സ്വന്തം ലേഖകൻ
കോട്ടയം: നാഗമ്പടത്തെ കടയിൽ നിന്നും പട്ടാപ്പകൽ നായ്ക്കുട്ടികളെ മോഷ്ടിച്ച് ബൈക്കിൽ രക്ഷപെട്ട യുവാക്കളെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി.
പാമ്പാടി എസ്.എൻ പുരം പുതുപ്പറമ്പിൽ ക്രിസ്റ്റി ആൻ്റണി (29) , മള്ളുശേരി പുല്ലരിക്കുന്ന് പാറയ്ക്കൽ വീട്ടിൽ റിജിൽ രാജു (27) എന്നിവരെയാണ് ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ റിജോ പി.ജോസഫിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാഗമ്പടത്തെ റൂബി പെറ്റ് ഷോപ്പിൽ നിന്നാണ് പ്രതികൾ , 45 ദിവസം പ്രായമുള്ള ലഫാസാ ഇനത്തിൽപ്പെട്ട നായ്ക്കുട്ടികളെ മോഷ്ടിച്ചത്.
ചൊവ്വാഴ്ച ഉച്ചയോടെ നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിൽ സമീപത്തെ പെറ്റ് ഷോപ്പിൽ ആയിരുന്നു സംഭവങ്ങൾ. പെറ്റ് ഷോപ്പിൽ എത്തിയ പ്രതികൾ നായ്ക്കുട്ടികളുടെ വില തിരക്കി.
തുടർന്ന് പരിശോധനയ്ക്കെന്ന പേരിൽ രണ്ട് നായ്ക്കുട്ടികളെയും കൈകളിൽ എടുക്കുകയായിരുന്നു. പ്രതികളിലൊരാൾ പുറത്തേക്ക് പോയി. ഇയാൾ ബൈക്ക് സ്റ്റാർട്ട് ചെയ്ത് നിർത്തിയ സമയം അകത്തു നിന്ന പ്രതി രണ്ടു പട്ടിക്കുഞ്ഞുങ്ങളെയുമായി പുറത്തേക്കോടി.
കടയുടമ ഓടിയെത്തിയപ്പോഴേക്കും പ്രതികൾ രണ്ടുപേരും ബൈക്കിൽ കയറി രക്ഷപ്പെട്ടിരുന്നു.
തുടർന്ന് കടയുടമ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കടയിൽ എത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്തുകയായിരുന്നു.
പൊലീസ് പിടികൂടാതിരിക്കാൻ നമ്പർ പ്ളേറ്റ് മടക്കി വച്ചാണ് പ്രതികൾ ബൈക്കിലെത്തി മോഷണം നടത്തിയത്. തുടർന്ന് , ഇരുവരെയും വീട്ടിൽ നിന്ന് തന്നെ പിടികൂടി. രണ്ടു പ്രതികളുടെയും വീട്ടിൽ നിന്ന് നായ്ക്കുട്ടികളെയും കണ്ടെത്തി.
ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നിർദേശാനുസരണം, ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. എസ് ഐ അനീഷ് കുമാർ , സി.പി.ഒ സ്റ്റെഫിൻ , സുധീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.