
ഒരുകുടുംബത്തിലെ മൂന്നുപേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി ; അമ്മയേയും ഭാര്യയേയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചുവെന്നാണ് പ്രാഥമിക നിഗമനം
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ആവിക്കരയില്‍ ഒരുകുടുംബത്തിലെ മൂന്നുപേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട്ടെ സൂര്യ വാച്ച് വര്‍ക്‌സ് ഉടമ പി.കെ. സൂര്യപ്രകാശ് (63) ഭാര്യ കെ.ഗീത (59) സൂര്യപ്രകാശിന്റെ അമ്മ കെ.ലീല(94) എന്നിവരെയാണ് ശനിയാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടത്.
അമ്മയേയും ഭാര്യയേയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സൂര്യപ്രകാശ് തൂങ്ങി മരിച്ചുവെന്നാണ് പ്രാഥമിക നിഗമനമെന്ന് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. എം.പി.വിനോദ് പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് വ്യക്തമാക്കുന്ന കുറിപ്പ് സൂര്യപ്രകാശ് എഴുതിവെച്ചതായും സൂചനയുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ എറണാകുളത്തുള്ള മകന്‍ അജയ്പ്രകാശിനെ സൂര്യപ്രകാശ് ഫോണില്‍ വിളിച്ചിരുന്നു. അമ്മമ്മയും അമ്മയും പോയെന്നും ഞാനും പോകുന്നു എന്നുമാണ് സൂര്യപ്രകാശ് മകനോട് പറഞ്ഞതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. തുടര്‍ന്ന് അജയ്പ്രകാശ് വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് ആവിക്കരയിലെ സുഹൃത്ത് സൂര്യപ്രകാശും കുടുംബവും താമസിക്കുന്ന വാടകവീട്ടിലെത്തി നോക്കിയപ്പോഴാണ് മൂന്നുപേരെയും മരിച്ചനിലയില്‍ കണ്ടത്.
കിടപ്പുമുറിയിലെ കിടക്കയിലായിരുന്നു ഗീതയുടെ മൃതദേഹം. വീട്ടിലെ മറ്റൊരുമുറിയിലാണ് ലീലയെ മരിച്ചനിലയില്‍ കണ്ടത്. സൂര്യപ്രകാശ് അടുക്കളയില്‍ തൂങ്ങിമരിച്ചനിലയിലായിരുന്നു. സംഭവത്തില്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.