യൂണിയൻ ചെയർമാൻമാരുടെ വിദേശയാത്രകൊണ്ട് കത്തിക്കുത്ത്,മാർക്ക് തിരുത്തൽ,കോപ്പിയടി എന്നീ വിഷയങ്ങളിൽ കൂടുതൽ വൈദഗ്ദ്ധ്യം കൈവരിക്കാൻ യുവസഖാക്കൾക്ക് സാധിക്കും ; രണ്ടുകോടി രൂപയേ ചെലവുള്ളു,തികയാതെ വന്നാൽ ബക്കറ്റുപയോഗിച്ച് പിരിക്കാം : പരിഹാസവുമായി അഡ്വ.എ.ജയശങ്കർ

യൂണിയൻ ചെയർമാൻമാരുടെ വിദേശയാത്രകൊണ്ട് കത്തിക്കുത്ത്,മാർക്ക് തിരുത്തൽ,കോപ്പിയടി എന്നീ വിഷയങ്ങളിൽ കൂടുതൽ വൈദഗ്ദ്ധ്യം കൈവരിക്കാൻ യുവസഖാക്കൾക്ക് സാധിക്കും ; രണ്ടുകോടി രൂപയേ ചെലവുള്ളു,തികയാതെ വന്നാൽ ബക്കറ്റുപയോഗിച്ച് പിരിക്കാം : പരിഹാസവുമായി അഡ്വ.എ.ജയശങ്കർ

Spread the love

 

സ്വന്തം ലേഖിക

കൊച്ചി : കേരള സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോൾ കോളേജ് യൂണിയൻ ചെയർമാൻമാർ സർക്കാർ ചെലവിൽ വിദേശത്ത് പരിശീലനത്തിന് പോകുന്നതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഈ സംഭവത്തെ പരിഹസിച്ചുകൊണ്ട് ഫേസ്ബുക്കിൽ കുറിപ്പെഴുതിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ എ. ജയശങ്കർ. സർക്കാർ ഖജനാവിലെ കാശെങ്ങനെ മുടിപ്പിക്കണം എന്ന് ആലോചിക്കുമ്പോഴാണ് യൂണിയൻ ചെയർമാന്മാരുടെ കാര്യം ഓർമ്മ വന്നതെന്നും അവരെ ലണ്ടനിലേക്കയക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പരിഹസിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാന്മാരെയും കാർഡിഫ് യൂണിവേഴ്‌സിറ്റിയിലയച്ച് രാഷ്ട്രീയ പ്രവർത്തനത്തിൽ തീവ്രപരിശീലനം നൽകാനാണ് പരിപാടി. കത്തിക്കുത്ത്, കസേര കത്തിക്കൽ, മാർക്ക് തിരുത്തൽ, കോപ്പിയടി എന്നിങ്ങനെ കലാകായിക വിഷയങ്ങളിൽ കൂടുതൽ വൈദഗ്ധ്യം കൈവരിക്കാൻ ഇതുമൂലം നമ്മുടെ യുവസഖാക്കൾക്ക് സാധിക്കുമെന്നും അഡ്വ എ.ജയശങ്കർ പരിഹസിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സാമ്പത്തിക പ്രതിസന്ധി എന്നൊക്കെ പറയുന്നുണ്ടെങ്കിലും, സംസ്ഥാന ഖജനാവിൽ കാശങ്ങനെ കിടന്ന് ഓളം വെട്ടുകയാണ്. എങ്ങനെ മുടിപ്പിക്കണം എന്ന് യാതൊരു ഐഡിയയും കിട്ടാതെ വിഷമിക്കുമ്പോഴാണ് കോളേജ് യൂണിയൻ ചെയർമാന്മാരുടെ കാര്യം ഓർമ്മ വന്നത്. അവരെ ലണ്ടനിലേക്കയക്കാൻ തീരുമാനിച്ചു.

കേരളത്തിലെ സർക്കാർ കോളേജുകളിലെ യൂണിയൻ ചെയർമാന്മാരെയും യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാന്മാരെയും കാർഡിഫ് യൂണിവേഴ്സിറ്റിയിലയച്ച് രാഷ്ട്രീയ പ്രവർത്തനത്തിൽ തീവ്രപരിശീലനം നൽകാനാണ് പരിപാടി. കത്തിക്കുത്ത്, കസേര കത്തിക്കൽ, മാർക്ക് തിരുത്തൽ, കോപ്പിയടി എന്നിങ്ങനെ കലാകായിക വിഷയങ്ങളിൽ കൂടുതൽ വൈദഗ്ധ്യം കൈവരിക്കാൻ ഇതുമൂലം നമ്മുടെ യുവസഖാക്കൾക്ക് സാധിക്കും.

യൂണിയൻ ചെയർമാന്മാർ ഏറക്കുറെ എല്ലാവരും നമ്മുടെ പാർട്ടി സഖാക്കളാണ്. വിരുദ്ധന്മാർ ആരെങ്കിലും ഉണ്ടെങ്കിൽ തന്നെ ഒതുക്കാവുന്നതേയുളളൂ. രണ്ടു കോടി രൂപയേ സർക്കാരിനു ചിലവുളളൂ. തികയാതെ വന്നാൽ ബക്കറ്റുപയോഗിച്ചു പിരിക്കാം.

മന്ത്രിമാർ (മാത്രം) കുടുംബ സമേതം വിദേശ രാജ്യങ്ങളിൽ ഉല്ലാസയാത്ര പോകുന്നു എന്ന പരാതി ഇതോടെ തീരും. എല്ലാത്തിനുമുപരി, കേരളത്തിലെ കോളേജ് യൂണിയൻ ചെയർമാന്മാരുടെ സഹവാസത്താൽ കാർഡിഫ് യൂണിവേഴ്സിറ്റിയുടെ നിലവാരം ഉയരും. അവിടെയും തോറ്റവരെ മാർക്ക് കൂട്ടിയിടുവിച്ച് ജയിപ്പിക്കാൻ തുടങ്ങും.