തിരുനക്കര മഹാദേവക്ഷേത്രത്തിൽ മോഷണം: ഭക്തയുടെ ഫോണും പണവും കവർന്ന പ്രതി പിടിയിൽ; പ്രതി തിരുവനന്തപുരം സ്വദേശിയായ അമ്പലക്കള്ളൻ

തിരുനക്കര മഹാദേവക്ഷേത്രത്തിൽ മോഷണം: ഭക്തയുടെ ഫോണും പണവും കവർന്ന പ്രതി പിടിയിൽ; പ്രതി തിരുവനന്തപുരം സ്വദേശിയായ അമ്പലക്കള്ളൻ

ക്രൈം ഡെസ്‌ക്

കോട്ടയം: തിരുനക്കര ക്ഷേത്രത്തിനുള്ളിൽ ഭഗവാന് മുന്നിൽ സൂക്ഷിക്കാൻ വച്ചിരുന്ന ബാഗും ബാഗിനുള്ളിലെ മൊബൈൽ ഫോണും പണവും കവർന്ന കേസിൽ പ്രധാന പ്രതി പിടിയിൽ. തിരുവനന്തപുരം സ്വദേശിയായ അമ്പലക്കള്ളനെയാണ് പൊലീസ് പിടികൂടിയത്. തിരുവനന്തപുരം നെയ്യാറ്റിൻകര മുല്ലക്കുളം മാങ്കൂട്ടത്തിൽ അനിൽകുമാറിനെയാ(45)ണ് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബർ രണ്ടിനു നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് പൊലീസിന്റെ നടപടി.

വ്യാഴാഴ്ച പുലർച്ചെ ക്ഷേത്രത്തിൽ എത്തിയ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് ഉദ്യോഗസ്ഥർ ഇയാളെ സ്‌റ്റേഷനിലേയ്ക്കു കൂട്ടിക്കൊണ്ടു പോയി ചോദ്യം ചെയ്യുകയായിരുന്നു. തിരുനക്കര ക്ഷേത്രത്തിലെ സിസിടിവി ക്യാമറയിൽ പ്രതിയുടെ ദൃശ്യം പതിഞ്ഞിരുന്നു. ഇതേ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയ ശേഷം പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. പൊലീസ് സ്റ്റേഷനിൽ എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്നാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിസംബർ രണ്ടിന് ക്ഷേത്രത്തിൽ എത്തിയ യുവതി ക്ഷേത്രത്തിന്റെ കവാടത്തിൽ ബാഗ് വച്ച ശേഷമാണ് ഉള്ളിലേയ്ക്കു പോയത്. തുടർന്ന് പ്രതി തക്കം പാർത്ത് നിൽക്കുകയായിരുന്നു. തുടർന്ന് ആളുകളുടെ ശ്രദ്ധമാറിയെന്ന് ഉറപ്പാക്കിയ ശേഷം ബാഗും സാധനങ്ങളുമായി കടന്നു. ഒപ്പോയുടെ 15000 രൂപ വിലയുള്ള ഫോണും, 1500 രൂപയും ബാഗിലുണ്ടായിരുന്നു. ഇതും നഷ്ടമായിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ പ്രതി ക്ഷേത്രത്തിൽ എത്തിയപ്പോൾ പൊലീസ് എയ്ഡ് പോസ്റ്റിൽ ജോലി ചെയ്തിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫിസർ സാബു എ.സണ്ണിയ്ക്കു സംശയം തോന്നുകയായിരുന്നു. തുടർന്നാണ് വെസ്റ്റ് എസ്.ഐ രമേശന്റെ നേതൃത്വത്തിൽ ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.

തിരുവനന്തപുരത്തും, നെയ്യാറ്റിൻകരയിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലും ഇയാൾക്കെതിരെ നിരവധി മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ക്ഷേത്രങ്ങളിൽ കയറിയിറങ്ങി മോഷണം നടത്തുകയാണ് ഇയാളുടെ രീതി. ക്ഷേത്രങ്ങളിൽ ഭക്തർ എത്തുമ്പോൾ കയ്യിലുള്ള ബാഗോ, വിലകൂടിയ സാധനങ്ങളോ ക്ഷേത്രത്തിലെ സുരക്ഷിതമായ ഭാഗത്ത് വയ്ക്കുകയാണ് പതിവ്. ഇതാണ് പ്രതി ലക്ഷ്യമിടുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.