
തിരുപ്പൂർ: തിരുപ്പൂർ-കരൂർ ജില്ലാ അതിർത്തികളിലെ ചെക്ക് പോസ്റ്റിന് സമീപം ബുധനാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തില്‍ പോലീസ് ഉദ്യോഗസ്ഥൻ ഉള്‍പ്പെടെ ആറ് പേർ മരിച്ചു.
വെള്ളക്കോവില്‍ പോലീസ് സ്റ്റേഷനിലെ പോലീസ് കോണ്‍സ്റ്റബിള്‍ രവിചന്ദ്രൻ (36), ലോറി ഡ്രൈവർ സെന്തില്‍ (48), കാർ യാത്രക്കാരായ റാം (22), നരസിംഹൻ (65), ശാന്തലക്ഷി (60), ബാലാജി (36) എന്നിവരാണ് മരിച്ചത്. വെള്ളക്കോവില്‍ ചെക്ക് പോസ്റ്റിന് സമീപമായിരുന്നു അപകടം.
രവീന്ദ്രൻ ഉള്‍പ്പെടെ നാല് പോലീസ് ഉദ്യോഗസ്ഥർ ഇവിടെ രാത്രികാല ഡ്യൂട്ടിയിലുണ്ടായിരുന്നു. കൂടല്ലൂരില്‍ നിന്നു വെള്ളക്കോവിലിലേക്ക് തടികളുമായി വന്ന ലോറി ചെക്ക് പോസ്റ്റിന് മുന്നിലെ ബാരിക്കേഡില്‍ തട്ടി.
സെന്തല്‍ ലോറി റോഡരിക്കില്‍ ഒതുക്കി നിർത്തിയ ശേഷം തകർന്ന ബാരിക്കേഡുകള്‍ മാറ്റാൻ രവിചന്ദ്രന്റെ സഹായം തേടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരും റോഡില്‍ ബാരിക്കേഡുകള്‍ ശരിയാക്കുന്നതിനിടെ മയിലാടുതുറൈയില്‍ നിന്ന് കോയന്പത്തൂരിലേക്ക് അമിതവേഗത്തില്‍ വന്ന കാർ ഇരുവരെയും ഇടിച്ചു തെറിപ്പിച്ചു. തുടർന്ന് നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. സംഭവസ്ഥലത്തു വച്ചു തന്നെ ആറു പേരും മരിച്ചു.
വിവരം അറഞ്ഞ് ഉടൻ തന്നെ പോലിസ് സ്ഥലത്തെത്തി. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് അയച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു







