ബസിൽ നിന്നും പഴ്‌സ് മോഷ്ടിച്ചു; എം.ടിഎം കാർഡ് അടിച്ചു മാറ്റി: പണം കവർന്നു: സി.സി.ടി.വി ദൃശ്യം കിട്ടിയിട്ടും പ്രതിയെ തൊടാനാവാതെ പൊലീസ്

ബസിൽ നിന്നും പഴ്‌സ് മോഷ്ടിച്ചു; എം.ടിഎം കാർഡ് അടിച്ചു മാറ്റി: പണം കവർന്നു: സി.സി.ടി.വി ദൃശ്യം കിട്ടിയിട്ടും പ്രതിയെ തൊടാനാവാതെ പൊലീസ്

സ്വന്തം ലേഖകൻ
കോട്ടയം: പ്രതിയെ പിടിച്ചു കൊടുത്താൽ അറസ്റ്റ് ചെയ്യാമെന്ന നിലപാടിലാണ് കോട്ടയം വെസ്റ്റ് പൊലീസ്. ബസിൽ നിന്നും യുവതിയുടെ പഴ്‌സ് മോഷ്ടിച്ച്, ആ പഴ്‌സിനുള്ളിലെ എ.ടി.എം കാർഡ് ഉപയോഗിച്ച് പണം കവർന്ന കേസിൽ, പണം പിൻവലിക്കുന്ന യുവതിയുടെ വ്യക്തമായ സി.സി.ടി.വി ദൃശ്യങ്ങൾ നൽകി രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതിയെപ്പറ്റി ഒരു അന്വേഷണവും നടത്താതെ പൊലീസ്.
ജൂൺ പതിനെട്ടിനു കിട്ടിയ പരാതിയിൽ 12 ദിവസം കഴിഞ്ഞിട്ടും പ്രാഥമിക അന്വേഷണ റിപ്പോർട്ട് പോലും പൊലീസ് തയ്യാറാക്കിയില്ല. പൊലീസ് സ്റ്റേഷനിൽ നിന്നും സാധാരണക്കാരനു ലഭിക്കുന്ന നീതിയുടെ ഏറ്റവും വലിയ ഉദാഹരണമായി മാറിയിരിക്കുകയാണ് വെസ്റ്റ് പൊലീസ് സ്‌റ്റേഷനിൽ നിന്നും തോട്ടയ്ക്കാട് സ്വദേശിയായ അനിലിനും ഭാര്യ ശ്രീവിദ്യയ്ക്കും ലഭിച്ച ഞെട്ടിക്കുന്ന പ്രതികരണം.

നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ശ്രീവിദ്യ പതിവു പോലെ വീട്ടിൽ നിന്നും ജോലി സ്ഥലത്തേയ്ക്കു വരികയായിരുന്നു. സ്ഥിരം യാത്ര ചെയ്യുന്ന സ്വകാര്യ ബസിലായിരുന്നു യാത്രയും. മുന്നിലെ സീറ്റിലിരുന്ന സുഹൃത്തായ സഹ യാത്രികയുടെ കയ്യിൽ സൂക്ഷിക്കാനായി ബാഗും നൽകി.
ഇവരുടെ സമീപത്ത് മറ്റൊരു യാത്രക്കാരിയും ഇരിക്കുന്നുണ്ടായിരുന്നു. എന്നാൽ, ആദ്യം ശ്രീവിദ്യ ഇവരെ ശ്രദ്ധിച്ചില്ല. കഞ്ഞിക്കുഴിയിൽ എത്തിയപ്പോൾ സഹയാത്രിക ബസിൽ നിന്നും ഇറങ്ങിപ്പോയി. ഇതോടെയാണ് ഇവർക്കു സംശയം തോന്നിയത്. സുഹൃത്തിന്റെ കയ്യിൽ നിന്നും ബാഗ് വാങ്ങിയ ശ്രീവിദ്യ പരിശോധിച്ചു.
ഇതോടെയാണ് ബാഗിനുള്ളിലെ പഴ്‌സ്് മോഷണം പോയതായി കണ്ടെത്തിയത്.
ഓട്ടോറിക്ഷയിൽ കഞ്ഞിക്കുഴിയിൽ എത്തി പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. പത്തു മണിയോടെ മൊബൈൽ ഫോണിൽ ചറപറ മെസേജ് വന്നതോടെയാണ് ഇവർ അപകടം മണത്തത്.  പല തവണയായി 34,000 രൂപ ബേക്കർ ജംഗ്ഷനിലെ ഇന്ത്യൻ ബാങ്കിന്റെ എ.ടിഎമ്മിൽ നിന്നു പിൻവലിച്ചതായും കണ്ടെത്തി.
പഴ്‌സില് സൂക്ഷിച്ചിരുന്ന ഡയറിയിൽ എടിഎം പിൻ നമ്പർ രേഖപ്പെടുത്തിയിരുന്നു. ഇത് ഉപയോഗിച്ചാണ് മോഷ്ടാവ് സുഖമായി പണം ചോർത്തിയത്. ഇതോടെ ഇവർ പരാതിയുമായി ആദ്യം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി. ബേക്കർ ജംഗ്ഷനിൽ നിന്നും പണം പിൻവലിച്ചതിനാൽ അ്‌വിടെ പരാതി നൽകണമെന്നായി പൊലീസ്. തുടർന്നു ഇവിടെ എത്തി പരാതി നൽകി. ബാങ്കിൽ നിന്നും ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങൾ സഹിതമായിരുന്നു പരാതി.
എന്നാൽ, കേസിന്റെ എണ്ണം കൂട്ടാതിരിക്കാനുള്ള തന്ത്രപരമായ സമീപനത്തിന്റെ ഭാഗമായി പരാതി ഫയലിൽ സ്വീകരിച്ച പൊലീസ് കേസ് രജിസ്റ്റർ ചെയ്തതുമില്ല. അന്വേഷണം നടത്തിയതുമില്ല. ജില്ലയിലെ പ്രമുഖ രാഷ്ട്രീയ നേതാവിനെക്കൊണ്ടു ശുപാർശ ചെയ്യിച്ച ശേഷം സ്റ്റേഷനിൽ എത്തിയവർക്കാണ് പൊലീസ് തന്നെ നീതി നിഷേധിക്കുന്നത്.