
യുക്രൈനിലെ ജനങ്ങള്‍ മരിക്കണമെന്ന് റഷ്യ ആഗ്രഹിക്കുന്നു; അര്‍ത്ഥവത്തായ സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാകണം; ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ മൂന്നാംലോക മഹായുദ്ധം; മുന്നറിയിപ്പുമായി സെലന്‍സ്‌കി
സ്വന്തം ലേഖിക
കീവ്: ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ മൂന്നാം ലോക മഹായുദ്ധത്തിലേക്ക് പോകുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‌കി.
യുക്രൈനിലെ ജനങ്ങള്‍ മരിക്കണമെന്ന് റഷ്യ ആഗ്രഹിക്കുന്നുവെന്ന് സെലന്‍സ്‌കി കുറ്റപ്പെടുത്തി. അര്‍ത്ഥവത്തായ സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് സെലന്‍സ്‌കി റഷ്യയോട് ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധിനിവേശത്തിന്റെ ഇരുപത്തിയഞ്ചാം ദിവസം, യുക്രൈനില്‍ ആക്രമണം കൂടുതല്‍ കടുപ്പിച്ചിരിക്കുകയാണ് റഷ്യ. യുക്രൈനിലെ തുറമുഖ നഗരമായ മരിയുപോള്‍ കീഴടക്കാനാണ് റഷ്യന്‍ സൈന്യത്തിന്റെ ശ്രമം.
മരിയുപോളിന്റെ തെരുവുകളില്‍ റഷ്യന്‍ സേന വ്യാപക വെടിവയ്പ്പ് നടത്തുന്നതിനാല്‍ ഇവിടങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനാകുന്നില്ലെന്ന് മേയര്‍ വാദിം ബോയ്‌ചെങ്കോ അറിയിച്ചു. മിക്കോളാവില്‍ ഇന്നലെ ശക്തമായ വ്യോമാക്രമണം നടന്നു.
യുക്രൈനില്‍ ഇതുവരെ ആറ് മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്ന് സ്വിസ് ഗ്രൂപ്പ് അറിയിച്ചു. മാനുഷിക ഇടനാഴിയിലൂടെ 6623 പേരെയാണ് ശനിയാഴ്ച ഒഴിപ്പിക്കാനായത്. അതേസമയം യുക്രൈനില്‍ നിന്ന് പലായനം ചെയ്തവരുടെ എണ്ണം 35 ലക്ഷത്തോടടുക്കുന്നു.
ഇതിനിടെ യുദ്ധവും ഉപരോധവും കാരണം രാജ്യംവിട്ട കമ്പനികള്‍ മേയ് ഒന്നിനകം തിരിച്ചെത്തിയില്ലെങ്കില്‍ റഷ്യ 10 വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തും. യുദ്ധം കഴിയുമ്പോള്‍ മടങ്ങിയെത്താമെന്ന പ്രതീക്ഷയിലാണ് അഞ്ഞൂറോളം കമ്പനികള്‍ പൂട്ടി രാജ്യം വിട്ടത്.
അതേസമയം റഷ്യക്കെതിരായ ഉപരോധങ്ങള്‍ ഓസ്‌ട്രേലിയ ശക്തമാക്കി. റഷ്യയിലേക്ക് അലൂമിനിയവും അയിരുകളും കയറ്റുമതി ചെയ്യേണ്ടെന്നാണ് ഓസ്‌ട്രേലിയയുടെ തീരുമാനം. റഷ്യയെ സഹായിക്കരുതെന്ന് ചൈനയോടും റഷ്യന്‍ സസന്നരുടെ പണം മരവിപ്പിക്കണമെന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാങ്കുകളോടും യുക്രൈന്‍ ആവശ്യപ്പെട്ടു.