ടയര്‍ പാടുകള്‍ പിന്തുടര്‍ന്ന് ഊടുവഴിയില്‍ എത്തിയ പൊലീസ് കണ്ടത് നടന്നു വരുന്ന സ്ത്രീയെ; മുൻപോട്ടു പോയപ്പോള്‍ കണ്ടത് ഉപേക്ഷിച്ച വാഹനവും; കുപ്രിസദ്ധ മേഷ്ടാവിനെ അന്ന് രക്ഷപ്പെടാന്‍ സഹായിച്ചത് മുഖ്യമന്ത്രിയുടെ മെഡല്‍ കിട്ടിയ പൊലീസുകാരി; ഹസീനയ്‌ക്കെതിരെ തിരുവല്ലം ഉണ്ണിയുടെ മൊഴി…!
സ്വന്തം ലേഖിക
കോട്ടയം: കുപ്രസിദ്ധ മോഷ്ടാവായ തന്നെ രക്ഷപ്പെടാന്‍ സഹായിച്ചത് പൊലീസുകാരിയായ ഹസീനയാണെന്നാണ് തിരുവല്ലം ഉണ്ണി.
കഴിഞ്ഞ ദിവസം തിരുവല്ലത്ത് നിന്ന് സാഹസികമായാണ് തിരുവല്ലം ഉണ്ണിയെ മുണ്ടക്കയം പൊലീസ് പൊക്കിയത്. പ്രാഥമിക ചോദ്യം ചെയ്യലിലാണ് ഹസീനയെ വെട്ടിലാക്കുന്ന വിവരങ്ങള്‍ തിരുവല്ലം ഉണ്ണി വെളിപ്പെടുത്തിയത്. ഇത് കേട്ട് അന്വേഷണ സംഘവും ഞെട്ടലിലായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഖ്യമന്ത്രിയുടെ മെഡല്‍ നേടിയ പത്തനംതിട്ടയിലെ പൊലീസുകാരിയാണ് ഹസീന. ഇതുസംബന്ധിച്ച് നേരത്തെ വിവാദങ്ങളുണ്ടായിരുന്നു. ഹസീനയെ കുറ്റ വിമുക്തയാക്കുന്ന റിപ്പോര്‍ട്ടാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയത്. ഇതിന് ശേഷമാണ് തിരുവല്ലം ഉണ്ണി അകത്താകുന്നതും വെളിപ്പെടുത്തല്‍ നടത്തുന്നതും.
ചെങ്ങന്നൂരില്‍ മോഷണം നടത്തി മടങ്ങുന്നത് തിരിച്ചറിഞ്ഞാണ് തിരുവല്ലം ഉണ്ണിക്കായി മുണ്ടക്കയം പൊലീസ് വല വിരിച്ചത്. വേഷം മാറി ടവേരയിലായിരുന്നു പൊലീസ് എത്തിയത്. ടാറ്റാ സുമോ ചുവന്ന കാറില്‍ പ്രതീക്ഷിച്ചതു പോലെ തിരുവല്ലം ഉണ്ണി മുൻപില്‍ ചാടി. പിന്നെ ചെയ്‌സിങ്. ട്രാഫിക് ബ്ലോക്കില്‍ കുടുക്കി പിടിക്കാന്‍ ശ്രമിച്ചു. പക്ഷേ പൊലീസാണെന്ന് മനസ്സിലാക്കി തിരുവല്ലം ഉണ്ണി വാഹനവുമായി പാഞ്ഞു. നാലോളം വാഹനങ്ങളെ ഇടിച്ചു തെറുപ്പിച്ച് പോകുമ്പോള്‍ ഒരു സ്ത്രീയും വാഹനത്തിലുണ്ടായിരുന്നു.
പിന്നീട് ഊടുവഴിയില്‍ വണ്ടി കയറി. പൊലീസ് ടയറിന്റെ പാടു നോക്കി ഈ വഴിയിലെത്തുമ്പോള്‍ നടന്നു വരുന്ന സ്ത്രീയെ കണ്ടു. ചുവന്ന സുമോ പോയതു കണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്നായിരുന്നു മറുപടി. ആ സംഘത്തിലെ പൊലീസുകാര്‍ക്കൊന്നും അപ്പോള്‍ ആ സ്ത്രീ ആരെന്ന് അറിയില്ലായിരുന്നു.
