play-sharp-fill
കുമാരനല്ലൂരിലെ വീട്ടിൽ നിന്നും മോഷണം: ഈരാറ്റുപേട്ട സ്വദേശിയ്ക്ക് ഏഴു വർഷം തടവും പിഴയും ശിക്ഷ; കൂട്ടു പ്രതി കുറ്റം സമ്മതിച്ചതോടെ പ്രതി കുടുങ്ങി

കുമാരനല്ലൂരിലെ വീട്ടിൽ നിന്നും മോഷണം: ഈരാറ്റുപേട്ട സ്വദേശിയ്ക്ക് ഏഴു വർഷം തടവും പിഴയും ശിക്ഷ; കൂട്ടു പ്രതി കുറ്റം സമ്മതിച്ചതോടെ പ്രതി കുടുങ്ങി

ക്രൈം ഡെസ്‌ക്
കോട്ടയം: കുമാരനല്ലൂരിൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും ഡിജിറ്റൽ ക്യാമറയും മോഷ്ടിച്ച കേസിൽ ഈരാറ്റുപേട്ട നടയ്ക്കൽ കരിയംതോട്ടം വീട്ടിൽ സാഹിബിന് (ഷിഹാബുദീൻ – 37)ഏഴു വർഷം തടവും 20,000 രൂപ പിഴയും. വിവിധ വകുപ്പുകളിലായി ആറു വർഷം കഠിന തടവും, ഒരു വർഷം സാദാ തടവുമാണ് വിധിച്ചിരിക്കുന്നത്. ശിക്ഷ പ്രത്യേകം പ്രത്യേകമായി അനുഭവിക്കണമെന്നു ഏറ്റുമാനൂർ മജിസ്‌ട്രേറ്റ് സന്തോഷ് ദാസാണ് വിധിച്ചത്. കേസിൽ ഷിഹാബുദീന്റെ കൂട്ട് പ്രതിയായ മുഹമ്മദ് ഫൈസൽ വിസ്താരം കഴിഞ്ഞപ്പോൾ തന്നെ കുറ്റം സമ്മതിച്ചിരുന്നു. തൊണ്ടി മുതൽ ലഭിക്കാതിരുന്ന കേസിൽ, ഈ കുറ്റസമ്മത മൊഴിയും, മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിൽ ഷിഹാബുദീനെതിരെ കോടതി ശിക്ഷവിധിക്കുകയായിരുന്നു.
2012 ലായിരുന്നു കേസിനാസ്പദമായ സംഭവം. കുമാരനല്ലൂരിലെ വീട് കുത്തിത്തുറന്ന് അകത്തു കയറിയ പ്രതികൾ മോഷണം നടത്തിയെന്നായിരുന്നു കേസ്. ഭവന ഭേദനത്തിന് 454, 461 വകുപ്പുകൾ പ്രകാരവും, മോഷണത്തിന് 380 വകുപ്പ് പ്രകാരവുമാണ് ഗാന്ധിനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് പൊലീസ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തു. കോടതിയിൽ കേസിന്റെ വിചാരണ ആരംഭിച്ചപ്പോൾ തന്നെ ഷിഹാബുദീന്റെ കൂട്ട് പ്രതി കുറ്റം സമ്മതിച്ച് ശിക്ഷ ഏറ്റുവാങ്ങി. വാദം പൂർത്തിയാക്കിയ ഷിഹാബുദീനെ കോടതി ശിക്ഷിക്കുകയായിരുന്നു.
454, 380 വകുപ്പുകളിലായി മൂന്നു വർഷം വീതം കഠിന തടവും പതിനായിരം രൂപ വീതം പിഴയുമാണ് ശിക്ഷ. 461 വകുപ്പ് പ്രകാരം ഒരു വർഷമാണ് തടവ്. തൊണ്ടി മുതൽ കണ്ടെടുക്കാത്ത കേസിൽ പ്രതിയ്‌ക്കെതിരെ നിർണ്ണായകമായ തെളിവുകളുടെയും, മൊഴിയുടെയും അടിസ്ഥാനത്തിലാണ് ശിക്ഷവിധിച്ചിരിക്കുന്നത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പി.അനുപമ ഹാജരായി.