video
play-sharp-fill
‘അങ്ങനെ സംഭവിച്ചാല്‍ ആറ് മാസത്തിനുള്ളില്‍ നിന്റെ ഭാര്യ പറവൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും… സഖാക്കളുടെ വാക്കാണ്’;  വി. ഡി സതീശനെതിരെ ഭീഷണി സന്ദേശങ്ങളുമായി സിപിഎം സൈബര്‍ സഖാക്കള്‍

‘അങ്ങനെ സംഭവിച്ചാല്‍ ആറ് മാസത്തിനുള്ളില്‍ നിന്റെ ഭാര്യ പറവൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും… സഖാക്കളുടെ വാക്കാണ്’; വി. ഡി സതീശനെതിരെ ഭീഷണി സന്ദേശങ്ങളുമായി സിപിഎം സൈബര്‍ സഖാക്കള്‍

സ്വന്തം ലേഖിക

തിരുവനന്തപുരം: സിപിഎം ഗുണ്ടകളെ വച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ ഉറപ്പായും പ്രതിരോധിക്കുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണത്തിന് പിന്നാലെ അദ്ദേഹത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ ഭീഷണി സന്ദേശങ്ങളുമായി സിപിഎം സൈബര്‍ സഖാക്കള്‍.

പൊലീസും സിപിഎം ഗുണ്ടകളും ചേര്‍ന്ന് യുഡിഎഫ് സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു. ഞങ്ങളുടെ പ്രവര്‍ത്തകരെ സിപിഎം ഗുണ്ടകളെ വച്ച്‌ ആക്രമിച്ചാല്‍ ഉറപ്പായും പ്രതിരോധിക്കും. പൊലീസീനോടുള്ള സമീപനവും ഞങ്ങള്‍ക്ക് മാറ്റേണ്ടി വരുമെന്ന് വി ഡി സതീശന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിനെതിരെ സൈബര്‍ ആക്രമണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘അങ്ങനെ സംഭവിച്ചാല്‍ ആറ് മാസത്തിനുള്ളില്‍ നിന്റെ ഭാര്യ പറവൂര്‍ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കേണ്ടി വരും. സഖാക്കളുടെ വാക്കാണ്’ എന്നായിരുന്നു സാമൂഹ്യ മാധ്യമങ്ങളില്‍ സിപിഎം സൈബര്‍ സഖാക്കള്‍ കുറിച്ചത്. സിറാജ് നരിക്കുനി, ഷിനി ജോയ് എന്നി പേരുകളിലുള്ള അക്കൗണ്ടുകളില്‍ നിന്നുമാണ് സന്ദേശം.

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിപക്ഷ പ്രതിഷേധം ഉയര്‍ന്നതോടെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ വ്യാപക അക്രമം അഴിച്ചുവിട്ടിരുന്നു. പ്രതിപക്ഷ നേതാവിന്റെ വസതിയായ കന്റോണ്‍മെന്റ് ഹൗസിലേക്ക് നടന്ന പ്രതിഷേധത്തിന് പിന്നാലെ അതിക്രമിച്ച്‌ കയറിയവരെ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന് എതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വധ ഭീഷണിയുടെ ധ്വനി കലര്‍ന്ന സന്ദേശങ്ങളുമായി സൈബര്‍ സഖാക്കള്‍ രംഗത്ത് എത്തിയിരിക്കുന്നത്.

പൊലീസും സിപിഎം ഗുണ്ടകളും ചേര്‍ന്ന് യുഡിഎഫ് സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് വി ഡി സതീശന്‍ ആരോപിച്ചിരുന്നു. സമരത്തെ വഴിമാറ്റാന്‍ വേണ്ടി സിപിഎം രക്തസാക്ഷികളെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന് രഹസ്യവിവരമുണ്ട്. ആശുപത്രിയില്‍ കയറി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. ഇതിനു ജാമ്യമുള്ള കേസാണ് പൊലീസ് ചുമത്തുന്നത്.

കന്റോണ്‍മെന്റ് ഹൗസില്‍ അതിക്രമിച്ചു കയറിയവരെ അപ്പോള്‍ തന്നെ ജാമ്യത്തില്‍ വിട്ടയക്കുന്നു. അവരെ പറഞ്ഞുവിട്ടതും ജാമ്യം കൊടുക്കാന്‍ നിര്‍ദ്ദേശിച്ചതും മുഖ്യമന്ത്രിയുടെ ഓഫീസാണ്. അമിതാധികാര ശക്തികള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്നുവെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ ഗതിമാറ്റി രക്തസാക്ഷികളെ സൃഷ്ടിക്കാനാണ് സര്‍ക്കാരും സിപിഎമ്മും അക്രമം സൃഷ്ടിക്കുന്നതെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. കന്റോണ്‍മെന്റ് ഹൗസിലേക്ക് നടന്ന പ്രതിഷേധത്തിനും അതിക്രമിച്ചു കയറാനും നിര്‍ദ്ദേശം നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കലാപത്തിന് ആഹ്വാനം നല്‍കുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.