സ്വന്തം ലേഖകൻ
കോട്ടയം: നഗരമധ്യത്തിൽ അമിത വേഗത്തിൽ ബസോടിച്ച് വീട്ട്മ്മയെ കൊലപ്പെടുത്തിയ ഡ്രൈവർക്കെതിരെ കൊലക്കുറ്റം. വൈക്കം റൂട്ടിൽ സർവീസ് നടത്തുന്ന പുള്ളത്തിൽ ബസിന്റെ ഡ്രൈവർക്കെതിരെയാണ് വെസ്റ്റ് പൊലീസ് കൊലക്കുറ്റം ചുമത്തിയത്. അപകടത്തിൽ മരിച്ച തോട്ടയ്ക്കാട് കോവൂർ വീട്ടിൽ ബിജുവിന്റെ ഭാര്യ പൊന്നമ്മ (മിനി -47)യുടെ സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് മൂന്നിനു വീട്ടുവളപ്പിൽ നടക്കും. പതിനാല് വയസുകാരിയായ മകൾ ദേവികാ ബിജുവിനൊപ്പം റോഡ് മുറിച്ചു കടക്കുന്നതിനിടെ തിരുനക്കര ബസ് സ്റ്റാൻഡിൽ മിനിയെ സ്വകാര്യ ബസ് ഇടിച്ചു വീഴ്ത്തുകയായിരുന്നു. റോഡിൽ വീണ മിനിയുടെ തലയിലൂടെ ബസ് കയറിയിറങ്ങി. തല്ക്ഷണം മിനിയുടെ മരണം സംഭവിക്കുകയും ചെയ്തിരുന്നു.
തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെ തിരുനക്കര ബസ് സ്റ്റാൻഡിനു മുന്നിലായിരുന്നു അപകടം. തോട്ടയ്ക്കാട് നിന്നും എത്തി ബസിറങ്ങിയ ശേഷം റോഡ് മുറിച്ച് കടക്കുകയായിരുന്നു മിനിയും, മകൾ ദേവികയും. പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം തിങ്കളാഴ്ച വൈകുന്നേരത്തോടെ ബന്ധുക്കൾക്ക് വിട്ടു നൽകി.മിനിയുടെ ഭർത്താവ് ബിജു വെൽഡിംഗ് തൊഴിലാളിയാണ്.
ഇതിനിടെ നഗരത്തിൽ അമിത വേഗത്തിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. ഇന്നലെ മാത്രം ഏതാണ്ട് അറുപത് ബസുകൾക്കെതിരെ വകുപ്പ് നടപടിയെടുത്തിട്ടുണ്ട്.