
തൃശ്ശൂർ: തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തില്‍ ഉഗ്ര സ്ഫോടനം നടന്ന സംഭവത്തില്‍ ഞെട്ടലില്‍ നാട്ടുകാർ.
കിലോമീറ്ററുകള്‍ക്ക് അപ്പുറത്തും വലിയ പ്രകമ്പനം അനുഭവപ്പെട്ടു.
സമീപത്തെ വീടുകള്‍ക്കും വലിയ തോതിലുള്ള കേടുപാടുകള്‍ ഉണ്ടായി.
സ്ഫോടന സ്ഥലത്തു നിന്നും ഒരുകിലോമീറ്റർ ദൂരെയുള്ള വീടുകള്‍ക്കാണ് കൂടുതല്‍ കേടുപാടുകള്‍ ഉണ്ടായിരിക്കുന്നത്. തുറസ്സായി കിടക്കുന്ന വയല്‍ ഭാഗമാണ് സ്ഫോടനം നടന്ന സ്ഥലം. ഇതിന്റെ ഇരുവശങ്ങളിലും വീടുകളുണ്ട്. മറ്റൊരു ഭാഗത്ത് റോഡുമുണ്ട്. എന്നാല്‍ ഇതിന്റെ പ്രകമ്പനം മൂന്ന് കിലോമീറ്ററുകള്‍ക്കപ്പുറം ഉണ്ടായെന്നാണ് നാട്ടുകാർ പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടച്ചിട്ട വീടുകളിലെ ജനാലകളുടെയും ഗ്ലാസ് പൂർണമായും തകർന്നിട്ടുണ്ട്. ചില വീടുകളുടെ മേല്‍ക്കൂരയും തകർന്നു. മറ്റുചില വീടുകളുടെ ഭാഗങ്ങള്‍ വിണ്ടുകീറിയിട്ടുണ്ട്. പലരും ശബ്ദം കേട്ടാണ് സംഭവം അറിഞ്ഞത്. പലരും പുറത്തേക്ക് ഇറങ്ങിയോടുന്ന സാഹചര്യവും ഉണ്ടായി.
രണ്ട് തവണയാണ് ശബ്ദം കേട്ടത്. ആദ്യം കേട്ടപ്പോള്‍ ആളുകള്‍ ഓടി രക്ഷപ്പെടുന്നതാണ് കണ്ടത്. അതിന് ശേഷം അതിനേക്കാള്‍ ശബ്ദത്തില്‍ തീവ്രമായ സ്ഫോടനം ഉണ്ടായി. അപ്പോഴാണ് അധികം വീടുകള്‍ക്കും കേടുപാടുകള്‍ ഉണ്ടായതെന്നും പ്രദേശവാസികള്‍ പറഞ്ഞു.
അതേസമയം തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ ഉഗ്ര സ്ഫോടനത്തില്‍ മരണ സംഖ്യ ഉയരുകയാണ്. 13 പേരുടെ മരണം നിലവില്‍ സ്ഥിരീകരിച്ചു. 5 പേരുടെ നില ഗുരുതരമാണ്. 13 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.







