അവകാശികളില്ലാതെ ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത് 461 കോടി രൂപ: തിരുവല്ല തകർത്തു; തൊട്ടടുത്ത് കോട്ടയവും; രാജ്യത്ത് ഏറ്റവും കൂടുതൽ തുക അവകാശികളില്ലാതെ ബാങ്കിൽ കിടക്കുന്നത് തിരുവല്ലയിൽ

അവകാശികളില്ലാതെ ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത് 461 കോടി രൂപ: തിരുവല്ല തകർത്തു; തൊട്ടടുത്ത് കോട്ടയവും; രാജ്യത്ത് ഏറ്റവും കൂടുതൽ തുക അവകാശികളില്ലാതെ ബാങ്കിൽ കിടക്കുന്നത് തിരുവല്ലയിൽ

തേർഡ് ഐ ബ്യൂറോ

കോട്ടയം: കേരളത്തിന്റെ വിദേശ തലസ്ഥാനമാണ് അക്ഷരാർത്ഥത്തിൽ തിരുവല്ല. ഏറ്റവും കൂടുതൽ വീടുകൾ നിർമ്മിച്ചിട്ടുണ്ടെങ്കിൽ, ഈ വീടുകൾ ആളില്ലാതെ കിടക്കുന്നത് തിരുവല്ലയിൽ ആകുമെന്ന് ഉറപ്പാണ്. വിദേശത്ത് ജോലിയ്ക്കു പോയവരും, പഠനത്തിനു പോയവരും അടക്കം ആ നാട്ടിലെ 80 ശതമാനത്തോളം വീടുകളിലും ഒരാളെങ്കിലും വിദേശത്ത് ജോലി ചെയ്യുന്നവരാണ്. ഇതിനിടെയാണ് റിസർവ് ബാങ്കിന്റെ പുതിയ കണക്കുകൾ പുറത്തു വന്നിരിക്കുന്നത്.

റിസർവ് ബാങ്ക് പുറത്ത് വിട്ട റിപ്പോർട്ട് അനുസരിച്ച് ബാങ്കുകളിലെ അവകാശികളില്ലാത്ത പണത്തിന്റെ കാര്യത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനം തിരുവല്ലയ്ക്കാണ്. 461 കോടി രൂപയാണ് തിരുവല്ലയിലെ വിവിധ ബാങ്കുകളിൽ അനാഥമായി കിടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടികൾ നിക്ഷേപിച്ച ശേഷം മരണപ്പെട്ടവരുടെയും, അവകാശികളെ അറിയിച്ചിട്ടും പണം പിൻവലിക്കാൻ വരാത്തവരുടെയും പണം ഈ ഗണത്തിൽ ഉൾപ്പെടുന്നുണ്ട്. ഇത്തരത്തിൽ രാജ്യത്തെ വിവിധ ബാങ്കുകളിൽ കിടക്കുന്ന രൂപയുടെ മൂല്യം ആർ.ബി.ഐ പുറത്തു വിട്ടപ്പോഴാണ് തിരുവല്ല ഒന്നാം സ്ഥാനത്ത് എത്തിയത്. 150 കോടി രൂപയുമായി ഗോവയിലെ പനാജി രണ്ടാം സ്ഥാനത്ത് നിൽക്കുമ്പോൾ മൂന്നാം സ്ഥാനത്ത് കോട്ടയവും നാലാംസ്ഥാനത്ത് പാലക്കാട് ചിറ്റൂരുമാണ്.

കോട്ടയത്ത് 111 കോടിയും ചിറ്റൂരിൽ 98 കോടി രൂപക്കും അവകാശികളില്ല. ആദ്യം പത്ത് സ്ഥാനങ്ങളിൽ കേരളത്തിലെ മറ്റുസ്ഥലങ്ങളായ കൊയിലാണ്ടിയും തൃശ്ശൂരും ഉണ്ട്. 77 കോടി രൂപയാണ് കൊയിലാണ്ടിയിൽ നിന്ന് അവകാശികളില്ലാത്ത പണമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

കേരളത്തിന്റെ യൂറോപ്പ് എന്ന് അറിയപ്പെടുന്ന തിരുവല്ലയിലാണ് ഏറ്റവും കൂടുതൽ പ്രവാസികൾ താമസിക്കുന്നത്. അവകാശികളില്ലാത്ത നിക്ഷേപത്തിൽ 95 ശതമാനവും എൻ.ആർ.ഐ നിക്ഷേപമാണ്. ഇന്ത്യയിൽ ഏറ്റവുമധികം ബാങ്കുകളും ബ്രാഞ്ചുകൾ ഉള്ള സ്ഥലമാണ് തിരുവല്ല താലൂക്ക്. ഇന്റർനാഷണൽ ബാങ്ക് മുതൽ ചെറുതും വലുതുമായ അൻപതിലധികം ബാങ്കുകളും 500 ബ്രാഞ്ചുകളും ആണ് തിരുവല്ല താലൂക്കിൽ നിലകൊള്ളുന്നത്. ഇന്ത്യയിലെ മറ്റൊരു സ്ഥലത്തും ഇത്രയും ബാങ്ക് ബ്രാഞ്ചുകൾ ഇല്ല.