Spread the love

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ അപ്രതീക്ഷിത ട്വിസ്റ്റുകള്‍ക്ക് കളമൊരുങ്ങുന്നു.
നിലവിലെ എം.എല്‍.എയും ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവുമായ ആന്റണി രാജുവില്‍ നിന്ന് സീറ്റ് സി.പി.എം ഏറ്റെടുക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ അതിശക്തമായിരിക്കുകയാണ്. യുവമുഖമായ ഗായത്രി ബാബുവിനെ കളത്തിലിറക്കി മണ്ഡലം ചുവപ്പിക്കാനാണ് ഒരു വിഭാഗം നേതാക്കളുടെ നീക്കം.

video
play-sharp-fill

തിരുവനന്തപുരം കോര്‍പ്പറേഷനിലെ വഞ്ചിയൂര്‍ വാര്‍ഡ് കൗണ്‍സിലറും മുന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണുമായ ഗായത്രി ബാബുവിനെ മണ്ഡലത്തില്‍ പരിഗണിക്കണമെന്നാണ് പാളയം ഏരിയ കമ്മിറ്റിയിലെ ഭൂരിഭാഗം പേരുടെയും ആവശ്യം. പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂര്‍ ബാബുവിന്റെയും പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തക ഡോ. പി.എസ്. ശ്രീകലയുടെയും മകളായ ഗായത്രിക്ക് മണ്ഡലത്തില്‍ വലിയ ‘ബന്ധുബലവും’ വ്യക്തിപരമായ സ്വാധീനവുമുണ്ടെന്നാണ് അനുയായികള്‍ ചൂണ്ടിക്കാണിക്കുന്നത്. നഗരത്തിലെ യുവവോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ഗായത്രിയുടെ സ്ഥാനാര്‍ത്ഥിത്വം സഹായിക്കുമെന്നാണ് കണക്കുകൂട്ടല്‍.

മുതിര്‍ന്ന നേതാവ് ടി.എന്‍ സീമയുടെ പേരും സെന്‍ട്രലിലേക്ക് സജീവമായി പരിഗണിക്കുന്നുണ്ട്. എന്നാല്‍, മുന്‍പ് വട്ടിയൂര്‍ക്കാവില്‍ മത്സരിച്ചപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് സീമയ്ക്ക് തിരിച്ചടിയായി ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യം മുന്‍നിര്‍ത്തിയാണ് പുതുമുഖമായ ഗായത്രി ബാബുവിനായി സമ്മര്‍ദ്ദം മുറുകുന്നത്. ജനപ്രതിനിധി എന്ന നിലയിലുള്ള ഗായത്രിയുടെ മുന്‍കാല പ്രവര്‍ത്തനങ്ങളും പാര്‍ട്ടി കുടുംബ പശ്ചാത്തലവും അനുകൂല ഘടകങ്ങളായി ഉയര്‍ത്തിക്കാട്ടപ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, മുന്നണി മര്യാദകള്‍ ലംഘിച്ച്‌ സീറ്റ് ഏറ്റെടുക്കാന്‍ സി.പി.എം ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ല. കുപ്രസിദ്ധമായ ‘ജട്ടിക്കേസില്‍’ ഹൈക്കോടതിയിലെ അപ്പീല്‍ വിധി തനിക്ക് അനുകൂലമാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആന്റണി രാജു. വിധി അനുകൂലമായാല്‍ വീണ്ടും ജനവിധി തേടാമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, കേസും വിവാദങ്ങളും മണ്ഡലത്തില്‍ തിരിച്ചടിയാകുമെന്ന് ഭയപ്പെടുന്ന സി.പി.എം പ്രാദേശിക നേതൃത്വം സീറ്റ് വിട്ടുനല്‍കാന്‍ തയ്യാറല്ലെന്ന നിലപാടിലാണ്.

ഈ സാഹചര്യത്തില്‍ എല്‍.ഡി.എഫിലെ ഘടകകക്ഷിയായ ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ നിന്ന് സി.പി.എം സീറ്റ് തിരിച്ചുപിടിക്കുമോ എന്നതാണ് അറിയേണ്ടത്. അങ്ങനെ സീറ്റ് ഏറ്റെടുത്തല്‍ കേരളാ കോണ്‍ഗ്രസ് എമ്മും കേരളാ കോണ്‍ഗ്രസ് ബിയും സീറ്റിനായി ചരടു വലികള്‍ നടത്തുന്നുണ്ട്. ഇതിനിടെയാണ് സിപിഎമ്മില്‍ ഗായത്രി ബാബുവിന് വേണ്ടിയുള്ള നീക്കം.