ബിസിനസുകാരനെന്ന വ്യാജേനെ ക്വാര്‍ട്ടേഴ്സുകളിൽ താമസിക്കാനെത്തും; സാഹചര്യങ്ങള്‍ മനസിലാക്കി പൂട്ടിക്കിടക്കുന്ന വീടുകള്‍ കുത്തി തുറന്ന് മോഷണം; തുടർന്ന് കാമുകിയുമൊത്ത് ആഡംബര ജീവിതവും; നിരവധി കേസുകളില്‍ പ്രതിയായ കാസര്‍കോട് സ്വദേശി കണ്ണൂരില്‍ പിടിയിൽ
സ്വന്തം ലേഖിക
കണ്ണൂര്‍: വന്‍ ബിസിനസുകാരനാണെന്ന വ്യാജേനെ വാടകയ്ക്ക് വീടുകളിലും ക്വാര്‍ട്ടേഴ്സുകളിലും താമസിച്ച് കളവ് നടകത്തുന്ന കാസര്‍കോട് സ്വദേശി പിടിയില്‍.
വീടുകള്‍ കുത്തി തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന് ആഡംബര ജീവിതം നയിക്കുന്ന ടി പി അബ്ദുര്‍ റശീദിനെയാണ് (38) കണ്ണൂര്‍ സിറ്റി അസി. പൊലീസ് കമ്മീഷണര്‍ ടി കെ രത്നകുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ചക്കരക്കല്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയില്‍ മാത്രം ഇയാള്‍ നാലു വീടുകളില്‍ കവര്‍ച നടത്തി സ്വര്‍ണവും പണവും കവര്‍ന്നിട്ടുണ്ടെന്നാണ് പരാതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചക്കരക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നാലു വീടുകളില്‍ ഇയാള്‍ പ്രദേശത്ത് താമസിച്ചു കൊണ്ടാണ് മോഷണം നടത്തിയത്. മലപ്പുറം പാണ്ടിക്കാട് വെച്ചാണ് ഇയാള്‍ പിടിയിലാകുന്നത്. നേരത്തെ കടകള്‍ കുത്തി തുറന്നു പണം കവരുകയും വാഹന മോഷണവും നടത്തിയെന്ന ഇരുപതോളം കേസുകളില്‍ പ്രതിയാണ്.
കാസര്‍കോട് മുതല്‍ എറണാകുളം വരെ ഇയാള്‍ കവര്‍ച്ച നടത്തിയിട്ടുണ്ട്. അടുത്ത കാലത്തായി ചക്കരക്കല്ലില്‍ നാലിടങ്ങളിലാണ് ഇയാള്‍ കവര്‍ച നടത്തിയത്. 2021 ല്‍ ചക്കരക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ്, 2022 ജനുവരി മുതല്‍ മാര്‍ച് വരെയുളള കാലയളവില്‍ കണയന്നൂരിലെ ഖദീജ, മുഴപ്പാലയിലെ അജിത്, മായന്‍ മുക്കിലെ അബ്ദുര്‍ റഹ്‌മാന്‍, മുഴപ്പാലയിലെ അജിത് എന്നിവരുടെ വീടുകളില്‍ നിന്നാണ് ഇയാള്‍ സ്വര്‍ണവും പണവും കുത്തി തുറന്നത്.
ഓരോ പ്രദേശത്ത് താമസിച്ച് അവിടുത്തെ സാഹചര്യങ്ങള്‍ മനസിലാക്കി പൂട്ടിക്കിടക്കുന്ന വീടുകള്‍കുത്തി തുറന്ന് മോഷണം നടത്തുകയാണ് ഇയാളുടെ പതിവ്. മോഷണം നടത്തി ലഭിക്കുന്ന പണം കൊണ്ടു കാമുകിയുമൊന്നിച്ചു വിദേശ യാത്രയ്ക്കും മറ്റും പോയി ആര്‍ഭാട ജീവിതം നയിച്ചു വരികയായിരുന്നു റശീദ്. അടുത്ത കാലത്താണ് ഇയാള്‍ സ്വിഫ്റ്റ് കാര്‍ വാങ്ങിയത്. ഓരോ പ്രദേശത്തും ക്വാര്‍ട്ടേഴ്സുകളില്‍ വാടകയ്ക്കു താമസിച്ചു അവിടെ നിന്നുമാണ് ഇയാള്‍ മോഷണം ആസൂത്രണം ചെയ്തത്. ഇതിനു ശേഷം ഇയാള്‍ ഇവിടെ നിന്നും കടന്നു കളയാറാണ് പതിവ്.
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെയാണ് പ്രതി കവര്‍ച നടത്തിയതെന്നതിനാല്‍ അന്വേഷണം പൊലീസിന് ദുഷ്കരമായി മാറി.
ഇതോടെയാണ് പൊലീസ് അന്വേഷണത്തിന് മറ്റു രീതികള്‍ അവലംബിച്ചത്.
ചക്കരക്കല്‍ സിഐ സത്യനാഥന്‍, എസ്‌ഐ രാജീവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ തിരിച്ചറിഞ്ഞതോടെ പൊലീസിന് അന്വേഷണം ശക്തമാക്കുകയായിരുന്നു.
ഇതേ തുടര്‍ന്നാണ് ഇയാള്‍ മലപ്പുറം പാണ്ടിക്കാട് വാടക വീട്ടിലുണ്ടെന്ന് പൊലീസിന് വ്യക്തമായത്. മഫ്തിയിലെത്തിയ ക്രൈം ഡിറ്റാച്മെന്റ് സ്ക്വാഡ് ഉള്‍പെടെയുള്ള സംഘം പ്രതിയെ വളഞ്ഞു പിടിക്കുകയായിരുന്നു. അഡീഷനല്‍ എസ് പി, പിപി സദാനന്ദന്റെ മേല്‍നോട്ടത്തില്‍ അസി. കമ്മീഷണര്‍ ടി കെ രത്ന കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
അന്വേഷണ സംഘത്തില്‍ എഎസ്‌ഐമാരായ രാജീവന്‍, അജയന്‍, ഷാജി, രഞ്ജിത്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സ്നേഹേഷ്, സജിത് പ്രമോദ് എന്നിവരും ഉണ്ടായിരുന്നു. ഇയാള്‍ മോഷണമുതലുകള്‍ വിറ്റ കണ്ണൂര്‍, പയ്യന്നൂര്‍ എന്നിവടങ്ങളിലെ ജ്വല്ലറികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്’.