
മൂന്നു വർഷം മുൻപ് വിറ്റ കാർ മുഴുവൻ പണം നൽകിയിട്ടും തിരികെ പിടിച്ചെടുത്തതായി പരാതി; പരാതി ഉയർന്നത് എൻ.സി.പി നേതാവിനെതിരെ; പരാതി വ്യാജമെന്നും പണം മുഴുവൻ ലഭിച്ചിട്ടില്ലന്നും എൻ.സി.പി നേതാവ്
സ്വന്തം ലേഖകൻ
കോട്ടയം: മൂന്നു വർഷം മുൻപ് വിറ്റ കാറിന്റെ മുഴുവൻ തുകയും അടച്ചിട്ടും സ്വാധീനം ഉപയോഗിച്ച് കാർ പിടിച്ചെടുത്തതായി പരാതിയുമായി യുവാവ്. എൻ.സി.പി സംസ്ഥാന സെക്രട്ടറിയും അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ചെയർമാനുമായ സുൽഫിക്കർ മയൂരിയ്‌ക്കെതിരെയാണ് കോട്ടയം കഞ്ഞിക്കുഴി തള്ളത്തിൽ പുതുപ്പറമ്പിൽ മുഹമ്മദ് ഷെറീഫ് വെസ്റ്റ് പോലീസിൽ നൽകിയിരിക്കുന്നത്.
2017 സെപ്റ്റംബർ അഞ്ചിനാണ് സുൽഫിക്കറിന്റെ ഭാര്യയുടെ പേരിലുള്ള ക്വാളിസ് മുഹമ്മദ് ഷെറീഫ് വാങ്ങിയത്. വാഹനം എടുക്കുമ്പോൾ വണ്ടിയുടെ അസൽ രേഖകൾ വാഹന ഏജന്റിനെ ഏൽപ്പിച്ചിരിക്കുകയാണ് എന്ന വിവരമാണ് സുൽഫിക്കർ മയൂരി പറഞ്ഞിരുന്നതെന്നു മുഹമ്മദ് ഷെറീഫ് പറയുന്നു. രണ്ടു തവണയായി ഒരു ലക്ഷം രൂപയും, മൂന്നാം തവണ 80000 രൂപ വിലയുള്ള സാംസങ് നോട്ട് ഫോൺ വാങ്ങി നൽകുകയും ചെയ്തതായി മുഹമ്മദ് ഷെറീഫ് പറയുന്നു. എന്നാൽ, ഇതിനു ശേഷവും വാഹനത്തിന്റെ രേഖകൾ തരാനോ പേരു മാറ്റി നൽകാനോ തയ്യാറായില്ലെന്നും മുഹമ്മദ് ഷെറീഫ് പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2018 ൽ പൊലീസ് വാഹന പരിശോധനയ്ക്കിടെ പിടികൂടിയതോടെ സുൽഫിക്കർ മയൂരിയോട് വാഹനത്തിന്റെ രേഖകൾ ആവശ്യപ്പെട്ടു. എന്നാൽ, പിന്നീട് പല കാരണങ്ങൾ പറഞ്ഞ് ഇദ്ദേഹം ഒഴിഞ്ഞുമാറിയതായും മുഹമ്മദ് ഷെറീഫ് പറയുന്നു.
എന്നാൽ രേഖകളില്ലാതെ വന്നതോടെ വാഹനം റോഡിൽ ഇറക്കാതെയായതായി മുഹമ്മദ് ഷെറീഫ് പറയുന്നു. തുടർന്നു, വാഹനം കിടന്നു നശിച്ചു പോകാതിരിക്കുന്നതിനായി ഗോൾഡി ദേവ് എന്ന കച്ചവടക്കാരന് താൻ വാഹനം കൈമാറിയതായി മുഹമ്മദ് ഷെറീഫ് പറയുന്നു. 45000 രൂപ ഇയാളിൽ നിന്നും അഡ്വാൻസ് വാങ്ങി വാഹനം കൈമാറി. വാഹനത്തിന്റെ രേഖകൾ സുൽഫിക്കറിന്റെ കൈയ്യിൽ നിന്നും വാങ്ങാമെന്ന ധാരണയിലാണ് വാഹനം വിട്ടു നൽകിയത്.
എന്നാൽ, കഴിഞ്ഞ ദിവസം സുൽഫിക്കർ തനിക്കെതിരെ പരാതി നൽകിയതായി മുഹമ്മദ് ഷെറീഫ് പറയുന്നു. കോട്ടയം വെസ്റ്റ് പൊലീസിലാണ് ഇതു സംബന്ധിച്ചുള്ള പരാതി അന്വേഷിക്കുന്നത്.. ഈ സാഹചര്യത്തിൽ വാഹനം വെസ്റ്റ് പൊലീസിൽ പിടിച്ചിട്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ തന്റെ വാഹനം തിരികെ ലഭിക്കാനോ, 1,80000 രൂപയോ തിരികെ ലഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും മുഹമ്മദ് ഷെറീഫ് ജില്ലാ പൊലീസ് മേധാവിയ്ക്കു നൽകിയ പരാതിയിൽ പറയുന്നു.
എന്നാൽ, തനിക്കെതിരായ പരാതി അടിസ്ഥാന രഹിതമാണ് എന്നു സുൽഫിക്കർ മയൂരിയും പറയുന്നു. തനിക്കെതിരെ ഉയർന്ന ആരോപണത്തിൽ അടിസ്ഥാനമില്ല. വാഹനത്തിന്റെ രേഖകൾ തന്റെ ഭാര്യയുടെ പേരിലാണ് ഈ വാഹനം ഏതെങ്കിലും വിധത്തിലുള്ള പ്രശ്‌നത്തിൽ ഉൾപ്പെട്ടാൽ താനും ഭാര്യയും മറുപടി പറയേണ്ടി വരും. ഈ സാഹചര്യത്തിലാണ് പരാതി നൽകാൻ നിർബന്ധിതനായതെന്നു സുൽഫിക്കർ മയൂരി പറയുന്നു.