
ഷാള്‍ കൊണ്ട് ബാഗ് മറച്ച ശേഷം ബസില്‍ യുവതിയുടെ അതിവിദഗ്ധമായ മോഷണം; പിടി വീണത് ബസിലെ സിസിടിവി ക്യാമറയില്‍ കുടുങ്ങിയതോടെ: പെരുംകള്ളിയെ പിടികൂടാന്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് പൊലീസ്
സ്വന്തം ലേഖിക
തൃശ്ശൂര്‍: സ്വകാര്യ ബസിലെ യാത്രക്കിടെ അതിവിദഗ്ധമായി മോഷണം നടത്തിയ യുവതിക്ക് വിനയായത് ബസിലെ സിസിടിവി.
മോഷണ ദൃശ്യങ്ങള്‍ ബസിനുള്ളിലെ സിസിടിവിയില്‍ പതിഞ്ഞതോടെ പെരുംകള്ളിയെ പൊക്കാന്‍ മോഷണ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് തൃശൂര്‍ സിറ്റി പൊലീസ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശൂര്‍ സിറ്റിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. പഴ്‌സ് നഷ്ടമായ വിവരം വീട്ടിലെത്തിയതോടെ മനസ്സിലാക്കിയ യുവതി പൊലീസില്‍ പരാതി നല്‍കിയതോടെ നടത്തിയ അന്വേഷണത്തിലാണ് ദൃശ്യങ്ങള്‍ ലഭിച്ചത്.
ബസ്സിനുള്ളില്‍ വച്ച് പഴ്സ് നഷ്ടപ്പെട്ട വിവരം യാത്രക്കാരി അറിഞ്ഞിരുന്നില്ല. മോഷണം നടന്നതായി മനസ്സിലായപ്പോള്‍ പൊലീസില്‍ പരാതി നല്‍കി. പഴ്സ് ഉടമയുടെ പിന്നില്‍ നില്‍ക്കുന്ന യുവതി ഷാള്‍ കൊണ്ട് ബാഗ് മറച്ചു. തുടര്‍ന്ന് ബാഗില്‍ നിന്ന് പഴ്സ് മോഷ്ടിച്ചു.
ഈ ദൃശ്യങ്ങളാണ് സിസിടിവി ക്യാമറയില്‍ പതിഞ്ഞത്. പ്രതിയെ കണ്ടെത്താന്‍ ദൃശ്യങ്ങള്‍ പൊലീസ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു.
മോഷണത്തിന്റെ വിഡിയോ പങ്കുവച്ച തൃശൂര്‍ പൊലീസിന്റെ പോസ്റ്റ് വൈറലായതിനെ തുടര്‍ന്നാണ് സംഭവം പുറംലോകമറിഞ്ഞത്. ‘തന്റെ ദേഹത്ത് മോഷ്ടാവ് സ്പര്‍ശിച്ചിട്ടേ ഇല്ല, അതിനാല്‍ മോഷണം നടന്നത് അറിഞ്ഞതുമില്ല. രാവിലെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയി’- ഫേസ്‌ബുക്ക് കമന്റിലൂടെ യുവതി പറഞ്ഞു.
ഇവരെ ഇനിയും കണ്ടു കിട്ടിയിട്ടില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പൊലീസുമായി ബന്ധപ്പെടണമെന്നും നിര്‍ദേശമുണ്ട്.