രണ്ട് വാഹനങ്ങളുടെ ചെയ്‌സിങ് പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇതില്‍ വയര്‍ലസ് സന്ദേശവും പോയി. ഒരു വാഹനത്തില്‍ ഉണ്ടായിരുന്നത് പൊലീസുകാരിയാണെന്ന് തിരിച്ചറിഞ്ഞ പൊലീസുകാരന്‍ അതുള്‍പ്പെടെ വയര്‍ലസ് സന്ദേശം നല്‍കി. അതുകൊണ്ടാണ് തിരുവല്ലം ഉണ്ണി രക്ഷപ്പെട്ടപ്പോള്‍ ജീപ്പിലുണ്ടായിരുന്നത് പൊലീസുകാരിയായ ഹസീനയാണെന്ന് വ്യക്തമായത്. പിന്നീട് ലിഫ്റ്റ് ചോദിച്ചുള്ള യാത്രയായിരുന്നു ഇതെന്ന് അന്വേഷണ സംഘത്തിന് മുൻപില്‍ ഒരു ഹോംഗാര്‍ഡ് മൊഴി നല്‍കി. ഈ മൊഴി വിശ്വാസത്തിലെടുത്ത് വിവാദങ്ങള്‍ മാഞ്ഞു പോകുകയും ചെയ്തു.
പൊലീസിലെ ചില കേന്ദ്രങ്ങള്‍ മാധ്യമങ്ങള്‍ക്കെതിരെ ഇതിനെ ഉയര്‍ത്തി പ്രചരണവും നടത്തി. മുഖ്യമന്ത്രിയുടെ മെഡല്‍ നേടിയ സത്യസന്ധയെ കരിവാരി തേച്ചുവെന്നായിരുന്നു ആരോപണം.
ഇതെല്ലാം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് മുണ്ടക്കയത്തെ പൊലീസ് തിരുവല്ലം ഉണ്ണിയെ പൊക്കുന്നത്. ഹസീനയെ വ്യക്തിപരമായി അറിയാമെന്നും ഹസീനയുടെ ഭര്‍ത്താവ് സുഹൃത്താണെന്നും ഇയാള്‍ പറയുന്നു. ട്രാഫിക് ബ്ലോക്കില്‍ വച്ച് പിന്തുടരുന്നത് പൊലീസാണെന്ന സൂചന നല്‍കിയതും ഹസീനയാണ്. അതിന് ശേഷമാണ് അതിവേഗതയില്‍ മുൻപോട്ട് കുതിച്ചത്. കാട്ടാക്കടക്കാരിയായ ഹസീനയെ വിവാഹം ചെയ്താണ് ഏനാത്ത് സുഹൃത്തു കൊണ്ടു വന്നതെന്നും തിരുവല്ലം ഉണ്ണി പറയുന്നു. സിപിഎം ബന്ധങ്ങളുണ്ട് ഹസീനയുടെ ഭര്‍ത്താവിനെന്നും ഇയാള്‍ പറയുന്നു. തനിക്ക് രക്ഷപ്പെടാന്‍ ബൈക്ക് നല്‍കിയത് ഹസീനയാണെന്നും തിരുവല്ലം ഉണ്ണി വെളിപ്പെടുത്തിയിട്ടുണ്ട്.
മുണ്ടക്കയം സിഐ കെ.ഷൈന്‍ കുമാറിന്റെ ഏകോപനമാണ് തിരുവല്ലം ഉണ്ണിയെ അഴിക്കുള്ളിലാക്കുന്നത്. എസ് ഐ അനീഷും സിപിഒമാരായ ജോഷി എം തോമസും, രഞ്ജിത്തും, രഞ്ജിത്ത് നായരും, ശരത് ചന്ദ്രനും, ജോഷിയും, ജോണ്‍സണും, റോബിനും ചേര്‍ന്ന് നടത്തിയ അന്വേഷണം. അഡീഷണല്‍ എസ്‌ഐ മനോജ് കെജിയാണ് കേസില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയതെന്ന കാര്യവും എടുത്തു പറയേണ്ടതുണ്ട്.
