തിരുവമ്പാടി ദേവസ്വം അംഗം പൂങ്കുന്നം സ്വദേശി പനിയത്ത് രാധാകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്.
25ലേറെ പേര്‍ക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരില്‍ പൊലീസുകാരുമുണ്ട്. രാത്രി 12ഓടെയാണ് സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവമ്പാടി ദേവസ്വത്തിന്റെ രാത്രി പൂരത്തിന്റെ ഭാഗമായുള്ള മഠത്തില്‍ വരവിനിടെ പഞ്ചവാദ്യക്കാരുടെമേല്‍ ആല്‍മരത്തിന്റെ വലിയ കൊമ്പ് ഒടിഞ്ഞുവീഴുകയായിരുന്നു. മരത്തിന്റെ ഭാഗം വീണയുടന്‍ കുട്ടന്‍കുളങ്ങര അര്‍ജുനന്‍ എന്ന ആന ഭയന്നോടിയത് പരിഭ്രാന്തി പരത്തിയെങ്കിലും പിന്നീട് ആനയെ തളച്ചു.
കോവിഡ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി പൂരാഘോഷത്തിന് ജനങ്ങളെ നിയന്ത്രിച്ചിരുന്നതിനാല്‍ മഹാദുരന്തം ഒഴിവായി.
ഗുരുതര പരിക്കേറ്റ എട്ടുപേര്‍ വിവിധ ആശുപത്രികളിലാണ്. ആല്‍മരം വൈദ്യുതി ലൈനിന് മുകളിലേക്കാണ് വീണത്. മരം മുറിച്ചുമാറ്റി. പൊലീസും അഗ്നിശമന, ദുരന്ത നിവാരണ സേനയും സംഭവസ്ഥലത്തെത്തി രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടർന്നു.
സംഭവം നടന്നയുടന്‍ കലക്ടര്‍ എസ്. ഷാനവാസും പൊലീസ് കമീഷണര്‍ ആര്‍. ആദിത്യയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ഫയര്‍ഫോഴ്സ്, എന്‍.ഡി.ആര്‍.എഫ് അംഗങ്ങളും ഉണ്ടായിരുന്നു. അപകടത്തിെന്റ പശ്ചാത്തലത്തില്‍ വെടിക്കെട്ട് ആഘോഷമായി നടത്തില്ലെന്ന് കലക്ടര്‍ ദേവസ്വങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. വെടിക്കോപ്പുകള്‍ പൊട്ടിച്ച് തീര്‍ത്തു.