
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഐഎം സംസ്ഥാന സമിതിയില്‍ ഉയർന്ന കടുത്ത അമർഷത്തിന് വഴങ്ങി പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് റിപ്പോർട്ടില്‍ മൂന്ന് പ്രധാന തിരുത്തലുകള്‍ വരുത്തി.
തളിപ്പറമ്പിലെ സ്ഥാനാർത്ഥിത്വത്തില്‍ സംഭവിച്ച പിഴവ് പരസ്യമായി ഏറ്റുപറഞ്ഞും, സ്വർണ്ണക്കടത്ത് ആരോപണത്തില്‍ എ. പത്മകുമാറിനെതിരെ അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്തുമാണ് പാർട്ടി റിപ്പോർട്ട് തിരുത്തിയത്. വെള്ളാപ്പള്ളി നടേശനെതിരെയുള്ള ചില വിഷയങ്ങളില്‍ പാർട്ടി കൃത്യമായ പ്രസ്താവന നടത്തേണ്ടതായിരുന്നു എന്ന കാര്യവും തിരുത്തലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തളിപ്പറമ്പ് മണ്ഡലത്തില്‍ പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ സംസ്ഥാന സമിതിയില്‍ കടുത്ത വിമർശനമാണ് ഉയർന്നത്. കാസർകോട് നിന്നുള്ള ഒരു പ്രമുഖ നേതാവാണ് ഈ വിഷയം സമിതിയില്‍ ശക്തമായി ഉന്നയിച്ചത്. തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയിലെ ആകെ 73 അംഗങ്ങളില്‍ 70 പേരും പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തെ ശക്തമായി എതിർത്തവരാണ്. പ്രാദേശികമായി ഇത്രയും വലിയ എതിർപ്പുണ്ടായിട്ടും അവരെ വീണ്ടും സ്ഥാനാർത്ഥിയാക്കിയത് ഞെട്ടിക്കുന്നതാണെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഈ കടുത്ത സമ്മർദ്ദത്തിന് പിന്നാലെയാണ് സ്ഥാനാർത്ഥി നിർണ്ണയത്തില്‍ നേതൃത്വത്തിന് പിഴവ് പറ്റിയെന്ന് റിപ്പോർട്ടില്‍ തിരുത്തി ചേർക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വർണ്ണക്കൊള്ള വിവാദത്തില്‍ പെട്ട എ. പത്മകുമാറിനെതിരെ ഒടുവില്‍ പാർട്ടി അച്ചടക്ക നടപടിയിലേക്ക് നീങ്ങുകയാണ്. ഇതുവരെ പത്മകുമാറിനെ പാർട്ടി പരിപാടികളില്‍ നിന്ന് മാറ്റിനിർത്താൻ മാത്രമായിരുന്നു മുൻ തീരുമാനം. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് റിവ്യു റിപ്പോർട്ടില്‍ ഈ സ്വർണ്ണക്കടത്ത് ആരോപണം
സംസ്ഥാന നേതൃത്വം വളരെ മയപ്പെടുത്തിയാണ് അവതരിപ്പിച്ചിരുന്നത്. എന്നാല്‍, പത്മകുമാറിനെതിരെ വ്യക്തമായ നടപടി പരാമർശിക്കാതെ റിപ്പോർട്ടുമായി മുന്നോട്ട് പോകാനാകില്ലെന്ന് സംസ്ഥാന കമ്മിറ്റി കർശന നിലപാട് സ്വീകരിച്ചു. ഇതോടെയാണ് നടപടി ചർച്ച ചെയ്യാനും അന്തിമ തീരുമാനമെടുക്കാനും പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ സംസ്ഥാന നേതൃത്വം ഔദ്യോഗികമായി ചുമതലപ്പെടുത്തിയത്.
അതിനിടെ, കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ സിപിഐഎം സംസ്ഥാന നേതൃത്വത്തില്‍ മാറ്റം വേണമെന്ന ആവശ്യവുമായി തിരുവനന്തപുരം ജില്ലാ കമ്മിറ്റി രംഗത്തെത്തി. പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ കമ്മിറ്റിയില്‍ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്. പാർട്ടി നേതൃത്വത്തിന് സംഭവിച്ച രാഷ്ട്രീയവും സംഘടനാപരവുമായ വീഴ്ചകള്‍ അക്കമിട്ട് നിരത്തിയായിരുന്നു തിരുവനന്തപുരത്തെ നേതാക്കളുടെ കടന്നാക്രമണം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരിട്ട് പങ്കെടുത്ത യോഗത്തിലായിരുന്നു പാർട്ടി തലപ്പത്തെ ശൈലിക്കെതിരെ നേതാക്കള്‍ പൊട്ടിത്തെറിച്ചത് എന്നത് ശ്രദ്ധേയമാണ്.