ചെറുവിവരം പോലും ചോരാതെ നോക്കിയാണ് പൊലീസിനുള്ളിലെ ചതിക്കൂട്ടങ്ങളെ മുണ്ടക്കയത്തെ മിടുക്കര്‍ തോല്‍പ്പിച്ചത്. ഇതോടെ നിരവധി കേസുകളിലെ കള്ളനാണ് കുടുങ്ങുന്നത്. കഴിഞ്ഞ മാസം 15നാണ് 42 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തിരുവല്ലം ഉണ്ണി ആഡംബരജീപ്പില്‍ അടൂര്‍ഭാഗം കടന്ന് പത്തനംതിട്ടയിലേക്ക് വന്നത് മുണ്ടക്കയം പൊലീസ് മനസിലാക്കി നീങ്ങിയത്. ഇയാളെ നിരന്തരം പിന്തുടര്‍ന്നിരുന്ന മുണ്ടക്കയം സിഐയും സംഘവും പൊലീസ് വാഹനത്തില്‍ പിന്നാലെ എത്തി. ഇത് മനസ്സിലാക്കിയ ഉണ്ണി കൈപ്പട്ടൂരില്‍ നിന്ന് ജീപ്പ് അതിവേഗതയില്‍ വിട്ടു. കോളജ് ജങ്ഷനില്‍വെച്ച് നാല് വാഹനങ്ങളില്‍ തട്ടി. എന്നിട്ടും നിര്‍ത്താതെ മുന്നോട്ടുപോയ ഇയാള്‍ വാളുവെട്ടുംപാറയിലേക്ക് ഓടിച്ചുകയറ്റി. പൊലീസും പിന്നാലെ കൂടി. എന്നാല്‍ റോഡ് തീര്‍ന്നഭാഗത്തുവെച്ച് വാഹനം ഉപേക്ഷിച്ച് ഇയാള്‍ അപ്രത്യക്ഷമാവുകയായിരുന്നു. ഇവിടെ വച്ചാണ് ഹസീന ഈ സംഘത്തിന് മുൻപില്‍ പെടുന്നത്.
തിരുവല്ലം ഉണ്ണിയെന്ന തിരുവല്ലം മേനിലം കീഴേ പാലറക്കുന്ന് വീട്ടില്‍ ഉണ്ണിക്കൃഷ്ണന്‍ വാഹന മോഷണത്തിലൂടെയാണ് മോഷണത്തില്‍ ഹരിശ്രീ കുറിക്കുന്നത്. പിന്നീട് സ്പെയര്‍പാര്‍ട്സുകള്‍, കടകള്‍, വീടുകള്‍ എന്നിവിടങ്ങളിലേക്ക് മോഷണം വ്യാപിപ്പിച്ചു. മോഷണ വസ്തുക്കള്‍ ആക്രികടകളില്‍ വില്‍ക്കുന്ന പ്രതി ആഡംബര ജീവിതമാണ് നയിച്ചത്. പൊലീസിനെ കണ്ടാല്‍ പരമാവധി ഓടി രക്ഷപ്പെടാന്‍ നോക്കുന്നതാണ് പതിവ്. ഏറെ നേരത്തെ ഓട്ടത്തിനൊടുവില്‍ പൊലീസ് പിടിച്ച ചരിത്രവുമുണ്ട്. 2019ല്‍ ഉണ്ണി പൊലീസ് പിടിയിലായിരുന്നു. അന്ന് ഉണ്ണി ഒളിവില്‍ കഴിഞ്ഞിരുന്ന കോവളം കെഎസ് റോഡിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും മോഷണം നടത്തി കിട്ടിയ മോഷണ വസ്തുക്കളും പണവും കണ്ടെടുത്തിരുന്നു.