സഭാ സമാധാനത്തിനായി തൂത്തൂട്ടി ധ്യാനകേന്ദ്രത്തിൽ പ്രാർത്ഥനായജ്ഞം ; ഫാ. ഡൊമനിക്ക് വാളൻമനാൽ ധ്യാനശുശ്രൂഷ നയിക്കും

സഭാ സമാധാനത്തിനായി തൂത്തൂട്ടി ധ്യാനകേന്ദ്രത്തിൽ പ്രാർത്ഥനായജ്ഞം ; ഫാ. ഡൊമനിക്ക് വാളൻമനാൽ ധ്യാനശുശ്രൂഷ നയിക്കും

Spread the love

 

സ്വന്തം ലേഖകൻ

തിരുവഞ്ചൂർ: യാക്കോബായ സുറിയാനി സഭ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളെ തരണം ചെയ്യുന്നതിനും സഭയിൽ ശാശ്വതമായ സമാധാനം ഉണ്ടാകുന്നതിനുംവേണ്ടി തൂത്തൂട്ടി മോർ ഗ്രീഗോറിയൻ ധ്യാനകേന്ദ്രത്തിൽ 13ന് പ്രാർത്ഥനായജ്ഞം നടത്തും.

യാക്കോബായ-ഓർത്തഡോക്സ് സഭകളിൽ ശാശ്വത സമാധാനം ഉണ്ടാകണമെന്നാഗ്രഹിക്കുന്ന സഭാമക്കൾക്കും വിവിധ സഭകളിൽനിന്നുള്ള വിശ്വാസികൾക്കും തൂത്തൂട്ടി ധ്യാനകേന്ദ്രത്തിൽ ഒന്നിച്ചുചേർന്ന് പ്രാർത്ഥിക്കുന്നതിനായിട്ടാണ് പ്രാർത്ഥനായജ്ഞം ക്രമീകരിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലങ്കര സഭയിലെ ബഹുഭൂരിപക്ഷം ജനങ്ങളും സമാധാനം ആഗ്രഹിച്ചിട്ടും സഭകളിലെ തർക്കങ്ങൾ തുടരുന്ന സാഹചര്യത്തിൽ ദൈവീകമായ ഇടപെടലുകളിലൂടെ ശാശ്വത പരിഹാരം ഉണ്ടാകുന്നതിനായിട്ടാണ് പ്രാർത്ഥനായജ്ഞം സംഘടിപ്പിക്കുന്നതെന്ന് ധ്യാനകേന്ദ്രം ഡയറക്ടർ സഖറിയാസ് മോർ പീലക്സിനോസ് പറഞ്ഞു.

ക്രൈസ്തവ ധാർമ്മിക മൂല്യങ്ങളെ ബലികഴിച്ചുകൊണ്ടുള്ള സഭാ തർക്കത്തിൽ മാധ്യമങ്ങളും പൊതുസമൂഹവും അസ്വസ്ഥരാണ്. സംസ്ഥാന സർക്കാരും പ്രശ്നപരിഹാരത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അനുരഞ്ജനത്തിന്റെ ആത്മാവിലൂടെ സഭാതർക്കങ്ങൾ പരിഹരിക്കണമെന്നതാണ് ഇതര സഭാ മേലദ്ധ്യക്ഷന്മാർ ആവശ്യപ്പെടുന്നത്. ഈ സാഹചര്യത്തിൽ സഭാ മക്കൾ ദൈവനാമത്തിൽ ഒന്നിച്ചുചേർന്ന് പ്രാർത്ഥനയുടെ ആത്മാവിൽ പ്രശ്നങ്ങളെ നേരിടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ക്രൈസ്തവ മൂല്യങ്ങളെ ബലികഴിച്ചുകൊണ്ടുള്ള തർക്കങ്ങൾക്ക് വലിയ വിലകൊടുക്കേണ്ടിവരുമെന്നും സഭയിലെ ബഹുഭൂരിപക്ഷം ജനങ്ങളുടേയും മനസറിഞ്ഞ് പ്രവർത്തിക്കാൻ സഭാ മേലധ്യക്ഷന്മാർ തയ്യാറാകണമെന്നും ഒരു മേശയ്ക്കു ചുറ്റും ഇരിക്കാൻ കഴിയാത്തവർ എങ്ങനെയാണ് ഏക സഭയായി ഒന്നിച്ചു മുന്നോട്ടുപോകുന്നതെന്നും അനുരഞ്ജനത്തിന്റെ പാതയാണ് ക്രിസ്തു ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

13-ന് രാവിലെ ഒൻപതുമുതൽ നാലുമണിവരെ നടക്കുന്ന പ്രാർത്ഥനാ യജ്ഞത്തിൽ അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമനിക്ക് വാളൻമനാൽ ധ്യാനശുശ്രൂഷ നയിക്കും. തൂത്തൂട്ടി ധ്യാനകേന്ദ്രം ഡയറക്ടർ സഖറിയാസ് മോർ പീലക്സിനോസ്, പാത്രിയർക്കീസ് ബാവായുടെ മുൻ സെക്രട്ടറി മാത്യൂസ് മോർ തീമോത്തിയോസ് എന്നിവർ ആത്മീയ നേതൃത്വം നൽകും.

യാക്കോബായ സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രീഗോറിയോസ് പ്രാർത്ഥനായജ്ഞം ഉദ്ഘാടനം ചെയ്യും. യാക്കോബായ സഭയുടെ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ തോമസ് മോർ തീമോത്തിയോസ് സമാപന സന്ദേശം നൽകും.