
തിരുവാതുക്കൽ കൊലപാതകം; മോഷണക്കേസിൽ ജയിലിലായതോടെ ഭർഭിണിയായ ഭാര്യ പിണങ്ങി പോയി; പ്രസവം നടന്നെങ്കിലും ജനിച്ചയുടൻ കുഞ്ഞ് മരിച്ചു; ജയിലിൽ കിടന്നതിനാൽ തനിക്കുപിറന്ന കുഞ്ഞിനെ കാണാനും പ്രതിക്കായില്ല; വിജയകുമാറിനെയും ഭാര്യയെയും തലയ്ക്കടിച്ച് മൃഗീയമായി കൊലപ്പെടുത്താൻ പ്രതിയെ പ്രേരിപ്പിച്ചത് ഇവരോടുള്ള കടുത്ത പക
കോട്ടയം: വിജയകുമാറിനെയും ഭാര്യയെയും തലയ്ക്കടിച്ച് മൃഗീയമായി കൊലപ്പെടുത്താൻ പ്രതിയെ പ്രേരിപ്പിച്ചത് ഇരുവരോടുള്ള കട്ടക്കലിപ്പ്. വിജയകുമാറിൻ്റെ സ്ഥാപനത്തിൽ പ്രതിയും, വീട്ടിൽ ഭാര്യയും മാസങ്ങളോളം ജോലിചെയ്തു. ഇരുവരും വിജയകുമാറിന്റെ വീടിന്റെ ഔട്ട് ഹൗസിൽ ഒന്നിച്ച് താമസിച്ചിട്ടുമുണ്ട്.
ആ സമയങ്ങളിൽ ഇരുവരും തമ്മിൽ വഴക്കടിക്കുകയും താൻ ഭാര്യയല്ലെന്നും തനിക്കുള്ള ശമ്പളം വേറെ നൽകണമെന്നും യുവതി വിജയകുമാറിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ അമിത്ത് വിജയകുമാറിൻ്റെ മൊബൈൽ ഫോൺ മോഷ്ടിച്ച് ഓൺലൈനായി രണ്ടേമുക്കാൽ ലക്ഷം രൂപ തന്റെ അക്കൗണ്ടിലേക്ക് മാറ്റി. ഫോൺ മോഷണം പോയെന്ന പരാതിയിൽ അമിത്ത് പിടിയിലായി.
കോടതി റിമാൻഡ് ചെയ്‌തതോടെ ജയിലിലുമായി. അതോടെ, ഇയാളുടെ ഗർഭിണിയായിരുന്ന ഭാര്യ പിണങ്ങി നാട്ടിലേക്കുപോയി. അവിടെ പ്രസവം നടന്നെങ്കിലും ജനിച്ചയുടൻ കുഞ്ഞ് മരിച്ചു. ജയിലിൽ കിടന്നതിനാൽ തനിക്കുപിറന്ന കുഞ്ഞിനെക്കാണാൻ നാട്ടിലേക്കുപോകാൻ അമിത്തിനായില്ല. ഇതും ഇയാളിൽ വിജയകുമാറിനോടുള്ള പക വളർത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജയിലിൽനിന്ന് ജാമ്യത്തിലിറങ്ങിയ പ്രതി നാട്ടിലേക്കുപോയെങ്കിലും വിജയകുമാറിനെ കൊലപ്പെടുത്തണമെന്ന ഉറച്ച തീരുമാനത്തോടെ വീണ്ടും കോട്ടയത്തെത്തുകയായിരുന്നു. 19-ാം തീയതി കോട്ടയം റെയിൽവേ സ്റ്റേഷനുസമീപം ലോഡ്‌ജിൽ മുറിയെടുത്തു. രണ്ടുദിവസം അർധരാത്രി 12 മണിക്കുശേഷം ഇയാൾ ലോഡ്‌ജിൽനിന്ന് പുറത്തേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യം അന്വേഷണ സംഘം ശേഖരിച്ചിരുന്നു.
ഇത് കൊലനടത്താനുള്ള നിരീക്ഷണത്തിനായിരുന്നെന്നാണ് പോലീസിൻ്റെ നിഗമനം. കൊല്ലപ്പെട്ടവരുടെ ആഭരണങ്ങളോ, പണമോ എടുക്കാഞ്ഞതിനെപ്പറ്റി, തനിക്ക് അങ്ങനെയുള്ള പണം ആവശ്യമില്ലെന്നും ജോലി ചെയ്‌തപ്പോൾ മാന്യമായ ശമ്പളം നൽകാഞ്ഞതിനാലാണ് ഫോൺ മോഷ്ടിച്ച് പണം ട്രാൻസ്ഫർ ചെയ്തെടുത്തതെന്നും പ്രതി പോലീസിനോടുപറഞ്ഞു.
തിരുവാതുക്കലിലെ ദമ്പതിമാരുടെ കൊലപാതകം പുറത്തറിഞ്ഞ ചൊവ്വാഴ്ച ആദ്യ മണിക്കൂറുകളിൽത്തന്നെ പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന പോലീസിന് ലഭിച്ചു. കൊല്ലപ്പെട്ടവർ ധരിച്ചിരുന്ന ആഭരണങ്ങളോ, വീട്ടിൽനിന്ന് പണമുൾപ്പെടെ മറ്റ് സാധനങ്ങളോ കവർച്ച ചെയ്യാഞ്ഞത് കൊലപാതകം മോഷണത്തിനുവേണ്ടിയല്ലെന്ന് വ്യക്തമാക്കി.
കൊലനടത്തിയ ക്രൂരമായ രീതി ഇതരസംസ്ഥാന കുറ്റവാളികളുടേതിന് സമാനമാണെന്നുമുള്ള നിഗമനത്തിലെത്തിയ പോലീസ് ആ നിലയ്ക്ക് അന്വേഷണം തിരിച്ചുവിട്ടു. മാസങ്ങൾക്കുമുമ്പ് മോഷണം നടത്തിയതിന് പിടിയിലാകുകയും ആഴ്ചകൾക്കുമുമ്പ് ജയിലിൽമോചിതനാകുകയും ചെയ്‌ത മുൻ ജോലിക്കാരൻ അമിത് ഉറാങ്ങിലേക്ക് സംശയമുന നീളുന്നത് അങ്ങനെയാണ്.
പോലീസിന്റെ പക്കൽ ഇയാളുടെ ചിത്രവും ഫോൺ നമ്പരുമുണ്ടായിരുന്നത് അന്വേഷണത്തിൻ്റെ വേഗംകൂട്ടി. അമിത്ത് ഏതാനും ദിവസമായി കോട്ടയത്തുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി. ഇതോടെ ഇയാളാണ് പ്രതിയെന്ന് ഏതാണ്ടുറപ്പിച്ച പോലീസ് ചടുലനീക്കങ്ങളിലേക്ക് കടന്നു.
സമീപസ്ഥലങ്ങളിലെ മുഴുവൻ സിസിടിവി ക്യാമറകളും പരിശോധിച്ചു. ഒപ്പം കൊല്ലപ്പെട്ട വിജയകുമാറിന്റെയും ഭാര്യ മീരയുടെയും കാണാതായ മൊബൈൽ ഫോണുകളുടെയും അമിത്തിൻ്റെ ഫോണിൻ്റെയും ലൊക്കേഷൻ പിന്തുടർന്നു. വീട്ടിൽനിന്ന് കിട്ടിയ റെയിൽവേ പ്ലാറ്റ്ഫോം ടിക്കറ്റും പിടിവള്ളിയായി.