
നവകേരളസദസിനായി കുമരകത്ത് തൊഴിലുറപ്പ് തൊഴിൽ നിർത്തി: ഓംബുഡ്സ്മാന് ബി.ജെ.പി പരാതി നൽകി
സ്വന്തം ലേഖകൻ
ഏറ്റുമാനൂർ : ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ നാളെ (ഡിസം : 13 ) നടക്കുന്ന നവകേരള സദസിൽ പങ്കെടുപ്പിക്കുവാൻ കുമരകത്ത് തൊഴിലുറപ്പ് തൊഴിൽ നിർത്തി വച്ചതായി പരാതി. കുമരകം പഞ്ചായത്തിലെ 16 വാർഡിലും യാതൊരു കാരണവും ഇല്ലാതെ തൊഴിലുറപ്പ് നിർത്തി വെപ്പിച്ചതിനെതിരെയാണ് കുമരകത്തെ ബി.ജെ.പി പഞ്ചായത്തംഗങ്ങൾ രംഗത്തെത്തിയത്. തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന പരാതി പരിഹാര സെല്ലായ തിരുവനന്തപുരത്തെ ഓബുഡ്സ്മാൻ അപ് ലെറ്റ് അതോറിറ്റി ചെയർമാനായ ഡോ : ബി.എസ് തിരുമേനിക്ക് പരാതി നൽകി.
നവകേരള സദസ് നടക്കുന്ന ദിവസം തൊഴിലുറപ്പ് നടന്നാൽ തൊഴിലാളികൾ പരിപാടിയിൽ പങ്കെടുക്കാത്ത സാഹചരും വരുമെന്നു മുന്നിൽ കണ്ട്, തൊഴിലുറപ്പ് ബോധപൂർവ്വം നിർത്തി വെപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. മുഴുവൻ വാർഡുകളിലെയും തൊഴിലുറപ്പ് മസ്റ്റ് റോൾ 11ന് അവസാനിക്കുന്ന രീതിയിലാണ് പണി ബോധപൂർവം ക്രമീകരിച്ചിരിക്കുന്നത്. തൊഴിലുറപ്പ് ഉദ്യോഗസ്ഥരുമായി ചേർന്നാണ് ഇത്തരത്തിലുള്ള അനധികൃത ഇടപെടീൽ കുമരകത്തെ ഭരണകക്ഷിയായ ഇടതുപക്ഷം നടത്തിയതെന്ന് അംഗങ്ങൾ കുറ്റപ്പെടുത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിപാടിയിൽ പങ്കെടുക്കുന്ന ദിവസത്തെ ഹാജർ മറ്റൊരു ദിവസം നൽകാമെന്ന രഹസ്യ തീരുമാനം തൊഴിലുറപ്പ് യൂണിയൻ ഭാരവാഹികൾ വഴി പാവപ്പെട്ട തൊഴിലാളികൾക്കിടയിൽ പ്രചരിപ്പിക്കുകയാണ്. പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ തൊഴിലുറപ്പ് മസ്റ്റർ റോളിൽ പേര് ഉൾപ്പെടുത്തുകയില്ല എന്ന ഭീഷണിയാണ് പാർട്ടി ഘടകം വഴിയും യൂണിയൻ വഴിയും പ്രചരിപ്പിക്കുന്നത്.ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് മുഖ്യ പ്രതിപക്ഷ കക്ഷിയായ ബി.ജെ.പിയിലെ അംഗങ്ങളായ വി.എൻ. ജയകുമാർ, പി.കെ സേതു, ശ്രീജാ സുരേഷ്, ഷീമാ രാജേഷ് എന്നിവർ പരാതി നൽകിയത്.